കോഴിക്കോട്: കോഴിക്കോട്ടെ ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരിം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോ? ഗുരുതര ആരോപണമാണ് മനോരമ ചർച്ചയാക്കുന്നത്. ചിത്രങ്ങൾ സഹിതമാണ് വാർത്ത. കോഴിക്കോട്ടെ ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത കായിക സംവാദത്തിൽ മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ചിത്രീകരിച്ച വിഡിയോ ക്യാമറാമാനെ സംഘാടകർ ഗ്രീന്റൂമിലേക്കു നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി എന്നാണ് ആരോപണം. വീഡിയോ ചിത്രീകരണം തടസ്സപ്പെടുത്താനാണ് ഇതെന്നാണ് ആക്ഷേപം. അരമണിക്കൂറിനു ശേഷമേ പുറത്തേക്കുവിട്ടുള്ളൂ.

'കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്' എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ് നിമിഷങ്ങൾക്കകമാണ് വിഡിയോഗ്രഫറെ സ്ഥാനാർത്ഥിയും സഹപ്രവർത്തകരും അകത്തേക്ക് കൊണ്ടുപോയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രംസഗത്തിലെ പ്രഖ്യാപനങ്ങൾ പുറത്തു വരാതിരിക്കാനും തെളിവുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടാതിരിക്കാനുമാണ് ഇതെന്ന വിലയിരുത്തലാണ് പുറത്തു വരുന്നത്. മന്ത്രിമാരും മറ്റും ചട്ടലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷൻ പ്രസംഗം റിക്കോർഡ് ചെയ്യുന്നത്.

പത്തനംതിട്ടയിലെ കുടുംബശ്രീ പരിപോടിയിൽ തോമസ് ഐസക്കിനെ കമ്മീഷൻ താക്കീത് ചെയ്തിരുന്നു. ഇതിന് കാരണമായത് വീഡിയോ ചിത്രീകരണമായിരുന്നു. ഇതുകൊണ്ടാണ് എളമരം കരുതൽ എടുത്തതെന്ന വാദമാണ് ഉയരുന്നത്. വേദിയിലുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തൊട്ടടുത്തുള്ള ഇടതു സ്ഥാനാർത്ഥി എളമരം കരീമിനു വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടർന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ ഗ്രീന്റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അൽപസമയത്തിനകം വിഡിയോഗ്രഫർ പുറത്തേക്ക് വന്ന് തനിക്കൊപ്പം വന്ന മറ്റൊരാളെ അകത്തേക്കു വിളിച്ചു.

5.53ന് അകത്തേക്കു കൂട്ടിക്കൊണ്ടുപോയ വിഡിയോഗ്രഫറെ പ്രസംഗത്തിനുശേഷം 6.24ന് ആണു പുറത്തേക്കു വിട്ടത്. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനം നടന്നെന്ന സംശയത്തെ തുടർന്നാണു വിഡിയോഗ്രഫറെ കൂട്ടിക്കൊണ്ടുപോയതെന്നും ക്യാമറയിലെ വിഡിയോ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിട്ടതെന്നുമാണു സൂചന. സ്പോർട്സ് ഫ്രറ്റേണിറ്റിയെന്ന പേരിൽ പുതുതായി തുടങ്ങിയ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്.

ക്യാമറാമാനെ വേദിയുടെ ഒരുവശത്തുള്ള ഗ്രീന്റൂമിലേക്ക് കൂട്ടിക്കൊണ്ടു പോവുന്ന ചിത്രവും മനോരമ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ക്യാമറാമാന്റെ ഒപ്പമെത്തിയ വ്യക്തി ഗ്രീന്റൂമിനകത്തേക്ക് കയറുന്നതിനും പടമുണ്ട്. ഏതായാലും ആ പരിപാടി മുഴുവൻ അവർക്ക് ചിത്രീകരിക്കാൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു വന്ന സ്ഥാനാർത്ഥി എളമരം കരീം ക്യാമറാമാനു സമീപത്തു വന്ന് സംസാരിക്കുന്ന ചിത്രവും മനോരമ നൽകിയിട്ടുണ്ട്. മനോരമ വാർത്ത തിരിഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെ എടുക്കുമെന്നാണ് സൂചന.

ഇതിനൊപ്പം വാർത്ത സഹിതം സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികൾ കമ്മീഷന് പരാതിയും നൽകും. അങ്ങനെ വന്നാൽ വിശദ അന്വേഷണം നടത്തേണ്ടി വരും. ഈ പരിപാടി പൂർണ്ണമായും ചിത്രീകരിക്കാൻ കഴിയാത്ത സാഹചര്യം ക്യാമറാമാൻ വിശദീകരിച്ചാൽ അത് സിപിഎം സ്ഥാനാർത്ഥിക്ക് കുരുക്കാകാനും സാധ്യത ഏറെയാണ്.