ദിസ്പൂർ: കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തുവന്നതിന് പിന്നാലെ അതിനെ വിമർശിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. 'കാൺഗ്രസ് പ്രകടന പത്രിക മുസ്ലിംലീഗിന്റെ വിചാരധാരകൾ നിറഞ്ഞതെന്നായിരുന്നു മോദിയുടെ വിമർശനം. ഇതിന് പിന്നാലെ ഇപ്പോൾ അസം മുഖ്യമന്ത്രിയും കടുത്ത വിമർശനവുമായി രംഗത്തുവന്നു. അതേസമയം ഇത്തരം വിമർശന പ്രസ്താവനകൾ നിലനിൽക്കേ പത്രികയുടെ വിശദാംശങ്ങൾ സജീവമായി നിലനിർത്താനാണ് കോൺഗ്രസിന്റെ ശ്രമവും.

കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേകാൾ ചേരുന്നത് പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിനെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ച്. അധികാരത്തിലെത്താൻ വേണ്ടി സമൂഹത്തെ വിഭജിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 'ഇത് പ്രീണനത്തിന്റെ രാഷ്ട്രീയമാണ്, ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിലെ തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാക്കിസ്ഥാന് വേണ്ടിയുള്ള പ്രകടന പത്രികയാണെന്ന് തോന്നുന്നു,' -ജോർഹട്ട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാജ്യത്ത് ഹിന്ദുവോ മുസ്ലിമോ ആരുംതന്നെ മുത്തലാഖ് പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ശൈശവ വിവാഹത്തെയോ ബഹുഭാര്യത്വത്തെയോ പിന്തുണക്കുന്നില്ലെന്നും ശർമ പറഞ്ഞു. സംസ്ഥാനത്തെ 14 ലോക്സഭ സീറ്റിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിമന്ത് ബിശ്വ ശർമയെ പോലെയുള്ള ഒരാൾക്ക് കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയുടെ മതേതര സ്വഭാവവും ധാർമികതയും മനസിലാകില്ലെന്നാണ് അസം കോൺഗ്രസ് പ്രതികരിച്ചത്. വർഷങ്ങളായി കോൺഗ്രസിലായിരുന്നെങ്കിലും പാർട്ടിയുടെ പ്രധാന തത്വം മനസിലാക്കാൻ ശർമക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അദ്ദേഹം ബിജെപിയിലേക്ക് പോയതെന്ന് അസം കോൺഗ്രസ് വക്താവ് ബേദബ്രത ബോറ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രകടനപത്രികയിൽ പൊതുജനാഭിപ്രായം തേടി രാഹുൽ ഗാന്ധി രംഗത്തുവന്നു. കോൺഗ്രസിന്റെ പ്രകടന പത്രിക ഒരോ ഇന്ത്യക്കാരന്റെയും ശബ്ദമാണെന്ന് രാഹുൽ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പ്രതിഫലിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ്, പൊതു ജനാഭിപ്രായം തേടാനുള്ള രാഹുലിന്റെ നീക്കം. കോൺഗ്രസ് വാഗ്ദാനങ്ങളോടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളുിലൂടെയോ ഇമെയിൽ വഴിയോ കോൺഗ്രസിനെ അറിയിക്കണമെന്നാണ് രാഹുൽ പറയുന്നത്. വലിയൊരു വിഭാഗം പത്രികയെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും രാഹുൽ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയും കൂട്ടരും ന്യൂനപക്ഷ ക്ഷേമത്തിനായി കോൺഗ്രസ് മുൻപോട്ട് വയ്ക്കുന്ന പദ്ധതികളെ വിമർശിക്കുന്നത് വഴി ബിജെപിയുടെ തനിനിറം പുറത്തായെന്നാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായമാകുന്ന സംസ്ഥാനങ്ങളിൽ പത്രിക പ്രകാശനം നടത്തുന്നതിനെ കുറിച്ചും കോൺഗ്രസ് ആലോചിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ കോൺഗ്രസ് പത്രികക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വിമർശനമുന്നയിച്ചു.

പധാനമന്ത്രിക്ക് പിന്നാലെ ബിജെപി നേതാക്കൾ ഓരോരുത്തരായി കോൺഗ്രസ് പ്രകടനപത്രികക്കെതിരെ വിമർശനം ശക്തമാക്കുമ്പോൾ പൊതുജനാഭിപ്രായം തേടി നിർദ്ദേശങ്ങൾ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ നീക്കം. നേരത്തെ മുസ്ലിംലീഗിന്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുന്നുവെന്ന പരിഹാസത്തോടെ രാഹുൽ അഖിലേഷ് കൂട്ടുകെട്ടിനെതിരെയും മോദി ഒളിയമ്പെയ്തു. നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിൽ ചേർക്കുന്ന മോദിയുടെ ഭരണത്തിൽ ജനങ്ങൾ കടുത്ത നിരാശയിലാണെന്ന് സോണിയ ഗാന്ധി തിരിച്ചടിച്ചു.

സ്വാതന്ത്ര്യസമര കാലത്തെ മുസ്ലിംലീഗിന്റെ ആശയങ്ങൾക്ക് സമാനമാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്നാണ് മോദിയുടെ വിമർശനം. മുസ്ലിംലീഗിന്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് മോദി ആരോപിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിന്റെ നിലപാടുകളെന്നും മോദി പറഞ്ഞു.രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു.

ഹിജാബ് വിവാദം അടക്കമുള്ള വിഷയങ്ങൾ പരോക്ഷമായി സൂചിപ്പിച്ച് വസ്ത്രം, ആഹാരം, വ്യക്തിനിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ പൗരന്മാർക്കുമുള്ള സ്വാതന്ത്യം ന്യൂനപക്ഷങ്ങൾക്കും ഉറപ്പ് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രിയിൽ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി യുപിയിൽ കോൺഗ്രസും, സമാജ് വാദി പാർട്ടിയും ഒന്നിച്ച് മത്സരിക്കുന്നതിനെയും മോദി പരിഹസിച്ചു. ചെക്കന്മാരുടെ പൊട്ടിയ പടം വീണ്ടും റിലീസാകുന്നുവെന്ന പരിഹാസത്തിലൂടെ 2017ൽ സഖ്യം ഫലം കാണാതെപോയത് മോദി ഓർമ്മപ്പെടുത്തി.

അതേസമയം,ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോദിക്കെതിരെ ശക്തമായി പോരാടുമെന്ന് ജയ്പൂരിൽ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ സോണിയ ഗാന്ധി പറഞ്ഞു. ഭരണഘടന അട്ടിമറിക്കാൻ പോലും ഗൂഢാലോചന നടക്കുകയാണെന്നും സോണിയ വിമർശിച്ചു.

ഹിസേദാരി ന്യായ്, കിസാൻ ന്യായ്, യുവ ന്യായ്, നാരീ ന്യായ്, ശ്രമിക് ന്യായ് എന്ന് അഞ്ച് നീതി (പാഞ്ച് ന്യായ്) നടപ്പാക്കാനുള്ള 25 ഉറപ്പുകൾ (പച്ചീസ് ഗാരന്റി) ഉൾക്കൊള്ളിച്ചാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. രാജ്യത്ത് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്ന് പ്രകടനപത്രിക ഉറപ്പുനൽകുന്നു. ബിജെപിയിൽ ചേർന്ന് നിയമ നടപടികളിൽനിന്ന് രക്ഷപ്പെട്ടവർക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുമെന്ന ഉറപ്പും പ്രകടന പത്രികയിലുണ്ട്.