തിരുവനന്തപുരം: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ കേരളവും പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.67% പോളിങായിരുന്നു രേഖപ്പെടുത്തിയത്. വോട്ടിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ മൂന്ന് പ്രധാന മുന്നണികളും പ്രതീക്ഷയോടെയാണ് മത്സരത്തിന് ഇറങ്ങുന്നത്.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് കേരളത്തിൽ ജനവിധി തേടുന്നത്. പ്രശ്‌നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും സുരക്ഷ ഒരുക്കും. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരിലും വയനാട്ടിലും അതീവ സുരക്ഷയാണ്്്്. ഏകോപനത്തിനും പ്രത്യേക സംവിധാനമുണ്ട്്. നോഡൽ ഓഫീസർ എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാർ, അസി.നോഡൽ ഓഫീസർ ഐ.ജി. ഹർഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തിൽ 20 മേധാവിമാരുടെ കീഴിൽ പൊലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ഡിവിഷനുകളാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും ചുമതല ഡിവൈ.എസ്‌പി. അല്ലെങ്കിൽ എസ്‌പി.മാർക്കാണ്.

ഓരോ പൊലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടുവീതം പട്രോൾടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ദ്രുതകർമസേന എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉണ്ടാകും. ആകെയുള്ള 20 മണ്ഡലങ്ങളിൽ രണ്ടിടത്ത് ശരിക്കും ത്രികോണമത്സരം. കഴിഞ്ഞ തവണ ടി.എൻ പ്രതാപനിലൂടെ യു.ഡി.എഫിനൊപ്പം നിന്ന തൃശൂരും രണ്ട് തവണ തരൂരിനൊപ്പം നിന്ന തിരുവനന്തപുരവും കടുത്ത മത്സരത്തിലാണ്. ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലും ത്രികോണ പ്രചരണ ചൂടുണ്ട്.

കേരളത്തിൽ 2 കോടി 77 ലക്ഷത്തി 49159 പേരാണ് ആകെ വോട്ടർമാർ. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബംഗാൾ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ മൂന്നിടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്.

കേരളത്തിൽ പോളിങ് 80 ശതമാനത്തിന് മേലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം.വമ്പൻ പ്രചാരണത്തിന്റെ ആവേശം പോളിംഗിലുമുണ്ടാകുമെന്നാണ് വിവിധ പാർട്ടികളുടെ പ്രതീക്ഷ. അവസാനമണിക്കൂറിലും തിരക്കിൽ സ്ഥാനാർത്ഥികൾ, വിട്ടുപോയവരെ ഒരിക്കൽ കൂടി കണ്ടും മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചും ആരാധനാലയങ്ങളിൽ പ്രാർത്ഥിച്ചും വോട്ടുറപ്പാക്കൽ തുടർന്നു.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവികാരത്തിൽ വമ്പൻജയം പ്രതീക്ഷിക്കുന്നു യുഡിഎഫ്. പത്തിലേറെ സീറ്റുകളിൽ എതിരാളികൾ പോലും യുഡിഎഫ് ജയം സമ്മതിക്കുന്നുവെന്നാണ് നേതൃത്വം പറയുന്നത്. കടുത്ത മത്സരങ്ങളുള്ള മൂന്നോ നാലോ സീറ്റുകളിലും മുന്നിൽ മുന്നണിയെന്ന് അവകാശവാദം. ബിജെപി വിരുദ്ധവോട്ടുകൾ ഇത്തവണ കോൺഗ്രസിനെക്കാൾ ഇടതിനായി ഏകീകരിക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടൽ.