- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപത് സീറ്റുകൾ എതിരാളികളിൽ നിന്നും പിടിച്ചെടുത്തത് ഏഴു സീറ്റുമായി മത്സരത്തിന് ഇറങ്ങിയ യുഡിഎഫ് 15 സീറ്റിൽ ക്ലോസ് ചെയ്തു; 18ൽ നിന്നും 12ലേക്ക് വീണ് എൽഡിഎഫ്; നാല് സിറ്റിങ് സീറ്റുകളിൽ മൂന്നും പോയ ബിജെപി ഒരെണ്ണം പിടിച്ചെടുത്ത് മാനം കാത്തു; ഒരു പഞ്ചായത്ത് ഭരണം കൂടി യുഡിഎഫിന്; തദ്ദേശത്തിലെ സിപിഎം ആധിപത്യം തകരുമ്പോൾ
തിരുവനന്തപുരം' തദ്ദേശ ഉപതെരിഞ്ഞെടുപ്പിലെ ഫലത്തിൽ ഞെട്ടുന്നത് ഇടതു മുന്നണിയാണ്. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത വിജയം അവർ നേടുന്നു. 9 സീറ്റ് പിടിച്ചെടുത്തും 6 സീറ്റ് നിലനിർത്തിയും തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു വൻ മുന്നേറ്റം. എൽഡിഎഫിൽ നിന്ന് 7 സീറ്റും ബിജെപിയിൽ നിന്നു 2 സീറ്റുമാണു പിടിച്ചെടുത്തത്. ആകെ 29 സീറ്റുകളിലേക്കായിരുന്നു മത്സരം. വലിയ നേട്ടമാണ് കോൺഗ്രസും മുസ്ലിംലീഗും നേടുന്നത്. എറണാകുളത്ത് ഒരു പഞ്ചായത്ത് ഭരണം കൂടി അവർക്ക് കിട്ടുന്നു.
ഉപതിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഭരണം മാറിയത് എറണാകുളം ജില്ലയിലെ കീരംപാറ പഞ്ചായത്തിൽ മാത്രമാണെങ്കിലും മറ്റു 3 ഗ്രാമപ്പഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ബലാബലത്തിലായി. എൽഡിഎഫ് ഭരിക്കുന്ന ആലപ്പുഴ പാണ്ടനാട്, കാർത്തികപ്പിള്ളി പഞ്ചായത്തുകളിൽ എൽഡിഎഫും ബിജെപിയും തുല്യനിലയിലാണ്. എൽഡിഎഫ് ഭരിക്കുന്ന ആലപ്പുഴ മുതുകുളത്ത് എൽഡിഎഫും യുഡിഎഫുമാണ് സീറ്റ് എണ്ണത്തിൽ തുല്യരായത്. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം വടവുകോട് ബ്ലോക്കിൽ യുഡിഎഫ് അവർക്കൊപ്പമെത്തി.
തിരഞ്ഞെടുപ്പിൽ 6 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇരട്ടി നേട്ടവുമായി സീറ്റുകളുടെ എണ്ണം 12 ആക്കിയപ്പോൾ, ഒരു സീറ്റുണ്ടായിരുന്ന മുസ്ലിംലീഗ് 2 സീറ്റ് നേടി. ഒരിടത്തു വിജയിച്ചതു യുഡിഎഫ് സ്വതന്ത്രനാണ്. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തുകണ്ടം വാർഡിൽ ഒറ്റ വിജയത്തോടെ ഒരു പഞ്ചായത്ത് ഭരണം കൂടി യുഡിഎഫിന്റെ കയ്യിലെത്തി. ഇടതു സ്വതന്ത്രയ്‌ക്കെതിരെ അട്ടിമറി വിജയം നേടിയ കോൺഗ്രസിലെ സാന്റി ജോസാണ് എൽഡിഎഫിന്റെ പഞ്ചായത്ത് ഭരണം യുഡിഎഫിനു നൽകിയത്. 13 അംഗ ഭരണസമിതിയിൽ ഇതോടെ യുഡിഎഫ് അംഗങ്ങൾ 7 ആയി.
