ബംഗളൂരു: കർണാടകയിൽ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് ആധികാരിക വിജയം നേടിയതിനു പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ. ഈ വിജയം പാർട്ടി പ്രവർത്തകർക്കും എല്ലാ നേതാക്കൾക്കും നൽകുന്നുവെന്ന് ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മുമ്പ് ബിജെപി ജയിലിൽ അടച്ച കാര്യം അടക്കം പറഞ്ഞു കൊണ്ടാണ് ഡി കെ വികാരാധീനനായത്.

'ബിജെപിക്കാർ എന്നെ ജയിലിലിട്ടപ്പോൾ സോണിയാ ഗാന്ധി കാണാൻ വന്നത് മറക്കാനാകില്ല. അന്ന് അവർക്ക് നൽകിയ വാക്കാണ് കർണാടകയിൽ വിജയം നൽകുമെന്നത്. അത് പാലിക്കാനായി. ജനങ്ങൾക്ക് തങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാനായി. നേതാക്കളും പിന്തുണച്ചു. ഈ വിജയം പാർട്ടി പ്രവർത്തകർക്കും എല്ലാ നേതാക്കൾക്കും നൽകുന്നു -ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

കർണാടകയിൽ കോൺഗ്രസ് 135 സീറ്റുകളിലും ബിജെപി 64 സീറ്റുകളിലും ജെ.ഡി.എസ് 21 സീറ്റുകളിലുമാണ് ആധിപത്യം പുലർത്തുന്നത്. കനകപുരയിൽ ഡി കെ ശിവകുമാർ വൻ വിജയമാണ് നേടിയതും. ശരിക്കും കന്നഡ രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാറായി മാറുകയാണ് ഡി കെ ശിവകുമാർ. കോൺഗ്രസിന്റെ എക്കാലത്തെയും ട്രബിൾ ഷൂട്ടറായിരുന്നു അദ്ദേഹം. കർണാടകയിൽ കോൺ്ഗ്രസിനെ തിരികെ വിജയത്തിലേക്ക് എത്തിച്ചതിലും ഡികെയുടെ തന്ത്രങ്ങളാണ് വിജയം കണ്ടത്.

2019 ൽ കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ ചാക്കിട്ട് ബിജെപി സർക്കാരുണ്ടാക്കിയപ്പോൾ സർക്കാരിനെ രക്ഷിക്കാൻ സകല അടവും പയറ്റി പക്ഷേ ഫലിച്ചില്ല. എന്നാൽ ആ ദിവസം മുതൽ ഡി.കെ 2023 ന്റെ പദ്ധതിയിലായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ തുടക്കം മുതൽ എഡ്ജ് ഉണ്ടാക്കി കൊടുത്തത് ഡികെയുടെ തന്ത്രങ്ങളായിരുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പായാണ് കർണാടക തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കർണാടക തിരഞ്ഞെടുപ്പിലെ ഫലം കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണായകമാണ്. കർണാടകയിൽ ഭരണത്തിലേറി ദേശീയ രാഷ്ട്രീയത്തിൽ പുതു ചരിതം തീർക്കാനാണ് കോൺഗ്രസിന്റെ ശ്രമമെങ്കിൽ ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനം കൈവിട്ടു പോകാതിരിക്കാൻ ആവനാഴിയിലെ സകല അസ്ത്രങ്ങളുമാണ് ബിജെപിയും പ്രയോഗിച്ചത്.

കർണാടക കൈവിട്ടാൽ ബിജെപിക്ക് പിന്നെ ദക്ഷിണേന്ത്യയിൽ അഡ്രസുണ്ടാവില്ലെന്നതാണ് വെല്ലുവിളി. തീപാറും പോരാട്ടമാണ് നടന്നത്. ചരിത്രത്തിലെ തന്നെ ഉയർന്ന വോട്ടിങ് നിലയാണ് ഇക്കുറി രേഖപ്പെടുത്തിയതും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ കോൺഗ്രസിന്റെ അട്ടിമറി വിജയത്തിനായി കരുക്കൾ ചലിപ്പിക്കേണ്ട ദിശയിൽ ചലിപ്പിച്ചത് കർണാടക പിസിസി അധ്യക്ഷനായ ഡി.കെ ശിവകുമാർ ആണെന്നതിൽ സംശയമില്ല. കർണാടകയിൽ കോൺഗ്രസിന്റെ അത്താണി ആയിരുന്നു ഡി.കെ.

