തിരുവനന്തപുരം: കേരളത്തിൽ ആദ്യ മണിക്കൂറിൽ മികച്ച വോട്ടെടുപ്പ്. 5.62ശതമാനമാണ് പോളിങ്. കേരളത്തിൽ ത്രികോണ മത്സരചൂടുള്ള എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് ആദ്യ മത്സരത്തിൽ. ആറ്റിങ്ങലിലാണ് കൂടുതൽ പോളിങ്. 6.24 ശതമാനാണ് ആറ്റിങ്ങലിലെ പോളിങ്.

സിപിഎമ്മും കോൺഗ്രസും ബിജെപിയും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ്. പതിവ് രീതികൾ കൈവിട്ട് തിരുവനന്തപുരത്തും മികച്ച പോളിംഗാണ് നടക്കുന്നത്. വടകരയിൽ പോളിംഗിൽ മന്ദത കാണുന്നുണ്ട്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കോട്ടയത്തും ആദ്യ മണിക്കൂറിൽ ആറു ശതമാനത്തിന് അധികം പോളിങ് കടന്നു. കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ഇത്തവണയുണ്ടാകുമെന്നാണ് ആദ്യ മണിക്കൂറിലെ ശതമാന കണക്കുകൾ നൽകുന്ന സൂചന.

ആദ്യ മണിക്കൂറിലെ പോളിങ് ശതമാനം ഇങ്ങനെ

സംസ്ഥാനം-5.62

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-5.59
2. ആറ്റിങ്ങൽ -6.24
3. കൊല്ലം -5.59
4. പത്തനംതിട്ട-5.98
5. മാവേലിക്കര -5.92
6. ആലപ്പുഴ -5.96
7. കോട്ടയം -6.01
8. ഇടുക്കി -5.75
9. എറണാകുളം-5.71
10. ചാലക്കുടി -5.97
11. തൃശൂർ-5.64
12. പാലക്കാട് -5.96
13. ആലത്തൂർ -5.59
14. പൊന്നാനി -4.77
15. മലപ്പുറം -5.15
16. കോഴിക്കോട് -5.28
17. വയനാട്- 5.73
18. വടകര -4.88
19. കണ്ണൂർ -5.74
20. കാസർഗോഡ്-5.24

20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് കേരളത്തിൽ ജനവിധി തേടുന്നത്. പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും സുരക്ഷ ഒരുക്കും. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരിലും വയനാട്ടിലും അതീവ സുരക്ഷയാണ്്്്. ഏകോപനത്തിനും പ്രത്യേക സംവിധാനമുണ്ട്്. നോഡൽ ഓഫീസർ എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാർ, അസി.നോഡൽ ഓഫീസർ ഐ.ജി. ഹർഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തിൽ 20 മേധാവിമാരുടെ കീഴിൽ പൊലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ഡിവിഷനുകളാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും ചുമതല ഡിവൈ.എസ്‌പി. അല്ലെങ്കിൽ എസ്‌പി.മാർക്കാണ്.

ഓരോ പൊലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടുവീതം പട്രോൾടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ദ്രുതകർമസേന എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉണ്ടാകും. ആകെയുള്ള 20 മണ്ഡലങ്ങളിൽ രണ്ടിടത്ത് ശരിക്കും ത്രികോണമത്സരം. കഴിഞ്ഞ തവണ ടി.എൻ പ്രതാപനിലൂടെ യു.ഡി.എഫിനൊപ്പം നിന്ന തൃശൂരും രണ്ട് തവണ തരൂരിനൊപ്പം നിന്ന തിരുവനന്തപുരവും കടുത്ത മത്സരത്തിലാണ്. ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലും ത്രികോണ പ്രചരണ ചൂടുണ്ട്.

കേരളത്തിൽ 2 കോടി 77 ലക്ഷത്തി 49159 പേരാണ് ആകെ വോട്ടർമാർ. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളത്തിൽ പോളിങ് 80 ശതമാനത്തിന് മേലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം.