- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണിത്തീർക്കുക എന്നത് പ്രായോഗികമല്ല
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദർശിച്ച് ഇന്ത്യ മുന്നണി നേതാക്കൾ ഉന്നയിച്ച ആവശ്യം തള്ളി. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണിത്തീർക്കുക എന്ന ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ഇത് പ്രായോഗികമല്ലെന്ന് കമ്മീഷൻ അറിയിച്ചു. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചു വെക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
അതേസമയം ജൂൺ നാലിന് വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാർഗനിർദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും മുന്നണി നേതാക്കൾ കമ്മിഷനുമായി ചർച്ചചെയ്തു.
തിരഞ്ഞെടുപ്പിന്റെ സമയത്ത് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്ന ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ പ്രതിനിധി സംഘമാണ് ഇതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്വി പറഞ്ഞു. നിരവധി പ്രശ്നങ്ങൾ ഉന്നയിക്കാനായാണ് തങ്ങൾ ഇവിടെ വന്നത്. തപാൽ വോട്ടുകൾ ആദ്യം എണ്ണണമെന്നും അതിന്റെ ഫലം ആദ്യം പ്രസിദ്ധപ്പെടുത്തണമെന്നുമുള്ളതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
'തപാൽ വോട്ടുകളാവണം ആദ്യം പരിഗണിക്കേണ്ടതെന്ന് നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. വോട്ടിങ് മെഷീനിൽ നിന്നുള്ള ഫലം പുറത്തുവരുംമുമ്പ് തപാൽ വോട്ടുകളുടെ ഫലം പ്രസിദ്ധപ്പെടുത്തണം. ഈ നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ അട്ടിമറിച്ചു. അത് നിയമവിരുദ്ധമാണ്. അതിനാൽ, ഭേദഗതി വരുത്താനോ റദ്ദാക്കാനോ സാധിക്കാത്ത ചട്ടം 54 (എ) കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുക. ആദ്യ മണിക്കൂറുകളിൽ തന്നെ ട്രെൻഡ് വ്യക്തമാകും. വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ വിശദമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ ദിവസം എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്. എൻഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും, ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നു. ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോൺഗ്രസിന് ആശ്വസിക്കാമെന്നും സർവേകൾ പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിലും മികച്ച സാന്നിധ്യമായി ബിജെപി മാറാമെന്നും സർവേകൾ പ്രവചിക്കുന്നു.
എൻഡിഎ 353 മുതൽ 368 വരെ സീറ്റുകൾ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതൽ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതൽ 48 വരെ സീറ്റുകൾ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് പ്രവചിക്കുന്നത്. എൻഡിഎ 362 മുതൽ 392 വരെ സീറ്റ് നേടുമെന്നാണ് ജൻകി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 141 മുതൽ 161 സീറ്റ് വരെ നേടുമെന്നും ജൻകി ബാത് പ്രവചിക്കുന്നു. എൻഡിഎ 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുവള്ളവർ 30 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക് ഭാരത് പി മാർക്ക് പ്രവചിക്കുന്നത്. എൻഡിഎ 371 സീറ്റും ഇന്ത്യ സഖ്യം 125 സീറ്റും മറ്റുള്ളവർ 47 സീറ്റും വിജയിക്കുമെന്ന് ന്യൂസ് എക്‌സും പ്രവചിക്കുന്നു.