- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോപാൽ മണ്ഡലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രജനീഷ് കിംതയാണ് കോൺഗ്രസ് സ്ഥാനാർത്ഥി; കോൺഗ്രസ് വിമതൻ കാഴ്ച വച്ചത് വൻ പോരാട്ടം; ഹിമാചലിലെ 'അട്ടിമറി' തിരിച്ചറിഞ്ഞ് കോൺഗ്രസ് പുറത്താക്കിയത് 30 പ്രാദേശിക നേതാക്കളെ; ഹിമാചലിൽ ഫലം വരുമ്പോൾ എന്തും സംഭവിക്കാം; ഗുജറാത്തിലും ആകാംഷ; ഉച്ചയോടെ 'ഭരണം ആർക്കെന്ന്' തെളിയും
ഷിംല: ഹിമാചൽ പ്രദേശിൽ എന്തു സംഭവിക്കും? എക്‌സിറ്റ പോളുകൾ പ്രവചിക്കുന്നത് ബിജെപിയുടെ തുടർഭരണമാണ്. എന്നാൽ കോൺഗ്രസിനും സാധ്യതയുണ്ട്. അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ഹിമാചൽ പ്രദേശിൽ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, 30 പ്രാദേശിക നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി കോൺഗ്രസ് ഏവരേയും ഞെട്ടിക്കുകയാണ്. ഷിംല ജില്ലയിൽ ഉൾപ്പെടുന്ന ചോപാൽ നിയമസഭാ മണ്ഡലത്തിലെ 30 നേതാക്കളെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കോൺഗ്രസിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയത്.
ചോപാൽ മണ്ഡലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രജനീഷ് കിംതയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. എന്നാൽ, മുൻ എംഎൽഎയും കോൺഗ്രസ് വിമതനുമായ സുഭാഷ് മംഗലതെയിൽനിന്ന് കടുത്ത പോരാട്ടമാണ് രജനീഷ് നേരിടുന്നത്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായാണ് ചോപാൽ മണ്ഡലത്തിൽ സുഭാഷ് ജനവിധി തേടിയത്. ഇവിടെ അട്ടിമറിയുണ്ടായെന്ന് ഫലം വരും മുമ്പേ സമ്മതിക്കുകയാണ് കോൺഗ്രസ്. ഹിമാചലിനൊപ്പം ഗുജറാത്തിലും ഫലം ഇന്ന് വരും. രാവിലെ പതിനൊന്ന് മണിയോടെ യഥാർത്ഥ മത്സര ചിത്രം തെളിയും.
ഹിമാചലിൽ കോൺഗ്രസ് ശുഭപ്രതീക്ഷയിലാണ്. തൂക്ക് നിയമസഭയുടെ സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഓരോ വിജയവും നിർണ്ണായകമാണ്. ഇതിനിടെയാണ് കൂട്ടപുറത്താക്കൽ. ചോപാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന 30 പ്രാദേശിക നേതാക്കളെ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് പുറത്താക്കിയത്. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് ആറു വർഷത്തേക്കാണ് പുറത്താക്കിയത്.
ധീരേന്ദ്ര സിങ് ചൗഹാൻ, സന്തോഷ് ദോഗ്ര, കുൽദീപ് ഔക്ത, അനീഷ് ധെവാൻ, ദിനേഷ് റാണ, ദിനേഷ് ഗുന്ദ, ബീന പൊട്ടാൻ, റാംലാൽ നെവാലി, ക്രിഷൻ രന്ത, മഹേഷ് ഠാക്കൂർ മാഡി, ബെസന്ത് നെവാലി, ഹിതേന്ദ്ര ചൗഹാൻ, ശ്യാം ശർമ, നാഗ് ചന്ദ് തുല്ലിയൻ, നാഗ് ചന്ദ് ശർമ, സുഖ് റാം നാഗരിക്, അട്ടാർ റാണ, അക്ഷയ് ബ്രാഗ്ത, ഷുർവിർ റാണ, ഹാർദിക് ഭണ്ഡാരി, വീരേന്ദ്ര ധാന്ദ, മൊഹർ സിങ് മേഗ്ത, സുേന്ദർ സിങ് മാന്ദ, ഹേത് റാം കയ്ന്ത്ല, നീരജ് സർകാലി, നരേഷ് ദാസ്ത, ജിതേന്ദർ ശർമ, രോഹിത് രാംത, ബ്രിജ് മോഹൻ ചാകർ, ദിനേഷ് ശർമ പുൽബഹൽ എന്നിവരാണ് പുറത്താക്കപ്പെട്ടത്.
നവംബർ 12ന് നടന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും വ്യാഴാഴ്ച നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ അച്ചടക്ക നടപടി. 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രവചിക്കുന്നു. നേരിയ മുൻതൂക്കമാണ് ബിജെപിക്കുള്ളത്. ഗുജറാത്ത് - ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. 11 മണിയോടെ ആദ്യഫല സൂചനകൾ ലഭ്യമാകും. ഉച്ചയോടെ ഗുജറാത്തിന്റെ മനസ്സ് ആർക്കൊപ്പം എന്നും വ്യക്തമാവും.
ഔദ്യോഗിക ഫലപ്രഖ്യാപനം വോട്ട് എണ്ണൽ തീരുന്ന മുറയ്ക്ക് വൈകീട്ടോടെ ലഭ്യമാകും. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിൽ തുടരുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാൽ അട്ടിമറി വിജയം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഉത്തർപ്രദേശിലെ മെയിൻ പുരി ലോക്സഭാ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലായി ആറ് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.
സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മെയിൻ പുരി സീറ്റിൽ അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് എസ്‌പി സ്ഥാനാർത്ഥിയായി ജനവിധി തേടിയത്. ഉത്തർപ്രദേശിന് പുറമെ ഒഡീഷയിലെ പദംപൂർ, രാജസ്ഥാനിലെ സർദാർ ഷഹർ, ബീഹാറിലെ കുർഹാനി ഛത്തീസ്‌ഗഢിലെ ഭാനുപ്രതാപ് പൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മറുനാടന് മലയാളി ബ്യൂറോ