ന്യൂഡൽഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. ഫലം ഉച്ചയോടെ അറിയാം. ആദ്യ ഫല സൂചനകൾ ഒൻപത് മണിയോടെ ലഭിക്കും. തൽസമയ ഫലവും വിശദ വിശകലനവുമായി മറുനാടനും ഫലം വിശദമായി തന്നെ നൽകും. മറുനാടൻ ടിവിയിലും ഫലങ്ങൾ തൽസമയ ആവേശത്തിൽ അറിയാനാകും.

ഗുജറാത്തിൽ എക്സിറ്റ് പോൾഫലങ്ങൾ വൻഭൂരിപക്ഷം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ബിജെപി. കോൺഗ്രസിന്റെ സീറ്റുകൾ 16-51 എന്ന നിലയിലേക്ക് താഴുമെന്നും പറയുന്നു. ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനം ഭരണകക്ഷിയായ ബിജെപി.യെയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന െമയിൻപുരി ലോക് സഭാമണ്ഡലത്തിലും അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭാമണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും വ്യാഴാഴ്ച അറിയാം.

രണ്ടിടത്തും മെച്ചപ്പെട്ട നിലയിൽ ഭരണം നിലനിർത്താമെന്ന് ബിജെപിയും ഹിമാചൽ തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസും പ്രതീക്ഷവെക്കുമ്പോൾ, ഗുജറാത്ത് നിയമസഭയിൽ ഇതാദ്യമായി അക്കൗണ്ട് തുറക്കാമെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ. യു.പിയിലെ മെയിൻപുരി ലോക്‌സഭ സീറ്റിലേക്കും അഞ്ചു സംസ്ഥാനങ്ങളിലെ ആറു നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലവും നിർണ്ണായകമാണ്. സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ്ങിന്റെ നിര്യാണംമൂലം ഒഴിവുവന്ന മെയിൻപുരി സീറ്റിൽ മകൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് പാർട്ടി സ്ഥാനാർത്ഥി. മുലായമിന്റെ സഹോദരൻ ശിവ്പാൽ യാദവിന്റെ വിശ്വസ്തനായ രഘുരാജ് സിങ് ശാഖ്യയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

ഗുജറാത്തിൽ ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം നടക്കുന്നുണ്ട്. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാൽ ദ്രുതഗതിയിൽ നടപടി സ്വീകരിക്കും. പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാൻ ശ്രമിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. ഗുജറാത്തിൽ 182 സീറ്റുകളാണ് ആകെയുള്ളത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. 182 ഒബ്‌സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിങ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും.

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും.

ഹിമാചൽ പ്രദേശിലും വോട്ടെണ്ണൽ തുടങ്ങി. ഉച്ചയ്ക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. 68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് നേർക്കുനേർ പോരാട്ടം ആണ് നടക്കുന്നത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.