ന്യൂഡൽഹി:ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ എത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന് ഇനി എന്ത് തീരുമാനം എടുക്കുമെന്നത് നിർണ്ണായകം. തീരുമാനം പുനപരിശോധിക്കാൻ സാധ്യതയില്ല. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പും ചർച്ചകളിലാണ്. കേരളത്തിൽ ഏപ്രിൽ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതൽ മുസ്ലിം സംഘടനകൾ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിങ് എജന്റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണ്.

കേരളമുൾപ്പെടെ 22 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജമ്മു-കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഏഴുഘട്ടങ്ങളിലും വോട്ടെടുപ്പുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളിലേക്കും 13 സംസ്ഥാനങ്ങളിലെ 26 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ യുപിയിൽ എല്ലാ ഘട്ടത്തിലും വോട്ടെടുപ്പ് നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണെന്നാണ് പ്രതിപക്ഷ ആരോപണം. മോദിക്ക് എല്ലാ മണ്ഡലത്തിലും എത്താൻ വേണ്ടിയാണിതെന്നാണ് ആക്ഷേപം. ബിജെപിക്ക് ഏറ്റവും നിർണ്ണായകമാണ് യുപിയിലേയും ബീഹാറിലേയും ബംഗാളിലേയും ഫലം.

മുസ്ലിം സമുദായത്തിന്റെ ആവശ്യത്തോട് കമ്മീഷൻ എടുക്കുന്ന നിലപാടും നിർണ്ണായകമാണ്. അനുകൂല തീരുമാനം വന്നാൽ കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറും. അതിനും സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. വോട്ടെടുപ്പ് ഷെഡ്യൂളിൽ കോൺഗ്രസിനു പിന്നാലെ തൃണമൂലും ബിഎസ്‌പിയും എൻസിപിയും എതിർപ്പുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. മൂന്നോ നാലോ ഘട്ടങ്ങളിൽ പൂർത്തിയാക്കണമായിരുന്നു എന്ന് മായാവതി അഭിപ്രായപ്പെട്ടു.

ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത് ശരിയായ നടപടിയല്ലെന്നാണ് ആരോപണം. ദൈർഘ്യമേറിയ വോട്ടെടുപ്പ് ഷെഡ്യൂൾ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ തവണ എട്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ നടപടി ക്രമങ്ങൾ മേയിൽ തീർന്നിരുന്നു. ഇത്തവണ ജൂൺ മാസത്തിലേക്ക് തെരഞ്ഞെടുപ്പ് നീണ്ടുപോകുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രതിപക്ഷ രോപണം.

അഞ്ച് ഘട്ടങ്ങളിലായി എങ്കിലും തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാകുമെന്നും ഏഴു ഘട്ടങ്ങളിലാക്കിയത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെ നീണ്ടുപോകുന്നത് പാർട്ടികൾക്ക് വെല്ലുവിളിയായി മാറും. സുരക്ഷാ സൈനികരുടെ വിന്യാസം ഉൾപ്പെടെ കണക്കിലെടുത്താണ് ഏഴു ഘട്ടങ്ങളിലാക്കിയെതന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. അതുകൊണ്ട് തന്നെ തീരുമാനം മാറ്റാൻ ഇടയില്ല.

ഇതിനൊപ്പമാണ് വെള്ളിയാഴ്ചയിലെ വിവാദം. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ നേരത്തെ ലീ?ഗും സമസ്തയും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ അയച്ചു. ജുമാ നമസ്‌കാരം നടക്കുന്ന വെള്ളിയാഴ്‌ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പ്രയാസം സൃഷ്ടിക്കുമെന്ന് സമസ്ത പറഞ്ഞു.

കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ഇതിനിടെ, ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പാർട്ടികൾ.അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഊർജ്ജിതമാക്കി ബിജെപിയും കോൺഗ്രസും. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരുന്നുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമോയെന്നതിലും പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കുമോയെന്ന കാര്യത്തിലും തീരുമാനമാകും. കേരളത്തിലെയടക്കം അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപിയും തീരുമാനിക്കും.

മണിപ്പുരിൽ സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഒരു മണ്ഡലത്തെ രണ്ടായിത്തിരിച്ച് രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19-നും 26-നുമായിരിക്കും വോട്ടെടുപ്പ്. ഇന്നർ മണിപ്പുരും ഔട്ടർ മണിപ്പുരുമാണ് മണിപ്പുരിലെ മണ്ഡലങ്ങൾ. ഇവയിൽ ഔട്ടർ മണിപ്പുരിനെയാകും വിഭജിക്കുക. മണിപ്പുരിൽ വീടുവിട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക സൗകര്യമൊരുക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.