ഉപതിരഞ്ഞെടുപ്പിന് മുമ്പ് 18 സീറ്റുണ്ടായിരുന്ന എൽഡിഎഫ് 12 ലേക്ക് ഒതുങ്ങി. സിപിഎമ്മിനു 13 സീറ്റ് ഉണ്ടായിരുന്നത് 9 ആയി. 4 സീറ്റ് ഉണ്ടായിരുന്ന ബിജെപിക്കു 3 സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടപ്പോൾ ഒരെണ്ണം അവർ സിപിഎമ്മിൽ നിന്നു പിടിച്ചെടുത്തു. യുഡിഎഫിനു നഷ്ടമായ ഏക സിറ്റിങ് സീറ്റ് കേരള കോൺഗ്രസ് (എം) നേടി. ബിജെപിയുടെ ഒരു സിറ്റിങ് സീറ്റ് സിപിഎമ്മും പിടിച്ചെടുത്തു. സിപിഐയ്ക്കും ഒരു സീറ്റ് നഷ്ടമായി. കേരള കോൺഗ്രസിന് ഒരു സീറ്റിൽ നിന്ന് നേട്ടം രണ്ടാക്കാനും കഴിഞ്ഞു.
ബിജെപി. ഭരിച്ചിരുന്ന പഞ്ചായത്തിലെ പ്രസിഡന്റു സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ച് എൽ.ഡി.എഫ്. സ്വതന്ത്രയായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച വനിതാനേതാവ് തോറ്റു. പാണ്ടനാട് ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡ് വന്മഴി വെസ്റ്റിലാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആശ വി. നായർ, യു.ഡി.എഫിന്റെ ജോസ് വല്ല്യാനൂരിനോട് 40 വോട്ടിനു തോറ്റത്. ആശയുടെ രാജിയോടെയാണ് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. കഴിഞ്ഞ രണ്ടു തവണ ബിജെപി. സ്ഥാനാർത്ഥിയായാണ് ആശ ജയിച്ചത്. രണ്ടാംതവണ ഭൂരിപക്ഷവും കൂടിയിരുന്നു.
ആശയുടെ രാജിയോടെയാണു ജില്ലയിൽ ബിജെപി. ഭരിച്ചിരുന്ന ഏക പഞ്ചായത്തായ പാണ്ടനാട് അവർക്കു നഷ്ടമായത്. നിലവിൽ കോൺഗ്രസ് പിന്തുണയിൽ സിപിഎമ്മാണ് ഭരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിനു ശേഷമുള്ള കക്ഷിനില: സിപിഎം.- 5, ബിജെപി.- 5, കോൺഗ്രസ്- 3. കോൺഗ്രസ് പിന്തുണ പിൻവലിക്കാത്ത പക്ഷം ഇവിടെ ഭരണമാറ്റത്തിനു സാധ്യതയില്ല.
എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നൽകിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറയുന്നു. എൽ.ഡി.എഫിന്റെ ദുർഭരണത്തെ ജനം എത്രത്തോളം വെറുത്തുയെന്നതിന്റെ തെളിവ് കൂടിയാണിത്. തിരുവനന്തപുരം കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ അഞ്ച് പതിറ്റാണ്ടുകാലത്തേയും കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ രണ്ടു പതിറ്റാണ്ടു കാലത്തെയും സിപിഎം ആധിപത്യം തകർത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ മിന്നുന്ന വിജയം സ്വന്തമാക്കിയത്.
ഇടതുസർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സർവകലാശാലകളിലും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലും സിപിഎം നടത്തിയ പിൻവാതിൽ നിയമനങ്ങൾക്കെതിരായ യുവജന രോഷവും ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം അവരുടെ പ്രതിഷേധം രേഖപ്പെടുത്താനായുള്ള അവസരമായി ഉപതെരഞ്ഞെടുപ്പിനെ കണ്ടു. ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടിയ മുഖ്യമന്ത്രിക്കും സർക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരം കൂടിയാണ് യു.ഡി.എഫിന്റെ തകർപ്പൻ വിജയമെന്നും സുധാകരൻ പറഞ്ഞു. എന്നാൽ തിരിഞ്ഞെടുപ്പ് ഫലത്തിൽ വിശകലനങ്ങളും വിലയിരുത്തലുകളും സിപിഎം നടത്തുന്നുമില്ല. ഇത് ആദ്യമായാണ് തദ്ദേശ തിരിഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് ഇത്ര വലിയ തിരിച്ചടി കിട്ടുന്നത്.
തിരുവനന്തപുരം
പഴയ കുന്നുമ്മേൽ പഞ്ചായത്ത് മഞ്ഞപ്പാറ: സിപിഎം സീറ്റ് കോൺഗ്രസ് (എം.ജെ.ഷൈജ) പിടിച്ചെടുത്തു.
കരുംകുളം ഗ്രാമപ്പഞ്ചായത്തിലെ ചെക്കിട്ടവിളാകം: കോൺഗ്രസ് (ഇ.എൽബറി) നിലനിർത്തി.
പത്തനംതിട്ട
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്: കേരള കോൺഗ്രസ് എം (മായ അനിൽകുമാർ) നിലനിർത്തി. എന്നാൽ ഭൂരിപക്ഷം 4470 ൽ നിന്ന് 1785 ആയി.
ന്മപുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷൻ സിപിഎം (അനീഷ്) നിലനിർത്തി.
കൊല്ലം
പേരയം ഗ്രാമപ്പഞ്ചായത്തിലെ പേരയം ബി: കോൺഗ്രസ് (ലത ബിജു) നിലനിർത്തി.
പൂതക്കുളം ഗ്രാമപ്പഞ്ചായത്തിലെ കോട്ടുവൻകോണം: ബിജെപി (എസ്.ഗീത) നിലനിർത്തി.
ആലപ്പുഴ
എഴുപുന്ന ഗ്രാമപ്പഞ്ചായത്തിലെ വാത്തറ: സിപിഎം (കെ.പി.സ്മിനീഷ്) നിലനിർത്തി.
പാണ്ടനാട് ഗ്രാമപ്പഞ്ചായത്തിലെ വന്മഴി വെസ്റ്റ്: പഞ്ചായത്ത് ഭരിച്ച ബിജെപിയുടെ പ്രസിഡന്റ് രാജിവച്ച് എൽഡിഎഫിൽ ചേർന്നു മത്സരിച്ചു, തോറ്റു. കോൺഗ്രസിലെ ജോസ് വല്യാനൂർ 40 വോട്ടിനു ജയിച്ചു.
കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കാർത്തികപ്പള്ളി: സിപിഎം സിറ്റിങ് സീറ്റിൽ ബിജെപിയിലെ ഉല്ലാസ് 77 വോട്ടിനു ജയിച്ചു; സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത്. ഇപ്പോൾ എൽഡിഎഫിനും ബിജെപിക്കും 5 അംഗങ്ങളായി.
മുതുകുളം ഗ്രാമപ്പഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ്: രാജിവച്ച ബിജെപി അംഗം ജി.എസ്.ബൈജു യുഡിഎഫ് സ്വതന്ത്രനായി ജയിച്ചു. സിറ്റിങ് സീറ്റിൽ ബിജെപി മൂന്നാം സ്ഥാനത്ത്. സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഇപ്പോൾ യുഡിഎഫിനും എൽഡിഎഫിനും 6 അംഗങ്ങളുടെ പിന്തുണ.