തന്നിലേൽപ്പിച്ച ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിറവേറ്റിയെന്നതിൽ കോൺഗ്രസിനും തർക്കമില്ല. കർണാടകയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോൺഗ്രസിന്റെ ജനകീയ നേതാവായി കളംനിറഞ്ഞു നിന്നപ്പോൾ തന്റെ പണിപ്പുരയിൽ ഡികെ ശിവകുമാർ കൂട്ടിയും കിഴിച്ചും തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. മുന്നിലുള്ള എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത്, ചെയ്യേണ്ടത് ചെയ്യേണ്ട പോലെ, കാണേണ്ടത് കാണേണ്ട പോലെ കണ്ട് അദ്ദേഹം കർണാടക കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറായി മാറി. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ പോലും പലപ്പോഴും രഹസ്യമായി അഭിപ്രായപ്പെട്ടപ്പോഴും 130ന് മുകളിൽ സീറ്റുകൾ പാർട്ടിക്ക് ലഭിച്ചിരിക്കുമെന്ന് യാതൊരു ആത്മവിശ്വാസക്കുറവുമില്ലാതെ ശിവകുമാർ ആവർത്തിക്കുകയായിരുന്നു.

തനിക്കെതിരേ കല്ലെറിഞ്ഞവരെക്കൊണ്ടുപോലും ജയ് വിളിപ്പിക്കുന്ന ഡി.കെ. ശിവകുമാറിന്റെ മിടുക്ക് തിരഞ്ഞെടുപ്പിൽ ഗുണംചെയ്യുമെന്ന കോൺഗ്രസിന്റെ വിശ്വാസം തരിമ്പുപോലും തെറ്റിയില്ല. നിലപാടുകൾകൊണ്ട് ഇടപെടലുകൾ കൊണ്ട് തന്ത്രങ്ങൾ കൊണ്ട് കർണാടക രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള നേതാവായി ഡികെ മാറി. കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ എന്നാണ് അദ്ദേഹം അറിയപ്പെട്ടതുപോലും. ഡി.കെ.യിൽ കോൺഗ്രസ് പൂർണമായും വിശ്വാസമർപ്പിച്ചിരുന്നു. വിജയത്തിനായി പ്രചാരണവും പണവും ആവോളം ചെലവഴിച്ചിരുന്നു കോൺഗ്രസ്. മാണ്ഡ്യയിൽ പ്രചരണത്തിനിടെ പണം വാരിയെറിയുന്ന ഡികെയുടെ വീഡിയോ പുറത്തുവന്നത് നിയമനടപടിയിലേക്ക് നീങ്ങിയിട്ടും അതിനേയും മിടുക്ക് കൊണ്ട് മറികടക്കുകയായിരുന്നു ഡി.കെ.

ഫലം വരാനിരിക്കേ എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്നത് തടയാനും ശിവകുമാർ കരുക്കൾ നീക്കി. ജയമുറപ്പിച്ചാൽ എംഎൽഎമാരോട് ബെംഗളൂരുവിലെത്താനായിരുന്നു നിർദ്ദേശം. ഇവരെ റിസോർട്ടിലേക്ക് നീക്കുമെന്നാണ് സൂചന. ഇതിനായി ബെംഗളൂരുവിലേയും ഹൈദരബാദിലേയും റിസോർട്ടുകളെ മുൻപേതന്നെ ബന്ധപ്പെടുകപോലും ചെയ്തു. എല്ലാ മണ്ഡലങ്ങളിലേയും കോൺഗ്രസ് സ്ഥാനാർത്ഥികളെ അദ്ദേഹം നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. 2019ൽ സഖ്യസർക്കാരിന്റെ വിശ്വാസവോട്ടിന് മുമ്പും ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, ജെ.ഡി.എസ്. എംഎ‍ൽഎ.മാരെ യെശ്വന്തപുരയിലെ താജ് വിവാന്തയിലേക്കും പ്രസ്റ്റീജ് ഗോൾഫ്‌ഷൈറിലേക്കും മാറ്റിയിരുന്നു.

ഈ തിരഞ്ഞെടുപ്പിൽ നിർണായകമായിരുന്നു വൊക്കലിഗ സമുദായത്തിന്റെ വോട്ടുകൾ. 14 ശതമാനമാണ് കർണാടകത്തിൽ വൊക്കലിഗയുടെ അംഗബലം. 60 ഓളം മണ്ഡലങ്ങളിൽ വൊക്കലിഗ വോട്ട് നിർണായകമാണ്. ലിംഗായത്ത് കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും പ്രബലവിഭാഗമാണവർ. സ്വാതന്ത്ര്യത്തിന് ശേഷം ഒരു പ്രധാനമന്ത്രിയും ഏഴ് മുഖ്യമന്ത്രിമാരും ഉണ്ടായ സമുദായമാണിത്. ഓൾഡ് മൈസൂരു മേഖലയാണ് വൊക്കലിഗ ശക്തികേന്ദ്രം. രാമനഗര, മാണ്ഡ്യ, മൈസൂരു, ചാരരാജ്നഗർ, കുടക്, കോലാർ, തുമകുരു, ഹാസൻ ജില്ലകളിലാണ് സമുദായവോട്ട് നിർണായകമാവുക. 58 മണ്ഡലങ്ങളാണ് ഈ ജില്ലകളിലുള്ളത്.

