തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പിന് ഇനി 10 നാൾ ബാക്കി നിൽക്കെ, തിരഞ്ഞെടുപ്പ് പ്രചാരണ ചൂട് ഉച്ചസ്ഥായിലെത്തി. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായി പ്രതികരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അതിന് മറുപടി കൊടുത്തു കൊണ്ട് മുഖ്യമന്ത്രിയും രംഗത്തെത്തിയതോടെ, തിരഞ്ഞെടുപ്പ് അജണ്ടകൾ മാറി മറിയുകയാണ്.

കരുവന്നൂർ ബാങ്ക് ഇടതുകൊള്ളയുടെ ഉദാഹരണമായാണ് പ്രധാനമന്ത്രി ഇന്ന് ഉദാഹരിച്ചത്. മാത്രമല്ല, മുഖ്യമന്ത്രിയും മകളും അഴിമതി കേസിൽ പെട്ടിരിക്കുന്നുവെന്ന് മാസപ്പടി കേസിനെ സൂചിപ്പിച്ച് കൊണ്ട് നേരിട്ടുള്ള ആക്രമണത്തിന് മുതിരുകയും ചെയ്തു. 'കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം. പാവങ്ങൾ, മധ്യവർഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂർ കൊള്ളയിൽ ആലത്തൂർ സ്ഥാനാർത്ഥി തന്നോട് പറഞ്ഞതെന്നും' മോദി ഇന്ന് പറഞ്ഞിരുന്നു.

മോദിയുടെ വിമർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാതെ വിട്ടില്ല. അപകീർത്തിപ്പെടുത്തൽ കൊണ്ടൊന്നും ഞങ്ങളെ നാട്ടിൽ കൊച്ചാക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് ഇപ്പോൾ സാധാരണനിലയിലാണ് പ്രവർത്തിക്കുന്നത്. 117 കോടി നിക്ഷേപം തിരിച്ചു കൊടുത്തു. 8.16 കോടി പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പ എടുത്തവർ തിരിച്ചടച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

സഹകരണ വകുപ്പാണ് കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തിയത്. കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താൻ നടപടിയും സർക്കാർ സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പറയുന്നതെന്നും പിണറായി വിജയൻ തിരിച്ചടിച്ചു. എം എം വർഗീസിന് 100 കോടിയുടെ സ്വത്തെന്ന് പറഞ്ഞത് കടന്നകൈയാണ്. പാർട്ടിയുടെ ബ്രാഞ്ച് ഓഫീസ് മുതൽ ജില്ലാ ഓഫീസ് വരെയുള്ള സ്വത്താണത്. അക്കൗണ്ട് മരവിപ്പിച്ചതുകൊണ്ടൊന്നും തിരഞ്ഞെടുപ്പിൽ പിന്നോട് പോകില്ല. കൈയിൽ പണമില്ലെങ്കിൽ ജനം പണം നൽകുമെന്നു മുഖ്യമന്ത്രി ചാവക്കാട്ട് പറഞ്ഞു.

മാസപ്പടി കേസ് മോദി എടുത്തിട്ടതോടെ, അഴിമതിക്ക് എതിരായ പോരാട്ടമാണ് കേരളത്തിലും ബിജെപി നടത്തുന്നത് എന്ന പ്രചാരണത്തിന് ചൂട് പിടിപ്പിക്കാൻ കഴിഞ്ഞു. എക്‌സാലോജിക് കമ്പനി ഉടമയായ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ഇഡി ഏപ്രിൽ 26ന് മുമ്പ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചാലും ഇനി അദ്്ഭുതപ്പെടാനില്ല. ഇഡി വീണയെ വിളിപ്പിച്ചാൽ, എല്ലാ ശ്രദ്ധയും അതിലേക്കാവും എന്ന കാര്യത്തിലും സംശയമില്ല.

നേരത്തെ കേരളത്തിലെ ബിജെപി ബൂത്ത് കാര്യകർത്താക്കളുമായുള്ള സംവാദത്തിലും മോദി ഈ വിഷയങ്ങൾ ഉന്നയിച്ചിരുന്നു. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പും സ്വർണക്കടത്തും പരാമർശിച്ചാണ് മോദി നേതാക്കൾക്കെതിരേ ആഞ്ഞടിച്ചത്. സ്വർണക്കടത്തിലെ കണ്ണികൾക്ക് ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ട്. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്നും മോദി പറഞ്ഞു. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. കരുവന്നൂരിൽ സിപിഎമ്മിനേയും. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നു. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിനേയും എകെജി സെന്ററിനുമൊപ്പം പിണറായിയുടെ കുടുംബവും കേന്ദ്ര സർക്കാരിന്റെ റഡാറിലുണ്ട്. ഏപ്പോൾ വേണമെങ്കിലും കേന്ദ്ര ഏജൻസിക്ക് കടുത്ത നടപടികളിലേക്ക് നീങ്ങാം.

കരുവന്നൂർ ബാങ്കിൽ നിന്ന് ഇ ഡി കണ്ടുകെട്ടിയ തുകയുടെ യഥാർത്ഥ ഉടമകൾ സാധാരണക്കാരാണെങ്കിൽ അതവർക്കു തിരിച്ചു ലഭിക്കാൻ നിയമസാധുത പരിശോധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരുവന്നൂർ കോ-ഓപ് ബാങ്ക് അഴിമതിയിലും പ്രമുഖ സിപിഎം നേതാക്കളുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാരുടെ പണം കബളിപ്പിച്ചു കൊണ്ടുപോയി. അതിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്കറിയാം. അഴിമതിക്കാരെ, സാധാരണക്കാരുടെ പണം കൊള്ളയടിച്ചവരെ, ജനങ്ങളെ വഞ്ചിച്ചവരെ വെറുതെ വിടരുത്. ഇ ഡി കണ്ടുകെട്ടിയതിൽ സാധാരണക്കാരായ നിക്ഷേപകരുടെ പണം ഉണ്ടെങ്കിൽ അതവർക്ക് കിട്ടാൻ അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ നടപടിയുണ്ടാകും, മോദി പറഞ്ഞു. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് നൽകുമെന്ന് കോടതിയെ ഇന്നു ബോധിപ്പിച്ചതും ശ്രദ്ധേയമാണ്.