- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചാരണത്തിന്റെ അലകും പിടിയും മാറ്റാൻ ദേശീയ നേതാക്കൾ എത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ഇനി 15 നാൾ മാത്രം. ആരോപണ-പ്രത്യാരോപണങ്ങളുമായി വിവിധ കക്ഷി നേതാക്കൾ കളം നിറഞ്ഞതോടെ, വേനൽ ചൂടിനെ വെല്ലുന്ന രാഷ്ട്രീയ ചൂടാണ് ഇപ്പോൾ. വോട്ടുറപ്പിക്കാൻ ദേശീയ നേതാക്കൾ എത്തുന്നുവെന്നാണ് ആഴ്ചാവസാനത്തെ പ്രത്യേകത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തുന്നും തിരുവനന്തപുരം, ആറ്റിങ്ങൽ, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് നരേന്ദ്ര മോദി എത്തുന്നത്.
ഈ മാസം 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. എൻഡിഎ ബിജെപി നേതാക്കളും പ്രവർത്തകരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളും പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് അറിയിച്ചു.
ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ കഴിഞ്ഞ പ്രാവശ്യം മുതൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലവും ഉൾപ്പെട്ടിട്ടുണ്ട്. മോദിസർക്കാരിൽ വിജയകരമായ പ്രവർത്തനം കാഴ്ചവച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ കൂടുതൽ ഇടപെട്ടിരുന്നത് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലാണ്. അതുകൊണ്ട് തന്നെ അവിടത്തെ വിജയ സാധ്യത വർധിച്ചിട്ടുണ്ട്. അതിന് കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകുന്നതിനു വേണ്ടിയാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് വി.പി. രാജേഷ് പറഞ്ഞു. കഴിഞ്ഞ തവണ മോദി വന്നപ്പോൾ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കേരളത്തിലെ മുഴുവൻ പ്രവർത്തകർക്കും ആവേശം നൽകുന്നതാണെന്നും വി.വി. രാജേഷ് പറഞ്ഞു.
തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വിവിധ മേഖലകളിൽ നിന്ന് മികച്ച പിന്തുണയാണ് കിട്ടുന്നത്. കഴിഞ്ഞ ദിവസം എഞ്ചിനീയർമാരുടെ പിന്തുണ നൽകുന്നതിന് ആയിരത്തോളം പേരുടെ സമ്മേളനം നടത്തി. നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വിവിധ മേഖലയിലുള്ള എഞ്ചിനീയർമാരുടെ പിന്തുണ പ്രഖ്യാപിക്കാനാണ് ഒത്തുകൂടിയത്. അങ്ങനെയുള്ളവരുടെ പിന്തുണ വലിയ തോതിൽ ലഭിക്കുന്നത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും ലഭിക്കുന്നതിന്റെ പ്രതിഫലനമാണ് ഇതെന്നും വി.വി. രാജേഷ് പറഞ്ഞു.
15ാം തീയതി കുന്ദംകുളത്ത് നടക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആലത്തൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായ കുന്ദംകുളത്തെ ചെറുവത്തൂർ ഗ്രൗണ്ടിൽ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങിൽ തൃശൂർ, ആലത്തൂർ, പൊന്നാനി ലോകസഭ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിന് കൊഴുപ്പേകും വിധമാണ് പ്രധാനമന്ത്രിയുടെ വരവ്.
രാഹുലും മറ്റു ദേശീയ നേതാക്കളും എത്തുന്നു
15 ന്അന്ന് വൈകിട്ട് കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്തുകൊണ്ടാണ് രാഹുൽ പ്രചാരണത്തിന് തുടക്കമിടുന്നത്. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ 16ന് തിരുവനന്തപുത്ത് ശശി തരൂരിന്റെ പ്രചാരണത്തിനായി എത്തും. അന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരിലും അദ്ദേഹം പ്രചാരണത്തിനിറങ്ങും. 18ന് കനയ്യ കുമാറും സംസ്ഥാനത്തെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരും പിന്നാലെയെത്തും.
എൻഡിഎയ്ക്കായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് ഠാക്കൂർ എന്നിവർ കോഴിക്കോട്ടും പുരുഷോത്തം രൂപാല, ശിവരാജ് സിങ് ചൗഹാൻ എന്നിവർ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും പ്രസംഗിക്കും. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരും എത്തുന്നുണ്ട്.
എൽഡിഎഫിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 16 മുതൽ 21 വരെ കേരളത്തിൽ പ്രചാരണം നടത്തും. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലാകും യെച്ചൂരി പ്രസംഗിക്കുക. 15 മുതൽ 22 വരെയുള്ള പരിപാടികളിൽ പി ബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ പങ്കെടുക്കും. ബൃന്ദാ കാരാട്ടിന്റെ പരിപാടി കണ്ണൂരിൽ 15ന് ആരംഭിച്ച് 22ന് പത്തനംതിട്ടയിൽ സമാപിക്കും. 16, 17, 18 തീയതികളിൽ തപൻ സെൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണൻ എന്നിവരും പ്രചാരണത്തിനെത്തുന്നുണ്ട്.