- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.ഐ.സി.സി വക്താവിന് വേണ്ടി വലയെറിഞ്ഞ് ബിജെപി
കണ്ണൂർ: പാർട്ടിയുടെ അവസ്ഥ മനസ്സിലാക്കാതെ സീറ്റ് ലഭിച്ചില്ലെന്ന് പരിഭവം പറഞ്ഞ ഷമ മുഹമ്മദിന് സുധാകരൻ നൽകിയ മറുപടി കനത്ത പഹരമായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർത്ഥി ലിസ്റ്റിൽ മതിയായ വനിതാപ്രാതിനിധ്യമില്ലെന്ന തുറന്ന വിമർശനവുമായി പരസ്യമായി രംഗത്തെത്തിയ എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നുമായിരുന്നു സുധാകരന്റെ മറപടി. ഇതോടെ നിരാശയായ ഷമ മറുകണ്ടം ചാടുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. സൈബറിടങ്ങളിൽ ഇത്തരം ചർച്ചലൾ നടക്കുന്നുണ്ട്. തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപി അണിയറ നീക്കം തുടങ്ങി. ബിജെപി ജില്ലാ നേതൃത്വമാണ് ഷമാ മുഹമ്മദുമായി പ്രാരംഭചർച്ചകൾ നടത്താൻ തീരുമാനിച്ചത്.
ദേശീയ തലത്തിൽ തന്നെ നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത വിമർശകയായ ഷമാ മുഹമ്മദിനെ പാർട്ടിയിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. പത്മജാ വേണുഗോപാലിന് ശേഷം പാർട്ടി നേതൃത്വത്തിലെ ഒരു പ്രമുഖ വനിതയെ കൂടി പാർട്ടിയിലേക്ക് കൊണ്ടു വരുന്നതിന് ദേശീയ, സംസ്ഥാന നേതൃത്വങ്ങളും പച്ചക്കൊടികാട്ടിയിട്ടുണ്ട്. എ.പി അബ്ദുള്ളക്കുട്ടി, സി.രഘുനാഥ് എന്നിവരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് ചരടുവലിച്ചതും അണിയറ നീക്കങ്ങൾ നടത്തിയതും ബിജെപി കണ്ണൂർ ജില്ലാ നേതൃത്വമായിരുന്നു.
കണ്ണൂരല്ലെങ്കിൽ വടകരയെന്ന മത്സര പ്രതീക്ഷയുമായി കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ഷമാ മുഹമ്മദ് ഡൽഹിയിൽ നിന്നും തട്ടകം മാറ്റി കണ്ണൂർ ജില്ലാകോൺഗ്രസ് കമ്മിറ്റിയുമായി സഹകരിച്ചുവരികയായിരുന്നു. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളും വ്യക്തിപരമായി ഇവർ നടത്തുന്നുണ്ട്. എന്നാൽ ഷമയെ പലവേദികളിലും ഇകഴ്‌ത്തികാണിക്കാനും മഹിളാകോൺഗ്രസിന്റെയോ പോഷക സംഘടനകളുടെയോ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കാനാണ് പാർട്ടിയിലെ സുധാകര വിഭാഗം ശ്രമിച്ചതെന്നാണ് ആക്ഷേപം.
അതേസമയം ദേശീയ വക്താവായിരുന്നിട്ട് കൂടി പാർട്ടിയിലെ സാഹചര്യങ്ങൾ വായിച്ചെടുക്കാൻ കഴിയാത്ത ഷമക്ക് എന്ത് രാഷ്ട്രീയ ബുദ്ധിയാണ് ഉള്ളതെന്ന ചോദ്യങ്ങളും കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നു. താൻ മത്സരിക്കില്ലെന്നു നേരത്തെ പ്രഖ്യാപിച്ച കെ.സുധാകരൻ ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും സ്ഥാനാർത്ഥിയായതോടെയാണ് ഷമയടക്കമുള്ള നവാഗത സ്ഥാനാർത്ഥികൾ പടിക്ക് പുറത്തായത്.
വടകരയിൽ തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നു ഷമ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടും ആരും ഗൗനിച്ചിലെന്നതാണ് വസ്തതു. പാലക്കാട്ടു നിന്നും എംഎൽഎയായ ഷാഫിയെ കൊണ്ടു വന്നു നിർത്തുകയായിരുന്നു മത്സരം. വടകരയിൽ ഷാഫിക്ക് ശക്തമായ മത്സരം കാഴ്‌ച്ചവെക്കാൻ സാധിക്കുമെന്നാണ് കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ വിലയിരുത്തൽ. മുസ്ലിം ലീഗിന് താൽപര്യമില്ലാത്ത സ്ഥാനാർത്ഥിയാണെന്ന വാദമായിരുന്നു ഷമയെ കണ്ണൂർ, വടകര മണ്ഡലങ്ങളിൽ നിന്നും ഒഴിവാക്കാൻ പാർട്ടിയിലെ ചില നേതാക്കൾ പറഞ്ഞു പരത്തിയിരുന്നത്.
ഇതോടെ എ. ഐ.സി.സിയുടെ ഗുഡ്ലിസ്റ്റിൽ നിന്നും വക്താവായ ഡോ. ഷമാ മുഹമ്മദ് പുറത്തായി. കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കണ്ണൂർ ഡി.സി.സി ഓഫീസിനു മുൻപിൽ കെ.സുധാകരന് ഒരുക്കിയ സ്വീകരണത്തിന് മുൻപായി മാധ്യമപ്രവർത്തകരോട് തനിക്കു നേരിട്ടു അവഗണനതുറന്നു പറഞ്ഞ ഷമാമുഹമ്മദ് സ്ത്രീകൾക്കു പാർട്ടി നേതൃത്വം സ്ഥാനാർത്ഥി പട്ടികയിൽ സ്ഥാനം നൽകുന്നില്ലെന്നും തുറന്നടിച്ചു. ഇതിനിടെയാണ് ഷമയുടെ പ്രതികരണവും എത്തിയത്.
ഡോ. ഷമ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ലെന്നും അവർ ഉന്നയിച്ച വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നുമായിരുന്നു കെ സുധാകരന്റെ കടുത്ത പ്രതികരണം. കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വനിതകളെ പരിഗണിച്ചില്ലെന്ന ഷമ മുഹമ്മദിന്റെ വിമർശനത്തിനെതിരെയാണ് സുധാകരൻ രൂക്ഷമായി പ്രതികരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ അഭിപ്രായപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമർശിച്ചു. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് ബിഡജെപി ഷമയെ സമീപിച്ചെന്ന സൂചനകളും പുറത്തുവരുന്നത്. രണ്ടുംകൽപ്പിച്ചു ഡോ.ഷമാമുഹമ്മദ് പോയാൽ അതു കോൺഗ്രസിന് വീണ്ടും ഷോക്ക് ട്രീറ്റുമെന്റായി മാറിയേക്കാം.