ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിന്റെ ചൂടേറിയ പ്രചാരണം അവസാനിച്ചു. വൈകിട്ട് അഞ്ചുമണിയോടെ പ്രചാരണത്തിന് തിരശീലയിട്ടതോടെ ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണമാണ്.

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 1,625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

പ്രധാനമന്ത്രി അസമിലായിരുന്നു ആദ്യഘട്ട പ്രചാരണത്തിന്റെ അവസാനനാളിൽ. കോൺഗ്രസിന് എതിരെയുള്ള ആക്രമണം അദ്ദേഹം തുടർന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് നരേന്ദ്ര മോദി അഗർത്തലയിൽ പറഞ്ഞു. ഡൽഹിയിൽ കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി പരിഹസിച്ചു.

പ്രിയങ്ക ഗാന്ധി യുപിയിലെ സഹരൺപൂരിൽ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ഇംറാൻ മസൂദിന് വേണ്ടി റോഡ് ഷോ നടത്തി. വോട്ടിങ് മെഷീനിൽ തിരിമറി നടക്കാതെ, രാജ്യത്ത് നീതിപൂർണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാൻ കഴിയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആദ്യ ഘട്ടത്തിലെ മുഖ്യമണ്ഡലങ്ങൾ

370 ാം വകുപ്പ് റദ്ദാക്കിയ ശേഷം ഇതാദ്യമായി ജമ്മു-കശ്മീരിലെ ഉധംപൂർ പാർലമെന്റ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അടക്കം 12 സ്ഥാനാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ചൗധരി ലാൽ സിങ്ങിൽ നിന്ന് മൂന്നാം വട്ടം മത്സരിക്കുന്ന ജിതേന്ദ്ര സിങ് ശക്തമായ വെല്ലുവിളി നേരിടുന്നു.

മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തറിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ ദിവസം 20 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വകവരുത്തിയ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്.

യുപി-സഹരൺപൂർ, രാംപൂർ, പിലിബിത്ത്, മുസാഫർനഗർ

അസം: ദിബ്രുഗഡ്, സോനിത്പൂർ

ബിഹാർ: ജാമുയി, ഗയ

മധ്യപ്രദേശ്: ചിന്ദ്വാര

തമിഴ്‌നാട്: ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ, കോയമ്പത്തൂർ, തൂത്തുക്കുടി, തിരുനൽവേലി, കന്യാകുമാരി

രാജസ്ഥാൻ: ബിക്കാനീർ

പശ്ചിമ ബംഗാൾ: കൂച്ചബിഹാർ, അലിപുർദ്വാർസ്

ഏപ്രിൽ 18,19 തീയതികളിൽ വടക്കൻ ബംഗാളിലെ കൂച്ചബിഹാറിൽ നടത്താൻ നിശ്ചയിച്ചിരുന്ന സന്ദർശനം റദ്ദാക്കണമെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനോട് തിരഞ്ഞെടുപ്പു കമ്മിഷൻ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്കിടെ നടത്തുന്ന സന്ദർശനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പെടെയുള്ള ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പരസ്യപ്രചാരണവും സമാപിച്ചു. നിലവിലെ എംപിയും മുൻ പുതുച്ചേരി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.വൈദ്യലിംഗമാണ് ഇന്ത്യാ മുന്നണി സ്ഥാനാർത്ഥി. പുതുച്ചേരി ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ എ.നമശിവായമാണ് എൻഡിഎ സ്ഥാനാർത്ഥി. 26 സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും ഇവർ തമ്മിലാണ് പ്രധാന മത്സരം. ഈ രണ്ടു സ്ഥാനാർത്ഥികളും മാഹിയിൽ പ്രചാരണത്തിനെത്തിയിരുന്നു

തമിഴ്‌നാട്ടിൽ എല്ലാ സീറ്റിലും വോട്ടെടുപ്പ്

തമിഴ്‌നാട്ടിൽ 39 സീറ്റിലേക്കും ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കും. ആകെ 950 സ്ഥാനാർത്ഥികൾ. രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രചാരണ സമാപന ദിവസം വിശേഷിപ്പിച്ചത്. 1967 ന് ശേഷം പ്രാദേശിക പാർട്ടികളുടെ ശക്തികേന്ദ്രമായ തമിഴ്‌നാട്ടിൽ ശക്തമായ പ്രചാരണമാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയത്.

ആദ്യ ഘട്ടത്തിലെ പ്രമുഖ സ്ഥാനാർത്ഥികൾ

ചിരാഗ് പാസ്വാൻ( ലോക് ജനശക്തി പാർട്ടി)-ജാമുയി
നകുൽ നാഥ്( കമൽനാഥിന്റെ മകൻ)ഛിന്ദ്‌വാര

കെ അണ്ണാമലൗ( തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ) കോയമ്പത്തൂർ

തമിഴിശൈ സൗന്ദരരാജൻ( തെലങ്കാന മുൻ ഗവർണർ)-ചെന്നൈ സൗത്ത് ന

കനിമൊഴി-തൂത്തുക്കുടി

ജിതിൻ പ്രസാദ-പിലിബിത്ത്

നിഷിത് പ്രാമാണിക്-കുച്ചബിഹാർ

ഏഴുഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പിന്റെ ഫലം അറിയുക ജൂൺ നാലിനാണ്