തിരുവനന്തപുരം: മണിപ്പൂരിലെ ഈസ്റ്റർ അവധി നിഷേധം കേരളത്തിൽ ചർച്ചയാക്കാൻ കോൺഗ്രസ്. അവധി നിഷേധത്തിനെ സീറോ മലബാർ സഭാ അർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടത്തിൽ തന്നെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഈ വിഷയത്തിൽ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തു വന്നു. ബിജെപിക്ക് അനുകൂലമായി ക്രൈസ്തവ വികാരം ആളിക്കത്തിക്കാൻ ശ്രമമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഈസ്റ്ററിലെ അവധി നിഷേധിക്കൽ കോൺഗ്രസ് സജീവമായി ചർച്ചയാക്കുന്നത്.

ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുർ സർക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് സർക്കാർ ഈ നടപടിയെടുത്തത്. മണിപ്പുരിൽ നൂറുകണക്കിന് പേർ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങൾ കത്തിക്കുകയും മത സ്ഥാപനങ്ങൾ തകർക്കുകയും പതിനായിരങ്ങൾ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങൾക്ക് അരക്ഷിതത്വം നൽകിക്കൊണ്ടാണ് സംഘപരിവാർ സർക്കാർ അവധി ദിനങ്ങൾ ഇല്ലാതാക്കിയത്. കേരളത്തിൽ കല്യാണത്തിന് ഉൾപ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിക്കാൻ പോലും തയാറായിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാർ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുന്നത്. രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി അതിൽ നിന്നും ലാഭം കൊയ്യാൻ ശ്രമിക്കുന്ന വർഗീയവാദികളാണ് സംഘപരിവാറുകാർ. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതിയും അരക്ഷിതത്വവുമുണ്ടാക്കി അവരെ വിഷമാവസ്ഥയിലേക്ക് തള്ളിവിടുന്നതിനെതിരായ ചെറുത്ത് നിൽപാണ് രാജ്യവ്യാപകമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നതെന്നും സതീശൻ പറഞ്ഞു.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ക്രൈസ്തവ വോട്ടുകൾ അതിനിർണ്ണായകമാണ്. പത്തനംതിട്ടയിലും തൃശൂരിലും തിരുവനന്തപുരത്തും ക്രൈസ്തവ വോട്ടുകളിലൂടെ ജയം ഉറപ്പിക്കാനുള്ള തന്ത്രമാണ് ബിജെപി ഒരുക്കുന്നത്. ഇതിനിടെയാണ് മണിപ്പൂരിലെ വിഷയം ചർച്ചയാകുന്നത്. ഈ മൂന്ന് മണ്ഡലത്തിലും ജയിക്കാൻ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം യുഡിഎഫിനും അനിവാര്യതയാണ്. ഇതുകൊണ്ടാണ് ശക്തമായി പ്രതികരിച്ച് കോൺഗ്രസ് രംഗത്ത് വരുന്നത്.

സാമ്പത്തിക വർഷത്തിന്റെ അവസാനദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മണിപ്പൂരിലെ ബിജെപി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 31നാണ് ഈസ്റ്റർ. ശനിയാഴ്ചയും, ഞായറാഴ്ചയും രണ്ട് ദിവസങ്ങളും പ്രവർത്തി ദിവസമായിരിക്കുമെന്നാണ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന് കീഴിലുള്ള സൊസൈറ്റികൾ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നു വന്നു. ഈസ്റ്റർ ക്രിസ്ത്യൻ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. കുരുശിലേറ്റപ്പെട്ട യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കുന്ന ഈസ്റ്റർ ദിനത്തിലെ അവധി പിൻവലിച്ചതിനെതിരെ പ്രതിഷേധവുമായി കുക്കി സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)