തിരുവനന്തപുരം: 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ, 2019 ലെ പോലെ തന്നെ യുഡിഎഫ് തൂത്തുവാരി. തൃശൂരിലെ ഷോക്കും, ആലത്തൂരിലെ തോൽവിയും ഒഴിച്ചാൽ. 20 ൽ 18 സീറ്റ്. 2019 ൽ 20 ൽ 19. അന്ന് എൽഡിഎഫിന് കിട്ടിയത് ആലപ്പുഴ മാത്രം. ഇക്കുറി തൃശൂരിൽ സുരേഷ് ഗോപിയിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി ചരിത്രം കുറിച്ചു. ഇടതുമുന്നണിയും ബിജെപിയും സമാസമം: ഒാരോസീറ്റ്. ഈ പശ്ചാത്തലത്തിൽ, സിഎസ്ഡിഎസ്-ലോക്‌നീതി പോസ്റ്റ് പോൾ സർവേയിലെ ചില കണ്ടെത്തലുകൾ പരിശോധിക്കും.

സിഎസ്ഡിഎസ്-ലോക്‌നീതി സർവേയിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് പറയുന്നു. പഠനത്തിൽ ഓരോ 10 പേരും ( 70%) എൻഡിഎ സർക്കാരിന് ഒരാവസരം കൂടി നൽകരുതെന്ന് അഭിപ്രായപ്പെട്ടു.

മലയാളികൾ, പൊതുവെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് യുഡിഎഫും, എൻഡിഎയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായാണ് കണക്കാക്കിയത്. മൂന്നിലൊന്ന് പേർ (35%) രാഹുൽ ഗാന്ധിയെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി താൽപര്യപ്പെട്ടത്. നാലിൽ ഒന്നുപേർ (23%) പേർ മാത്രമാണ് മോദിയെ തുണച്ചത്.

പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതിനെ സർവേയിൽ പങ്കെടുത്ത പകുതിയിലേറെ പേരും എതിർത്തു. അതുരാഷ്ട്രീയ കാരണങ്ങളുടെ പേരിലാണെന്നാണ് അവർ വിശ്വസിക്കുന്നത്.

ഏതു പാർട്ടിക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കുമ്പോൾ നാലിൽ ഒന്ന് പേർ (26%) കേന്ദ്രസർക്കാരിന്റെ പ്രവർത്തനവും, മറ്റൊരു നാലിലൊന്ന് പേർ(24%) സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും പരിഗണിച്ചു. എന്നാൽ, മൂന്നിലൊന്ന് പേർ (32%) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം വിലയിരുത്തിയാണ് ആർക്കു വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്. അതിന്റെ അർഥം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ സാന്നിധ്യമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനെ തിരഞ്ഞെടുപ്പ് ജയത്തിലേക്ക് നയിച്ചത് എന്നാണ്.

വോട്ടിങ് പാറ്റേൺ

വോട്ടിങ് രീതിയിൽ വന്ന ചെറിയ വ്യത്യാസം കാരണമാണ് ബിജെപിയുടെ വോട്ട് വിഹിതം കൂടിയതെന്ന് സർവേയിൽ വിലയിരുത്തി. നായർ വിഭാഗത്തിൽ പെട്ട ഭൂരിപക്ഷം പേരും (45%) ബിജെപി/ എൻഡിഎക്ക് വോട്ട് ചെയ്തു. പരമ്പരാഗതമായി ഇടതുമുന്നണിയെ തുണയ്ക്കാറുള്ള ഈഴവ സമുദായത്തിൽ വലിയൊരു വിഭാഗവും ബിജെപിക്ക് വോട്ട് കുത്തി (32%). എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ അത് സാരമായി ബാധിച്ചു. ഇതാദ്യമായി ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ (5%) ബിജെപിക്ക് പോയി. വോട്ടിങ് പാറ്റേണിലെ ഈ മാറ്റം ഉണ്ടായിട്ടും, യുഡിഎഫ് തങ്ങളുടെ പരമ്പരാഗത മുസ്ലിം, ക്രിസ്ത്യൻ, മറ്റുസമുദായ വോട്ടുവിഹിതം നിലനിർത്തി. അതാണ് 18 സീറ്റിലെ വിജയത്തിലേക്ക് നയിച്ചത്.

2019ൽ 47.3 ശതമാനം വോട്ടുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 44.7 ശതമാനമായി. എൽഡിഎഫിന്റെ വോട്ട് വിഹിതം 34.2 ശതമാനത്തിൽ നിന്ന് 33.79 ശതമാനമായി ആയി കുറഞ്ഞു. ബിജെപി 14.8 ശതമാനത്തിൽ നിന്ന് 19.2 ശതമാനമാക്കി വോട്ട് വിഹിതം ഉയർത്തുകയും ചെയ്തു.