ജയ്പൂർ: ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനെ നിലംപരിശാക്കി മുന്നേറുകയാണ് ബിജെപി. നരേന്ദ്ര മോദിയെ മുന്നിൽ തെരഞ്ഞെടുപ്പു നയിച്ച ബിജെപി കോൺഗ്രസിനെ പടലപ്പിണക്കങ്ങൾ മുതലാക്കി മികച്ച സംഘാടന മികവോടെ അവരെ പരാജയപ്പെടുത്തുന്ന കാഴ്‌ച്ചയാണ് രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിൽ നിന്നും കാണുന്നത്.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. മധ്യപ്രദേശിൽ വൻ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കിയിട്ടുള്ളത്. 157 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് 72 സീറ്റിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കയാണ്. അതേസമയം രാജസ്ഥാനിലും ബിജെപി മുന്നേറ്റം പ്രകടനമാണ്. ഇവിടെ ബിജെപിയുടെ ലീഡ് നില നൂറ് കടന്നിട്ടുണ്ട്. 106 സീറ്റുകളിലാണ് ബിജെപി ലീഡു ചെയ്യുന്നത്. 77 സീറ്റുകളിൽ കോൺഗ്രസും 17 സീറ്റുകളിൽ മറ്റുള്ളവരും ലീഡു ചെയ്യുകയാണ്. ഇവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് തെരഞ്ഞെടുപ്പു നയിച്ചത്. സച്ചിൻ പൈലറ്റും മുന്നിലുണ്ടായിരുന്നെങ്കിലും പടലപ്പിണക്കങ്ങൽ കോൺഗ്രസിന് പണിയായി എന്നു വേണം കരുതാൻ.

അതേസമയം ചത്തീസ്ഗഢിലെ ലീഡ് നില മാറിമറിയുന്നുണ്ട്. എക്സിറ്റ്പോളുകൾ കോൺഗ്രസിന് വിധിയെഴുതിയ ഛത്തീസ്‌ഗഡിൽ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നു. 40 സീറ്റിലേറെ ലീഡ് എടുത്ത കോൺഗ്രസ് പിന്നീട് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിലത്തെ കണക്കുകൾ പ്രകാരം ബിജെപി 45 സീറ്റിലും കോൺഗ്രസ് 43 സീറ്റിലും ലീഡ് ചെയ്യുന്നു.

തെലുങ്കാനയിൽ ഭരണവിരുദ്ധ വികാരം മുതലെടുത്തു കോൺഗ്രസ് മുന്നേറുന്ന കാഴ്‌ച്ചയാണ് കാണുന്നത്. 67 ഇടത്ത് കോൺഗ്രസും 39 സീറ്റുകളിൽ ബി.ആർ.എസുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി ആറ് സീറ്റുകളിലുമാണ്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്.

അതേസമയം, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ വിജയിക്കുമെന്ന് പോസ്റ്റുകൾ ടിപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. വോട്ടെണ്ണലിനു മുന്നോടിയായിട്ടാണ് പോസ്റ്ററുകൾ പതിച്ചത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും ആഘോഷങ്ങൾ നടക്കുകയാണെന്നും ഡിസംബർ 9ന് സർക്കാർ രൂപീകരിക്കുമെന്നും പോസ്റ്ററുകളിൽ പറയുന്നു.തെലങ്കാനയിൽ കോൺഗ്രസ് 75-95 സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് നേതാവ് മല്ലു രവി ഹൈദരാബാദിൽ പറഞ്ഞു. ബിആർഎസിന് 15 മുതൽ 20 വരെ സീറ്റുകൾ ലഭിച്ചേക്കും. 6-7 സീറ്റുകളിൽ ബിജെപി ഒതുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണകക്ഷിയായ ബി.ആർ.എസും കോൺഗ്രസും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയിൽ 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ് ഉള്ളത്. ഒരു ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ 2290 സ്ഥാനാർത്ഥികളാണ് തെലങ്കാനയിൽ ജനവിധി തേടിയത്. കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രഭാവവുമാണ് ബി .ആർ എസിന്റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികൾ നൽകിയാണ് വോട്ടു ചോദിച്ചത്.