ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള വികസിത് ഭാരത് വാട്‌സ് ആപ് സന്ദേശം എത്രയും പെട്ടെന്ന് നിർത്തിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് നിർദ്ദേശം നൽകി. നിർത്തിവെച്ചതായുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും കമ്മീഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദി സർക്കാരിന്റെ വികസനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള വാട്‌സ് ആപ് സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികൾ വിലയിരുത്തിയാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണെന്ന് പരസ്യമെന്നും ആരോപണമുയർന്നു. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരിൽ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് കമ്മീഷന് പരാതി നൽകിയിരുന്നു.

മൊബൈൽ നമ്പറുകൾ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈൽ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടി.എം.സി ഐ.ടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്സാപ്പിൽ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു. സന്ദേശത്തിനെതിരെ കോൺഗ്രസും രംഗത്തെത്തി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ വന്നിട്ടും കേന്ദ്രസർക്കാരിന്റെ സംരംഭങ്ങൾ ഉയർത്തിക്കാട്ടുന്ന സന്ദേശങ്ങൾ പൗരന്മാരുടെ ഫോണുകളിൽ ഇപ്പോഴും വിതരണം ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. എന്നാൽ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് സന്ദേശങ്ങൾ അയച്ചതെന്നും, നെറ്റ്‌വർക്ക് പരിമിതികളോ തകരാറുകളോ കാരണം അവയിൽ ചിലത് സ്വീകർത്താക്കൾക്ക് ലഭിക്കാൻ കാലതാമസം നേരിട്ടതാകാമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിൽ സമനില ഉറപ്പാക്കാൻ ഇസിഐ എടുത്ത തീരുമാനങ്ങളുടെ ഭാഗമാണ് ഈ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് ബോഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. മാർച്ച് 16 ന് ഇസിഐ പ്രഖ്യാപനം അനുസരിച്ച്, ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും, ജൂൺ 4 ന് ഫലം പ്രഖ്യാപിക്കും.