തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ദേശീയ നേതാക്കൾ പ്രചരണത്തിന് എത്തി തുടങ്ങി. ബിജെപിക്ക് വേണ്ടി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡാനാവിസാണ് പ്രചരണത്തിനായി എത്തിയത്. കേരളത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ബിജെപി സീറ്റുനേടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ഇന്ത്യ ഏറെ മുന്നേറി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. ദേശീയതലത്തിൽ കോൺഗ്രസിനും ഇടത് പാർട്ടികൾക്ക് ഒരേ അജണ്ടയാണ്. അവർ തമ്മിൽ ഒരു വ്യത്യാസവുമില്ല. അഴിമതിയും അടിച്ചമർത്തലുമാണ് അവരുടെ അജണ്ട. ഇത് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. വിദ്യാസമ്പന്നരാണ് കേരളീയർ. എൽ.ഡി.എഫും യു.ഡി.എഫും വോട്ട് ബാങ്കിനായി ദേശവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നു. അവരുമായി സഖ്യമുണ്ടാക്കുന്നു. കേരളം വികസനത്തിൽ വളരെ പിന്നിലേക്ക് പോവുകയാണ്.

ഇതെല്ലാം കേരളീയർക്ക് അറിയാം. അതിനാൽ തന്നെ കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വരും മോദിക്കൊപ്പം അണിനിരക്കും. രാജ്യത്ത് ഭരണാനുകൂല വികാരമാണ് ഉള്ളത്. ഭരണ വിരുദ്ധ വികാരം എങ്ങും കാണാനില്ല. കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞു. ഇത്തവണ കേരളത്തിൽ ബിജെപിക്ക് വോട്ട് കൂടുമെന്നും സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

20 കോടി ജനങ്ങൾക്ക് വീട്, 50 കോടി പേർക്ക് കുടിവെള്ളം തുടങ്ങിയവ നൽകി. പദ്ധതികൾ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ജനങ്ങൾ സംതൃപ്തരാണ്. അതിനാൽ തന്നെ ഭരണവിരുദ്ധ വികാരമില്ല. വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തിന് അനുയോജ്യനായ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.

90 കളിൽ ആദ്യമായി ടെക്നോ പാർക്കുകൾ തുടങ്ങിയ സ്ഥലമാണ് തിരുവനന്തപുരം. അതിനുശേഷം തുടങ്ങിയ പല സ്ഥലങ്ങളും ഇന്ന് ടെക്നോളജി ഹബ്ബുകളായി മാറി. എന്നാൽ തിരുവനന്തപുരം ഇന്നും വളരെപുറകിലാണ്. മന്ത്രി എന്ന നിലയിൽ മികച്ച പദ്ധതികൾ കൊണ്ടുവന്നിട്ടുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.