- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ ഇ ശ്രീധരന് വലിയ പ്രതീക്ഷകൾ
കൊച്ചി : കേരളത്തിൽ നാലോ അഞ്ചോ ലോക്‌സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് മെട്രോ മാൻ ഇ.ശ്രീധരൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടുമെന്നും ശ്രീധരൻ പറഞ്ഞു. തനിക്ക് 94 വയസ് കഴിഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്കില്ല. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുൻ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു.
എങ്ങനെ പോയാലും നാലോ അഞ്ചോ സീറ്റിൽ ജയിക്കും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം നൂറു ശതമാനം ഉറപ്പാണ്. പത്തനംതിട്ടയിൽ നല്ല സാധ്യതയുണ്ട്. എന്നാൽ അത് തൃശൂരിനോളം വരില്ല. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിൽ നല്ല പ്രതീക്ഷയുണ്ട്. ആറ്റിങ്ങലിൽ മുരളീധരനും ജയിക്കും. ആലപ്പഴയിൽ ശോഭാ സുരേന്ദ്രനും ജയിക്കുമെന്നും ശ്രീധരൻ പറയുന്നു. തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും ഉറപ്പായ വിജയങ്ങളുണ്ടാകുമെന്നാണ് ബിജെപിയുടെ പാലക്കാട്ടെ കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയായ ശ്രീധരന്റെ വിലയിരുത്തൽ.
വയസ്സായതു കൊണ്ട് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. എല്ലാ ഉപദേശവും നൽകും. കെ റെയിൽ ഒരിക്കലും നടക്കില്ല. അത് എന്തുകൊണ്ടാണ് ഇവിടെയുള്ളവർക്ക് മനസ്സിലാകാത്തത് എന്ന് അറിയില്ലെന്നും ശ്രീധരൻ പറഞ്ഞു. കെ റെയിൽ നടപ്പാക്കിയാൽ അതു വലിയൊരു പാരിസ്ഥിതിക ദുരന്തമാകുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ശ്രീധരൻ കൂട്ടിച്ചേർത്തു. പൗരത്വഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും മുസ്ലീങ്ങളെ ബില്ലിൽ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയാണെന്നും ശ്രീധരൻ പറയുന്നു.
'പൗരത്വ ഭേദഗതി മുസ്ലീങ്ങളെ മാത്രം ഒഴിച്ചുനിർത്തി, അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്ന നടപടിയാണ്, ഭരണഘടന പ്രകാരം അത് ശരിയാണോ' എന്നതിനും ശ്രീധരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'ശരിയാണ്, കാരണം സിഎഎ ഒരു വിഭാഗക്കാർക്ക് കൊടുക്കുന്നു എന്നത് ശരി തന്നെയാണ്. പക്ഷേ, എന്തുകൊണ്ടാണെന്ന് നമ്മൾ ആലോചിച്ച് നോക്കണം. അവർ അന്യരാജ്യങ്ങളിൽ നിന്നുവന്ന അവിടുത്തെ ന്യൂനപക്ഷക്കാരാണ്. മുസ്ലിം രാജ്യങ്ങളിൽ നിന്ന് വന്നവരാണ് അധികവും. അവർ ഇവിടെ വരാനുള്ള കാരണം എന്താണ്?? അവർക്ക് അവിടെ നിൽക്കാൻ നിവൃത്തി ഇല്ല. അതാണ് അവർ ഓടി വന്നേ. പത്തും പതിനഞ്ചും കൊല്ലം മുമ്പേ വന്ന ആൾക്കാരാണ്. അവർക്ക് പൗരത്വം കൊടുത്തില്ലെങ്കിൽ പിന്നെ ഏത് രാജ്യമാണ് കൊടുക്കുക. നമുക്ക് മുസ്ലീങ്ങൾക്ക് കൊടുക്കേണ്ട ആവശ്യം എന്താണ്. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഇഷ്ടപ്രകാരം പോയി താമസിക്കുന്ന ആൾക്കാരാണ്. അവർക്ക് സകല സൗകര്യങ്ങളും അവിടെയുണ്ട്. അവരെ ആരും ഓടിക്കുന്നില്ല'- ഇ ശ്രീധരൻ പറഞ്ഞു.പ്രായം കാരണമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നാണ് ഇ ശ്രീധരൻ പറയുന്നത്.
' തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല, അവർ അഭ്യർത്ഥിച്ചാലും മത്സരിക്കാൻ തയ്യാറല്ല. വയസ് 94 ആവാറായി. ഈ സമയത്ത് ജയിച്ചാൽ തന്നെ ജനങ്ങൾക്ക് എന്ത് ഉപകാരം ചെയ്യാൻ സാധിക്കും. അതുകൊണ്ട് അതിനുള്ള ആഗ്രഹമേ ഇല്ല'- ഇ ശ്രീധരൻ വ്യക്തമാക്കി.