- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഎപി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങളും 1994 ലെ കേബിൾ ടെലിവിഷൻ ശൃംഖല ചട്ടത്തിലെ പരസ്യകോഡുകളും ലംഘിച്ചുവെന്ന പേരിലാണ് നടപടി.
' ജയിൽ കേ ജവാബ് മേ ഹം വോട്ട് ദേംഗേ' എന്ന പ്രയോഗത്തോടും, അരവിന്ദ് കെജ്രിവാൾ ജയിലഴിക്ക് പിന്നിൽ നിൽക്കുന്ന ചിത്രം ആൾക്കൂട്ടം കൈയിലേന്തുന്ന ദൃശ്യവുമാണ് നടപടിക്ക് ഇടയാക്കിയത്. പ്രചാരണ ഗാനത്തിലെ ഈ ഭാഗം ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതും, തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങളുടെയും, പ്രോഗ്രാം ആൻഡ് അഡ്വർട്ടൈസിങ് കോഡുകളുടെയും ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി.
'ജയിൽ കേ ജവാബ് മേ ഹം വോട്ട് ദേംഗേ' എന്ന പ്രയോഗം പ്രചാരണഗാനത്തിൽ ആവർത്തിച്ച് വരുന്നതും ചട്ട ലംഘനമാണെന്ന് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജൻസികളെയും പാർട്ടിയെയും പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപി നേരത്തെ പരാതി നൽകിയിരുന്നു. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള 'ജയിൽ കാ ജവാബ് വോട്ട് സേ' (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് പാർട്ടി എംഎൽഎ ദിലീപ് പാണ്ഡെയാണ്. വ്യാഴാഴ്ചയാണ് ഗാനം പുറത്തുവിട്ടത്.
ഭരണകക്ഷിയായ ബിജെപിയെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും പ്രതികൂലമായി ബാധിക്കുന്നതാണ് തങ്ങളുടെ പ്രചാരണ ഗാനം എന്ന ആരോപണം എഎപി തള്ളി. ഗാനത്തിൽ ബിജെപിയുടെ പേര് പരാമർശിക്കുന്നില്ലെന്ന് മുതിർന്ന എഎപി നേതാവും, മന്ത്രിയുമായ അതിഷി പ്രതികരിച്ചു. യഥാർഥ വസ്തുതകളെയും സംഭവങ്ങളെയും ഉൾപ്പെടുത്തിയ വീഡിയോ പെരുമാറ്റ ചട്ടവും ലംഘിക്കുന്നില്ല.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കമ്മീഷന്റെ നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്നും അതിഷി കുറ്റപ്പെടുത്തി. ബിജെപിയുടെ ചട്ടലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം തടസ്സപ്പെടുത്തരുതെന്നും അതിഷി ആവശ്യപ്പെട്ടു.
' ബിജെപി സ്വേച്ഛാധിപത്യം കാട്ടിയാൽ അത് ശരിയാണ്. പക്ഷേ അതിനെ കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ അത് തെറ്റാണ്. ജനാധിപത്യം അപകടത്തിലാണെന്ന് അത് തെളിയിക്കുന്നു. ബിജെപിയുടെ ചട്ടലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം തടസ്സപ്പെടുത്തരുതെന്നും കമ്മീഷനോട് ഞാൻ ആവശ്യപ്പെടുന്നു'- അതിഷി പറഞ്ഞു.