- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടങ്ങൾ പിന്നിട്ടതിന് പിന്നാലെ, ബിജെപിയുടെയും കോൺഗ്രസിന്റെയും താരപ്രചാരകരുടെ പ്രസംഗങ്ങൾക്ക് എതിരെ ശക്തമായ വിമർശനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരുപാർട്ടികളും പരസ്പരം പരാതികൾ നൽകിയിരുന്നു. മോദിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾക്ക് എതിരായാണ് പരാതികൾ നൽകിയത്.
മോദിയും രാഹുലും ഉൾപ്പെടെയുള്ള താരപ്രചാരകരുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കമ്മീഷന്റെ താക്കീത്. പരസ്യപ്രചാരണത്തിനിടെ താരപ്രചാരകർ നടത്തുന്ന വിവാദപരാമർശങ്ങൾ നിയന്ത്രിക്കണമെന്ന് അറിയിച്ചാണ് ഭരണകക്ഷിയായ ബിജെപിക്കും മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും കമ്മിഷൻ നോട്ടിസ് അയച്ചത്.
താര പ്രചാരകർ വാക്കുകളിൽ ശ്രദ്ധാലുവാകണമെന്നും പ്രസംഗങ്ങളിൽ മര്യാദ പാലിക്കാൻ നിർദ്ദേശം നൽകണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി താരപ്രചാരകർക്ക് രേഖാമൂലം നിർദ്ദേശം നൽകണമെന്നാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയോടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മോദിയുടെയും രാഹുലിന്റെയും പേര് പരാമർശിക്കാതെയാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപിക്ക് ഉത്തരവാദിത്തം കൂടുതൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നദ്ദക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിധിയില്ലാത്ത സ്വാതന്ത്ര്യം പ്രതിപക്ഷത്തിന് ഇല്ല എന്നതടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് അധ്യക്ഷനോട് കമ്മീഷൻ ചൂണ്ടികാട്ടിയത്.
തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടികൾക്ക് വിജയിക്കാൻ വേണ്ടിയുള്ള മത്സരം മാത്രമല്ലെന്നും തങ്ങളെ ഏറ്റവും നല്ല മാതൃകയായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് പാരമ്പര്യത്തെ ദുർബലപ്പെടുത്താൻ ഇരുകക്ഷികളെയും അനുവദിക്കില്ലെന്നും നോട്ടിസിൽ പറയുന്നു.