തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. 11 സീറ്റാണ് നിലവിൽ ഉപതിരഞ്ഞെടുപ്പ് നടന്നിടത്ത് ഉണ്ടായിരുന്നത്. അത് 17 ആയി ഉയർന്നു. ആറു സീറ്റുകളുടെ നേട്ടമുണ്ടായി. പല സീറ്റുകൾ കൈയിൽ നിന്ന് പോയെങ്കിലും കൂടതൽ എണ്ണം തിരിച്ചു പിടിച്ചു. ആംആദ്മിയും നേട്ടമുണ്ടാക്കി. ബിജെപിയും പിന്നോക്കം പോയില്ല. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് കണക്കുകളിൽ വലിയ തിരിച്ചടിയാണുണ്ടായത്.

സാധാരണ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി വലിയ നേട്ടമുണ്ടാക്കാറില്ല. എന്നാൽ ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കം കോൺഗ്രസ് നേടുന്നതും കണ്ടു. അപ്പോഴും കണക്കുകളിൽ സമാസമമായിരുന്നു കാര്യങ്ങൾ. ഇത്തവണ അതു മാറുകായണ്. കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം കിട്ടുന്നു. ആറു സീറ്റുകളുടെ ലീഡ്. 33 ഇടത്താണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ പകുതിയിലേറെ കോൺഗ്രസ് മുന്നണി ജയിച്ചു. ഈ 17ന് പുറമേ ബിജെപിയും മറ്റ് പാർട്ടികളും കൂടി നേടിയ സീറ്റുകളും സിപിഎമ്മിന് വലിയ തിരിച്ചടി തിരഞ്ഞെടുപ്പിൽ നൽകുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ് പുരോഗമിക്കുകയാണ്. സംഘടനാ തലത്തിൽ സിപിഎമ്മിനെ ശക്തമാക്കുകായണ് ലക്ഷ്യം. വടക്കൻ ജില്ലകളിൽ ഓളം തീർത്ത് ഈ പ്രചരണ സദസ് നടക്കുമ്പോഴാണ് പിണറായി വിജയന് തിരിച്ചടിയായി ഫലം എത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഇത്രയും വലിയ തിരിച്ചടി സിപിഎമ്മിന് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിട്ടില്ല. താഴെ തട്ടിൽ സിപിഎം പുനർ ചിന്തനങ്ങൾക്ക് വഴിവയ്ക്കുന്നതാകും ഈ തോൽവി. സിപിഎം എല്ലാ അർത്ഥത്തിലും തോൽവിയുടെ കാര്യം പരിശോധിക്കും.

എൽഡിഎഫിന് ആറ് സീറ്റുകൾ നഷ്ടമായപ്പോൾ നാല് സീറ്റുകൾ പിടിച്ചെടുത്തു. ഇതിൽ രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ് പിടിച്ചെടുത്തത്. ബിജെപി രണ്ട് സീറ്റ് നഷ്ടപ്പെടുത്തിയപ്പോൾ ഒരു സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിലങ്ങറ ഇരുപതാം വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ പഞ്ചായത്ത് ഭരണം തുലാസിലായി. 20 വാർഡുകൾ ഉള്ള പഞ്ചായത്ത് ബിജെപി പിന്തുണയോടെ യുഡിഎഫായിരുന്നു ഭരിച്ചിരുന്നത്.

നിലവിൽ എൽഡിഎഫിന് 10 സീറ്റും യുഡിഎഫിന് എട്ട് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായി. യുഡിഎഫിന് ബിജെപി പിന്തുണ ലഭിച്ചാൽ ഇനി നറുക്കെടുപ്പ് വഴി ഭരണം തീരുമാനിക്കേണ്ടി വരും. മലപ്പുറം ഒഴൂർ പഞ്ചായത്തിലും സമാനമാണ് സ്ഥിതി. ഒഴൂർ പഞ്ചായത്ത് 16ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് എൽഡിഎഫ് വാർഡ് പിടിച്ചെടുത്തു. ഇവിടെയും നറുക്കെടുപ്പിനുള്ള സാധ്യതയാണ് തെളിയുന്നത്. ഇവിടേയും യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായി.

