ന്യൂഡൽഹി: തെരഞ്ഞെടുപ്പു കാലം അടുത്തതോടെ മുമ്പെങ്ങും ഇല്ലാത്ത വിധത്തിലാണ് കേന്ദ്ര അന്വേഷണം ഏജൻസികൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇടപെടലുകൾ നടത്തുന്നത്. സിബിഐയും ഇഡിയും കളത്തിലിറങ്ങി കളിക്കുമ്പോൾ ബിജെപിയിൽ അംഗത്വമെടുത്തു രക്ഷ നേടുകയാണ് നേതാക്കൾ. ഇതോടെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളും ശക്തമാണ്. ബിജെപിയെ പ്രതിപക്ഷ പാർട്ടികൾ വാഷിങ് മെഷീൻ എന്നു പരിഹസിക്കുകയും ചെയ്യുന്നു.

പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടുള്ള അന്വേഷണ ഏജൻസികളുടെ നീക്കം ശക്തമായതോടെ ഇന്ത്യാ സഖ്യം പരാതിയുമായി രംഗത്തുവന്നിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ഇന്ത്യാ സഖ്യത്തിന്റെ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശം കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ നിർദ്ദേശം പുറപ്പെടുവിച്ചേക്കും.

ഇതുസംബന്ധിച്ച കരട് മാർഗനിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കി ക്കൊണ്ടിരിക്കുന്നതായാണ് വിവരം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടപടികളിൽ നിഷ്പക്ഷത ഉറപ്പുവരുത്തണമെന്നും, പ്രവർത്തനങ്ങളെക്കുറിച്ച് കമ്മീഷനെ അറിയിക്കാനും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇന്ത്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തടയാൻ കമ്മീഷൻ ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇന്ത്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചത്.

സിബിഐ തന്നെ 'പീഡിപ്പിക്കുന്നുവെന്നും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ശ്രമങ്ങൾ തടസ്സപ്പെടുത്തുന്നു എന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതിയിരുന്നു. ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം മഹുവയുടെ ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐക്കെതിരെ മഹുവ രംഗത്തെത്തിയത്. കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മഹുവ മൊയ്ത്ര.

അതേസമയം മദ്യനയക്കേസിൽ എ.എ.പി മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം മാർച്ച് 31ന് മെഗാറാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിലെ നേതാക്കലെ അണിനിരത്തി കൊണ്ട് റാലി സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്.

കെജ്രിവാളിന്റെ അറസ്റ്റിൽ ഭരണഘടനയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകൾ രോഷം കൊള്ളുകയാണ്. കെജ്രിവാളിന്റെ മാത്രം കാര്യമല്ല, ഇത് എതിർക്കുന്നവരെ ഒന്നൊന്നായി തുടച്ചുനീക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നും ഗോപാൽ റായ് പറഞ്ഞു.

കേന്ദ്ര അന്വേഷണഏജൻസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷ എംഎൽഎമാരിൽ ചിലരെ വിലക്കെടുക്കുന്നു. അല്ലാത്തവരെ ഭീഷണിപ്പെടുത്തി പാർട്ടിയിൽ ചേർക്കുന്നു. അതിലും വഴങ്ങാത്തവരെ കള്ളക്കേസുകൾചുമത്തി ജയിലിലടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിപ്ലവ സമരങ്ങൾക്ക് വേദിയായ രാംലീല മൈതാനത്തിലാകും റാലിയെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിലെ പ്രധാനനേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവീന്ദർ സിങ് ലവ്‌ലി അറിയിച്ചു. ഇത് രാഷ്ട്രീയ റാലിയല്ല. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള കാഹളമാണ്. ജനാധിപത്യം അപകടത്തിലാണ്. ഞങ്ങളുടെ നേതാവ് രാഹുൽഗാന്ധി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കൊപ്പം തങ്ങൾ ശക്തമായി ഒരുമിച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത് അരവിന്ദ് കെജ് രിവാളിനെ രക്ഷിക്കാനുള്ള റാലിയല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്. പ്രതിപക്ഷത്തിനുനേരെ ഏകപക്ഷീയമായ ആക്രമണം നടക്കുകയാണെന്നും ഡൽഹി മന്ത്രി അതിഷി മർലേന ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ആം ആദ്മി പാർട്ടി നേതാക്കളും ഡൽഹി മന്ത്രിമാരുമായ അതിഷി, ഗോപാൽ റായ്, സൗരഭ് ഭരദ്വാജ്, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി എന്നിവർ പങ്കെടുത്തു.