പാലമേൽ ഗ്രാമപ്പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്: സിപിഐയുടെ സീറ്റ് കോൺഗ്രസ് (ഷീജ ഷാജി) പിടിച്ചെടുത്തു.
ഇടുക്കി
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം ഡിവിഷൻ: എൽഡിഎഫ് സ്വതന്ത്രന്റെ സീറ്റ് കോൺഗ്രസ് (ആൽബർട്ട് ജോസ്) പിടിച്ചെടുത്തു.
കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ പൊന്നെടുത്താൻ: കോൺഗ്രസ് സീറ്റ് കേരള കോൺഗ്രസ് എം (ദിനമണി) പിടിച്ചെടുത്തു.
കരുണാപുരം ഗ്രാമപ്പഞ്ചായത്തിലെ കുഴിക്കണ്ടം: സിപിഎം (പി.ഡി.പ്രദീപ്) നിലനിർത്തി.
ശാന്തൻപാറ ഗ്രാമപ്പഞ്ചായത്തിലെ തൊട്ടിക്കാനം: സിപിഎം (ഇ.കെ.ഷാബു) നിലനിർത്തി.
തൃശൂർ
വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ സെന്റർ: സിപിഎമ്മിൽ നിന്നു കോൺഗ്രസ് (കെ.എം.ഉദയബാലൻ) പിടിച്ചെടുത്തു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം: സിപിഎം (എം.ഇ.ഗോവിന്ദൻ) നിലനിർത്തി.
എറണാകുളം
വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്: സിപിഎം (നിമിഷ ജിനേഷ്) ബിജെപിയിൽനിന്നു പിടിച്ചെടുത്തു.
വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം: കോൺഗ്രസ് (ശ്രീജ അശോകൻ) നിലനിർത്തി. ഭരണകക്ഷിയായ ട്വന്റി 20ക്കും കോൺഗ്രസിനും 5 അംഗങ്ങൾ വീതമായി.
പൂത്തൃക്ക ഗ്രാമപ്പഞ്ചായത്തിലെ കുറിഞ്ഞി: കോൺഗ്രസ് (മോൻസി പോൾ) നിലനിർത്തി.
കീരംപാറ ഗ്രാമപ്പഞ്ചായത്തിലെ മുട്ടത്തുകണ്ടം: കോൺഗ്രസ് (സാന്റി ജോസ്) പിടിച്ചെടുത്തു. എൽഡിഎഫിനു പഞ്ചായത്തു ഭരണം നഷ്ടമാകും.
പാലക്കാട്
കുത്തന്നൂർ ഗ്രാമപ്പഞ്ചായത്തിലെ പാലത്തറ: കോൺഗ്രസ് (ആർ.ശശിധരൻ) നിലനിർത്തി.
പുതൂർ ഗ്രാമപ്പഞ്ചായത്തിലെ കുളപ്പടിക: സിപിഐ (വഞ്ചി കക്കി) നിലനിർത്തി.
മലപ്പുറം
മലപ്പുറം നഗരസഭയിലെ കൈനോട്: സിപിഎം (സി.ഷിജു) നിലനിർത്തി.
കോഴിക്കോട്
മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ ഡിവിഷൻ: സിപിഎം (എം.എം.രവീന്ദ്രൻ) നിലനിർത്തി
തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി: മുസ്‌ലിം ലീഗ് (സി.എ.നൗഷാദ്) നിലനിർത്തി.
മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ മണിയൂർ നോർത്ത്: സിപിഎം (എ. ശശിധരൻ) നിലനിർത്തി
കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ എളേറ്റിൽ: കോൺഗ്രസിന് (റസീന പൂക്കോട്) അട്ടിമറി വിജയം.
വയനാട്
കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ചിത്രമൂല: സിപിഎം സീറ്റ് മുസ്‌ലിം ലീഗ് (റഷീദ് കമ്മിച്ചാൽ) പിടിച്ചെടുത്തു.
മറുനാടന് മലയാളി ബ്യൂറോ