ജെഡി-എസും കോൺഗ്രസുമാണു മേഖലയിലെ പ്രമുഖ രാഷ്ട്രീയകക്ഷികൾ. വൊക്കലിഗ പരമ്പരാഗതമായി ജെഡിഎസ്സിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് വിപരീതമായി ബിജെപി ശക്തമായി വൊക്കലിഗ കോട്ടയിൽ പ്രചാരണത്തിനുണ്ടായിരുന്നു. എന്നാൽ പ്രചാരണത്തിനിടെയിണ്ടായ നാക്കുപിഴകളും വസ്തുതാപരമായ തെറ്റുകളും ബിജെപിയെ തിരിച്ചടിച്ചു. കോൺഗ്രസിനുള്ള സാധ്യത ഇതിലൂടെ ഇരട്ടിയായി മാറുകയും ചെയ്തു. ടിപ്പു സുൽത്താനെ വധിച്ചത് ധീരന്മാരായ ഉറിഗൗഡ-നഞ്ചേഗൗഡ എന്ന വൊക്കലിഗ സമുദായക്കാരാണെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ ചരിത്രപരമായ യാതൊരു തെളിവും ഇതിനുണ്ടായിരുന്നില്ല. വൊക്കലിഗ നേതാക്കളായ കുമാരസ്വാമിയും ഡികെ ശിവകുമാറും ഇതിനെതിരെ രംഗത്ത് വന്നു. ഇതോടെ ബിജെപി ശരിക്കും പ്രതിരോധത്തിലായി. വൊക്കലിഗ പുരോഹിതൻ ഈ വിഷയത്തിൽ ബിജെപിക്ക് ഉപദേശവും നൽകി. അത് പാർട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി.

അമുൽ-കെഎംഎഫ് വിഷയത്തിലെ നിലപാടും ബിജെപിയെ തിരിച്ചടിച്ചു. അമുൽ ബെംഗളൂരുവിലേക്ക് വരുന്നതിനെ ബിജെപി നേതാക്കൾ ന്യായീകരിക്കുകയും ചെയ്തു. പ്രാദേശിക ഭരണകൂടങ്ങളെല്ലാം ക്ഷീര മേഖലയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജനവികാരം എതിരാവാൻ ഇത് കാരണമായി. വൊക്കലിഗ മുഖ്യമന്ത്രി എന്ന കാർഡ് കൂടിയാണ് ഡികെ ഇത്തവണ ഇറക്കിയത്. ഞാൻ വൊക്കലിഗ സമുദായാംഗമാണ്. 20 വർഷങ്ങൾക്കുശേഷമാണ് വൊക്കലിഗ സമുദായത്തിൽ നിന്ന് മുഖ്യമന്ത്രിയുണ്ടാകാൻ പോകുന്നത്. സോണിയ ഗാന്ധി തന്നെ പാർട്ടി അധ്യക്ഷനാക്കി. ഇനി നിങ്ങളുടെ ഊഴമാണ്. ഈ അവസരം നഷ്ടമാക്കരുത്' എന്നാണ് ഡികെ ശിവകുമാർ വൊക്കലിഗ സമുദായത്തോട് ആവശ്യപ്പെട്ടത്. ദളിതർ അവരിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. അതുപോലെ വൊക്കലിഗ സമുദായാംഗങ്ങളും ആഗ്രഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.വൊക്കലിഗ സമുദായക്കാരനായ ഡി.കെയുടെ മുഖ്യമന്ത്രി പദം സമുദായത്തെ ആകർഷിക്കുക കൂടി ചെയ്തതോടെ ബിജെപി വിരുദ്ധ വികാരങ്ങളെല്ലാം സമർഥമായി ഉപയോഗിക്കാനും വൊക്കാലിഗയുടെ വോട്ടുകൾ ബിജെപിയിൽ നിന്നും ജെഡിഎസ്സിൽ നിന്ന് വഴിതിരിച്ചുവിടാനും ഡികെയ്ക്ക് സാധിച്ചു.