- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെയാണ്. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണം മാത്രമാണ്.
ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടിസ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മിക്ക ജില്ലകളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അതീവ സുരക്ഷയാണ് കേരളമാകെ. ആരോപണപ്രത്യാരോപണങ്ങളും ഒന്നിനു പിറകെ എത്തിയ വിവാദങ്ങളും ആവേശം പകർന്ന പ്രചാരണത്തിനാണ് ഇന്നു തിരശീല താഴുന്നത്.
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ നടപടിയെടുക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്.
എല്ലാവാഹനങ്ങളും പരിശോധിക്കും. പുറത്തുനിന്നുള്ള പാർട്ടിപ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും. പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് 3 മുന്നണികളും.
അവസാന ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമാണ് സംസ്ഥാനത്തെ ഒടുവിലത്തെ സജീവ ചർച്ചാ വിഷയം. അഭിപ്രായ സർവേകൾ യുഡിഎഫ് ആധിപത്യം പ്രവചിക്കുന്നു. തൃശൂർ പൂര വിവാദവും ചർച്ചകളിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താൻ രാഷ്ട്രീയപ്പാർട്ടികൾക്കുള്ള അവസാനദിനം ഇന്ന്. നാമനിർദ്ദേശം പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞ് 3 തവണയായി പത്രങ്ങൾ, ടിവി ചാനലുകൾ, പാർട്ടിയുടെ സ്വന്തം വെബ്‌സൈറ്റ് എന്നിവ വഴി ഈ വിവരങ്ങൾ പാർട്ടികൾ പരസ്യപ്പെടുത്തണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം.
സുപ്രീം കോടതി വിധി പ്രകാരം നിലവിൽ വന്നതാണ് ഈ നിർദ്ദേശം. നോ യുവർ കാൻഡിഡേറ്റ് (KYC) എന്ന പേരിലുള്ള മൊബൈൽ ആപ് വഴിയോ കമ്മിഷന്റെ വെബ്‌സൈറ്റിലെ https://affidavit.eci.gov.in എന്ന ലിങ്കിലോ സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലങ്ങൾ പരിശോധിക്കാം.