അഞ്ച് ബ്ലോക്ക് പഞ്ചായത്തിൽ മൂന്നിടത്ത് കോൺഗ്രസ് ജയിച്ചു. ചെങ്ങന്നൂരിൽ ബിജെപി ബ്ലോക്ക് പഞ്ചായത്ത് നിലനിർത്തി. പാനൂരിൽ സിപിഎം ജയിച്ചു. ജില്ലാ പഞ്ചായത്തിൽ പാലക്കാട്ട് വാണിയംകുളത്ത് സിപിഎം ജയിച്ചു. കോഴിക്കോടും എറണാകുളത്തും യുഡിഎഫ് വലിയ വിജയം നേടി. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ഡിവിഷനുകളും യുഡിഎഫ് പിടിച്ചെടുത്തു. കൂട്ടിക്കലിൽ കോൺഗ്രസിലെ അനു ഷിജുവും ആനിക്കലിൽ കോൺഗ്രസിലെ ഡാനി ജോസ് കുന്നത്തും ആണ് ജയിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലാണ് വിജയം. മലമ്പുഴ ബ്ലോക് പഞ്ചായത്ത് ആറാം ഡിവിഷൻ യുഡിഎഫ് നിലനിർത്തി. പ്രത്യുഷ് കുമാർ വിജയിച്ചു.

ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം നേടാനായി. എസ്ഡിപിഐയുടെ അബ്ദുൾ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗിനാക്കിയതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വർഷം മുമ്പ് എൻഐഎ അറസ്റ്റ് ചെയ്ത അൻസാരിക്കു നഗരസഭ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ മേഖലയിൽ എസ് ഡി പി ഐയ്ക്ക് കരുത്ത് കുറയുന്നില്ലെന്നതിന് തെളിവാണ് ഇത്.

കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം. എഎപി സ്ഥാനാർത്ഥി ബീന കുര്യൻ ആണ് വിജയിച്ചത്. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ആണ് പിടിച്ചെടുത്തത്. 13 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ നിലവിൽ യുഡിഎഫ് 9 എൽഡിഎഫ് രണ്ട് ബിജെപി 1 എഎപി ഒന്ന് എന്ന നിലയാണ്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ തീർത്ഥ അനൂപിന് 2181 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പ്രതിപക്ഷമില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി പാനൂർ തുടരും.

14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിന്റെ 10 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകൾ ഉൾപ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം ജില്ലകൾ തിരിച്ച്

തിരുവനന്തപുരം

അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അർച്ചന 173 വോട്ടുകൾക്കാണ് വിജയിച്ചത്.

കൊല്ലം
-തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് കടത്തൂർ കിഴക്ക് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ എം.മുകേഷ് ആണ് വിജയിച്ചത്.
- പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് മയ്യത്തും കര എസ്ഡിപിഐയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി ഷീബയാണ് വിജയിച്ചത്.

- ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാർത്ഥി ഹരിത അനിൽ ബിജെപിയുടെ രോഹിണിയെ 69 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
- കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് വായനശാല സിപിഎം നിലനിർത്തി. സിപിഎം സ്ഥാനാർത്ഥി ശ്യാം എസ്സ് ആണ് വിജയിച്ചത്.

പത്തനംതിട്ട
- മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയിൽ സിറ്റിങ് സീറ്റിൽ സിപിഎം ഒരു വോട്ടിന് ജയിച്ചു.
സിപിഎമ്മിലെ അശ്വതി പി.നായർക്ക് 201 വോട്ടുകൾ നേടിയപ്പോൾ തൊട്ടുപിന്നിലുള്ള എതിർസ്ഥാനാർത്ഥിക്ക് 200 വോട്ടുകളാണ് ലഭിച്ചത്.
- റാന്നി ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് വാർഡ് ബിജെപിയിൽ നിന്ന് സിപിഎം പിടിച്ചെടുത്തു.

ആലപ്പുഴ
- കായംകുളം നഗരസഭയിലെ ഫാക്ടറി വാർഡിൽ ബിജെപിക്ക് ജയം . ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സന്തോഷ് കണിയാംപറമ്പിൽ സിപിഎമ്മിലെ അബ്ദുൾനാസറിനെ 182 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

- ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡ് തിരുവൻ വണ്ടൂർ ബിജെപി നിലനിർത്തി. ബിജെപിയിലെ സുജന്യ ഗോപിയാണ് വിജയിച്ചത്.

കോട്ടയം
- ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ് വാർഡ് എസ്ഡിപിഐ നിലനിർത്തി. എസ്ഡിപിഐ സ്ഥാനാർത്ഥി അബ്ദുൽ ലത്തീഫാണ് ജയിച്ചത്.

- കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
- കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കൽ കൂട്ടിക്കൾ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
- വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10-ാം വാർഡ് അരീക്കര എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു മാത്യുവാണ് ജയിച്ചത്.

- തലനാട് ഗ്രാമ പഞ്ചായത്തിലെ മേലടുക്കം വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 30 വോട്ടുകൾക്ക് ഇടത് സ്ഥാനാർത്ഥി ഷാജി കുന്നിലാണ് വിജയിച്ചത്.

ഇടുക്കി
- ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ മാവടി വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് ജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്.

- കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാർഡ് നെടിയ കാട് കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ബീന കുര്യൻ ആണ് വിജയിച്ചത്.

എറണാകുളം
- വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ 10-ാം വരിക്കോലിലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്.

- രാമമംഗലം ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് കോരങ്കടവിൽ സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോസ് പി.സ്‌കറിയ ജയിച്ചു. 100 വോട്ടുകൾക്കാണ് ജയം.

തൃശൂർ
- മാള ഗ്രാമ പഞ്ചായത്തിലെ കാവനാട് വാർഡിൽ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ വിജയിച്ചത്. യുഡിഎഫിലെ നിതയാണ് ഇത്തവണ വിജയിച്ചത്.

പാലക്കാട്
- പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-ാം ഡിവിഷൻ വാണിയംകുളം സിപിഎം നിലനിർത്തി. സിപിഎമ്മിലെ അബ്ദുൾ ഖാദറാണ് ജയിച്ചത്.
- ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലാട്ട് റോഡ് വാർഡിൽ ബിജെപി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.
- മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കണ്ണോട് ഡിവിഷനിൽ യുഡിഎഫിന് ജയം.കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. യുഡിഎഫ് സ്ഥാനാർത്ഥി പ്രത്യുഷ്‌കുമാറാണ് വിജയിച്ചത്.
- പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി വാർഡ് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ സിപി മുഹമ്മദ് 142 വോട്ടുകൾക്കാണ് ജയിച്ചത്.

- തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പാടം വാർഡ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ എം.കെ.റഷീദ് തങ്ങൾ 93 വോട്ടുകൾക്ക് ജയിച്ചു.
- വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂർത്തി വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 325 വോട്ടുകൾക്ക് യുഡിഎഫിലെ സതീഷ്‌കുമാറാണ് വിജയിച്ചത്.

മലപ്പുറം
- ഒഴൂർ ഗ്രാമ പഞ്ചായത്തിലെ ഒഴൂർ വാർഡിൽ എൽഡിഎഫ് ജയിച്ചു. ബിജെപിയുടെ സിറ്റീങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇവിടെ ബിജെപി ഇത്തവണ മൂന്നാമതായി.സിപിഎമ്മിലെ കെ.രാധ കോൺഗ്രസിലെ കച്ചേരിതറ സുരയെ 51 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

കോഴിക്കോട്
- വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ വാർഡിൽ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനാണ് ഇവിടെ നിന്ന് ജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അനസ് നങ്ങാണ്ടി 444 വോട്ടുകൾക്ക് ജയിച്ചു.
- വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചല്ലിവയൽ വാർഡ് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ പ്രകാശൻ മാസ്റ്ററാണ് ജയിച്ചത്.
- മടവൂർ ഗ്രാമ പഞ്ചായത്തിലെ പുല്ലാളൂർ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സിറാജ് 234 വോട്ടുകൾക്ക് ജയിച്ചു.
- മാവൂർ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മൽ വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗ് സ്ഥാനാർത്ഥി വളപ്പിൽ റസാഖ് 271 വോട്ടുകൾക്ക് ജയിച്ചു.

വയനാട്
- മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പരിയാരം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ ആലി 83 വോട്ടുകൾക്ക് ജയിച്ചു.

കണ്ണൂർ
- പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10-ാം വാർഡ് ചൊക്ലി സിപിഎം നിലനിർത്തി. സിപിഎമ്മിലെ തീർത്ഥ അനൂപാണ് വിജയിച്ചത്.

കാസർഗോഡ്
- പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ അബ്ദുള്ള സിംഗപ്പൂർ 117 വോട്ടുകൾക്ക് ജയിച്ചു.