- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
തിരുവനന്തപുരം: തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും കൂടുകയാണ്. താരപ്രചാരകരെ അടക്കം കളത്തിലിറക്കിയാണ് സ്ഥാനാർത്ഥികൾ രംഗത്തുള്ളത്. ഇതിനിടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മതസംഘടനകൾക്ക് പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ട് പിടിക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂർ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ.
രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമർപ്പിക്കാൻ തരൂരിനായില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. അതേസമയം, ശശി തരൂരിന്റെ ആരോപണം മതജാതി വികാരം ഉണർത്തുവെന്ന ബിജെപി വാദം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തരൂരിന്റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ.ആർ.പത്മകുമാറും എൻഡിഎ തിരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കൺവീനർ വി.വി.രാജേഷുമാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.
കഴിഞ്ഞ ദിവസം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വോട്ടു തേടി നടി ശോഭന എത്തിയിരുന്നു. ശോഭന സ്ഥാനാർത്ഥിക്കൊപ്പം നെയ്യാറ്റിൻകരയിൽ റോഡ്‌ഷോ നടത്തുകയും ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ സിനിമ താരങ്ങളടക്കമുള്ള പ്രമുഖരെ അണിനിരത്തി പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. പ്രചാരണത്തിനായി ഇറക്കുന്നവരുടെ പട്ടികയിൽ മോഹൻലാൽ, ശോഭന, ബോളിവുഡ് താരങ്ങൾ, വിവിധ ഭാഷകളിലെ സംവിധായകർ എന്നിവർ ഉൾപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് ശോഭന സ്ഥാനാർത്ഥിയാകുമെന്നായിരുന്നു നേരത്തേ പറഞ്ഞുകേട്ടിരുന്നത്. നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ ശോഭന സംബന്ധിച്ചത് ഈ വാർത്തകൾക്ക് ബലമേകി. എന്നാൽ ശോഭനക്ക് പകരം രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാർത്ഥിയായത്. അതേസമയം രാജീവ് മണ്ഡലത്തിൽ എത്തിയ ശേഷം വലിയ പ്രചരണ തന്ത്രമാണ് ഒരുക്കിയത്. പ്രചരണ രംഗത്ത് തരൂരിനെയും കടത്തിവെട്ടി മുന്നേറുകയാണ് എൻഡിഎ സ്ഥാനാർത്ഥി.