- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്‌റാം രമേശിന്റെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് എതിരായ ആരോപണങ്ങളിൽ തെളിവ് നൽകാൻ കൂടുതൽ സമയം നൽകണമെന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ അഭ്യർത്ഥന തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇന്ന് വൈകുന്നേരം 7 മണിക്കകം തെളിവ് ഹാജരാക്കണമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. വോട്ടെണ്ണലിന് മുന്നോടിയായി അമിത് ഷാ 150 കളക്ടർമാരെയും, ജില്ല മജിസ്‌ട്രേറ്റുമാരെയും ഭീഷണിപ്പെടുത്തിയെന്നാണ് ജയ്‌റാം രമേശ് ആരോപിച്ചത്.
ഇക്കാര്യത്തിൽ, തങ്ങൾക്ക് ജില്ലാ മജിസ്‌ട്രേറ്റുമാരിൽ നിന്നോ മറ്റുദ്യോഗസ്ഥരിൽ നിന്നോ പരാതികൾ കിട്ടിയിട്ടില്ലെന്ന് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാവിന്റെ ആരോപണം ഗൗരവമായ മാനങ്ങൾ ഉള്ളതാണെന്നും വോട്ടെണ്ണൽ പ്രക്രിയയുടെ പവിത്രതയെ ബാധിക്കുന്നതാണെന്നും കമ്മീഷൻ തങ്ങളുടെ പ്രതികരണത്തിൽ വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റുമാർ അത്തരത്തിൽ പരാതി നൽകിയിട്ടില്ലാത്തതിനാലാണ് തെളിവ് ഹാജരാക്കാൻ കൂടുതൽ സമയം അനുവദിക്കാത്തത്.
സമയപരിധിക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ, ജയ്‌റാം രമേശിന് ഇക്കാര്യത്തിൽ കാര്യമായി ഒന്നും പറയാനില്ലെന്ന് വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ശനിയാഴ്ച തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ജയ്‌റാം രമേശ് തന്റെ ആരോപണം എക്‌സിൽ പോസ്റ്റ് ചെയ്തത്. ' ഇതുവരെ 150 പേരോട് സംസാരിച്ചു. ഇത് നഗ്നവും, നിർലജ്ജവുമായ ഭീഷണിപ്പെടുത്തലാണ്. ബിജെപി എത്ര മാത്രം നിരാശരായിക്കുന്നു എന്നതാണ് ഇതുവ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥർ സമ്മർദ്ദത്തിന് കീഴ്പ്പടരുത്. അവർ ഭരണഘടനയെ മുറുകി പിടിക്കണം' പോസ്റ്റിൽ ജയ്‌റാം രമേശ് പറഞ്ഞു.
ദേശീയ പാർട്ടിയുടെ ഉത്തവാദിത്വമുള്ള നേതാവെന്ന നിലയിൽ വോട്ടെണ്ണലിന് തൊട്ടുമുമ്പ് ഇത്തരമൊരും ഗുരുതര പ്രസ്താവന നടത്തിയതിന് തെളിവ് ഹാജരാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.