ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ നിവാദ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി പരാതികളാണ് തിരഞ്ഞെടുപ്പു കമ്മീഷൻ മുമ്പാകെ എത്തിയത്. എന്നിട്ടും വിഷയം കണ്ടില്ലെന്ന് നടിച്ച് പ്രശ്‌നം ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രമം. അതേസമയം പരാതികൾ പ്രവഹിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമ്മർദ്ദം ശക്തമാകാൻ ഇടയാക്കിയിരിക്കയാണ്. മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം വിഷയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചടിക്ക് സാധ്യത ഉള്ളതിനാൽ ഒരു പരിധിക്ക് അപ്പുറം വിഷയം ഉയർത്തണ്ട എന്ന നിലപാടും ഒരു പക്ഷം കോൺഗ്രസ് നേതാക്കൾക്ക് ഉണ്ട്. രാജസ്ഥാനിൽ നടത്തിയ പ്രസംഗം മറ്റു വിഷയങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമായാണ് വിലയിരുത്തുന്നത്. യഥാർഥ വിഷയങ്ങൾ ചർച്ചയാകാതാരിക്കാൻ ബിജെപി മനപ്പൂർവം നടത്തിയ ശ്രമമാണ് ഇതെന്നും വിലയിരുത്തുന്നു. അതുകൊണ്ട് വിഷയത്തിൽ നിന്നും മാറി നടക്കാനാണ് ശ്രമം.

ഹിന്ദി ഹൃദയഭൂമിയിലെ ഹൈന്ദവ വോട്ടുബാങ്ക് ആവർത്തിച്ചുറപ്പിക്കാനും ആദ്യഘട്ടത്തിലെ വോട്ടുശതമാനക്കുറവുണ്ടാക്കിയ ആശങ്ക നേരിടാനുമാണ് വർഗീയ വഴിയിലേക്ക് ബിജെപി കടക്കുന്ത്. വികസനമുദ്രാവാക്യങ്ങളും സർക്കാർ നടപ്പാക്കിയ പദ്ധതികളും രാമക്ഷേത്രം ഉൾപ്പെടെയുള്ള പതിവ് അജൻഡകളും ഉയർത്തിയുള്ള പ്രചാരണം ആദ്യഘട്ടത്തെ കാര്യമായി സ്വാധീനിച്ചില്ലെന്നാണ് വിലയിരുത്തൽ.

വിദ്വേഷപ്രസംഗത്തിന്റെ നിർവചനത്തിൽപ്പെട്ടേക്കാവുന്ന മോദിയുടെ പരാമർശങ്ങൾക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടലുണ്ടാവുമോയെന്ന് വ്യക്തമല്ല. എങ്കിലും തിരഞ്ഞെടുപ്പു കളത്തിൽ വർഗീയതയുടെ മുദ്രാവാക്യമുയരാൻ അതു വഴിയൊരുക്കുന്നു. മോദി നിശ്ചയിക്കുന്ന അജൻഡകളുടെ പിന്നാലെപോകുന്ന പ്രതിപക്ഷത്തിന്റെ പതിവുരീതിയും ബിജെപി.യുടെ പ്രതീക്ഷയിലുണ്ട്.

അപ്രതീക്ഷിതമല്ല ബിജെപി.യുടെയും മോദിയുടെയും കരുനീക്കം. ഒന്നാംഘട്ടം പതിഞ്ഞ താളത്തിലാണെങ്കിൽ രണ്ടാംഘട്ടംമുതൽ രൂക്ഷമായ അജൻഡകൾ പ്രയോഗിക്കാൻ ബിജെപി. അണിയറയിലൊരുങ്ങുന്നതിന്റെ സൂചനകൾ മുൻകൂട്ടി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഉത്തരേന്ത്യൻ രാഷ്ട്രീയഭൂമിയിലേക്ക് കടക്കുന്നതിനൊപ്പം പ്രയോഗിക്കാൻ കരുതിവെച്ച ആയുധങ്ങളിലൊന്നാണ് ഞായറാഴ്ച പടിഞ്ഞാറൻ രാജസ്ഥാനിലെ ആദിവാസിമേഖലകളിൽ മോദി പ്രയോഗിച്ചത്. അതായിരുന്നു ആ വിവാദപ്രസംഗം. ഭരണം നയിക്കുന്ന ഒരു പാർട്ടിയും അതിന്റെ നേതാവും സ്വീകരിക്കേണ്ട സമവായസമീപനം കരുതിക്കൂട്ടി വലിച്ചെറിഞ്ഞ് ധാർഷ്ട്യവും ആക്ഷേപവും വിക്ഷേപിച്ചത് തിരഞ്ഞെടുപ്പിനപ്പുറം ധാർമിക ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ കക്ഷികൾ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കോൺഗ്രസും സിപിഐഎമ്മും തൃണമൂൽ കോൺഗ്രസുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ആവശ്യം. പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പ് റാലികളിൽ നിന്നടക്കം വിലക്കണമെന്ന ആവശ്യവും രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വെച്ചിരുന്നു. പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടപരാതി അയയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് നീക്കം. വിഷം നിറഞ്ഞ ഭാഷയാണ് നരേന്ദ്ര മോദി ഉപയോഗിച്ചതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. മോദിയുടെ രാജസ്ഥാനിലെ വിവാദ പരാമർശം വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് പ്രകാശ് കാരാട്ടും പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ സിപിഐഎം നൽകിയ പരാതി ഡൽഹി പൊലീസ് സ്വീകരിച്ചിരുന്നില്ല. ഡൽഹി മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലാണ് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ പരാതി നൽകാൻ നീക്കം നടത്തിയത്. ഡൽഹി പൊലീസ് കമ്മീഷണർക്ക് ഇമെയിലിൽ പരാതി നൽകി. സംഭവം നടന്നത് രാജസ്ഥാനിലാണ് എന്ന് കാട്ടിയാണ് ഡൽഹി പൊലീസ് പരാതി പരിഗണിക്കാതിരുന്നത്.

രാജസ്ഥാനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാമന്ത്രി വിവാദപരാമർശം നടത്തിയത്. 'അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തിൽ മുസ്ലീങ്ങൾക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹൻ സിങ് സർക്കാർ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം.

'അത് നിങ്ങൾക്ക് സ്വീകാര്യമാണോ? നിങ്ങൾ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാരുകൾക്ക് അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കൈവശമുള്ള സ്വർണം പ്രദർശനവസ്തുവല്ല അത് അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടതാണ്. അവരുടെ മംഗല്യസൂത്രത്തിന്റെ മൂല്യം സ്വർണ്ണത്തിലോ അതിന്റെ വിലയിലോ അല്ല, മറിച്ച് അവരുടെ ജീവിത സ്വപ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് തട്ടിയെടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങൾ പറഞ്ഞിരിക്കുന്നതെന്നും മോദി ചോദിച്ചിരുന്നു.