- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസിന്റെ പരാതി
തിരുവനന്തപുരം: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, മന്ദഗതിയിലെ പോളിങ്, മണിക്കൂറുകളോളം വോട്ടിങ് നിർത്തിവെയ്‌ക്കേണ്ടി വന്ന സാഹചര്യം, പോളിങ് ബൂത്തുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതിരുന്നത് തുടങ്ങിയ പരാതികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് മുഖ്യഓഫീസർ സഞ്ജയ് കൗളിന് പരാതി നൽകി.
ഉദ്യോഗസ്ഥരുടെ അപര്യാപതയും വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിവന്ന സമയദൈർഘ്യവും കാരണം വോട്ടർമാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നുവെന്ന് വ്യാപകമായ പരാതിയുണ്ടെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലുമണിക്കൂറോളം വോട്ട് ചെയ്യാനായി കാത്തുനിന്നവരുണ്ട്. മനസുമടുത്ത് വോട്ടു ചെയ്യാതെ പോയവരുമുണ്ട്. ബട്ടണിൽ വോട്ട് കുത്തിയിട്ടും മുമ്പെങ്ങുമില്ലാത്ത വിധം ഏറെനേരമെടുത്താണ് വോട്ട് രേഖപ്പെടുത്തിയത്. സാധാരണ ഏഴു സെക്കന്റിനുള്ളിൽ വോട്ട് രേഖപ്പെടുത്തപ്പെടും. പക്ഷെ, ഇത്തവണ അത് 20 സെക്കന്റിലേറെ അധികരിച്ചുവെന്നും പോളിങ് ബൂത്തിൽ നീണ്ട നിരയുണ്ടാകാൻ ഇതൊരു കാരണമായി.
മൊത്തത്തിൽ വോട്ടിങ് മെഷീനുകൾക്ക് തകരാർ വന്നത് ബോധപൂർവമായ ഏതെങ്കിലും നടപടിയുടെ ഭാഗമാണോയെന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. സാധാരണ ഗതിയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ അനുവദിക്കുന്നതാണ്. ഇക്കുറി അപര്യാപ്തത ഉണ്ടായെന്ന് പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥർ തന്നെ പരാതിപ്പെട്ടു.
പത്തനംതിട്ടയിൽ മൂന്നുമണിക്കൂറോളം വോട്ടിങ് നിർത്തിവെച്ചിട്ടും അവിടെ വോട്ടിങ്ങിന് കൂടുതൽ സമയം അനുവദിച്ചില്ല. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ, ആറുമണിവരെ ക്യൂവിൽ നിന്നവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നൽകുമെന്ന സാധാരണ മറുപടി മാത്രമാണ് ലഭിച്ചത്. കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ പാർട്ടി ഗ്രാമങ്ങളിൽ കള്ളവോട്ടും ബൂത്തുപിടുത്തവും ഉണ്ടായി. വടകരയിൽ ഓപ്പൺ വോട്ടിലെ ക്രമക്കേടിന് കൂട്ടുനിന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഇവർക്ക് സസ്‌പെൻഷൻ മാത്രം പോല, കർശനമായ ശിക്ഷണ നടപടി നൽകണമെന്ന് എംഎം ഹസൻ ആവശ്യപ്പെട്ടു. ഒരു മണ്ഡലത്തിലും യുഡിഎഫിന് പരാജയഭീതിയില്ല. ഫലം വരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയായി അത് മാറുമെന്നും ഹസൻ വ്യക്തമാക്കി.
വടകരയിൽ ഗൂഢാലോചന ആരോപിച്ച് യുഡിഎഫ്
വടകരയിൽ പോളിങ് മന്ദഗതിയിലായതിൽ രാഷ്ട്രീയ കക്ഷികൾക്ക് ആശങ്ക. വോട്ടിങ് വൈകിപ്പിക്കുന്നതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.കെ.രമ എംഎൽഎയും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും ആരോപിച്ചു. വടകരയിൽ വോട്ടെടുപ്പ് ചുരുങ്ങിയത് എട്ടു മണിവരെയെങ്കിലും നീളും. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വോട്ടു ചെയ്യാതെ മടങ്ങി.
വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാകാൻ കാരണം. ചിലയിടത്ത് വൻ തോതിൽ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാത്തവർ പോലും ഓപ്പൺ വോട്ട് ചെയ്യുന്നുണ്ട്. ഇതിനു വളരെയധികം സമയം വേണ്ടി വരുന്നുണ്ട്.
ചില ബൂത്തുകളിൽ ആയിരത്തിയഞ്ഞൂറോളം വോട്ടർമാരുണ്ട്. ഇത്രയും പേർ വോട്ട് ചെയ്തു വരുന്നതിനും സമയമെടുക്കുന്നുണ്ട്. 1600 വോട്ടർമാർ ഉള്ള വാർഡിൽ രണ്ട് ബൂത്ത് അനുവദിക്കും. രാവിലെ മുതൽ ബൂത്തുകളിൽ വലിയ ക്യൂ അനുവഭവപ്പെട്ടിരുന്നു. ഉച്ചതിരിഞ്ഞും ആളുകൾ ക്യൂവിൽ കാത്തുനിൽക്കുന്ന അവസ്ഥയായിരുന്നു. പോളിങ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ചില ബൂത്തുകളിൽ ഏജന്റുമാർ പ്രശ്‌നമുണ്ടാക്കി. എന്നിട്ടും വോട്ടിങ് മന്ദഗതിയിൽ തന്നെയാണ് തുടർന്നത്. വടകര ടൗണിലും പരിസരത്തുമായി മാത്രം ഇരുപതോളം ബൂത്തുകളിൽ പോളിങ് ഇഴയുകയാണ്.
നാല് മണിക്കൂർ വരെ ക്യൂവിൽ നിന്ന ശേഷം പലരും വോട്ട് ചെയ്യാതെ മടങ്ങുകയാണ്. രാത്രി 9 മണിയോടെ മാത്രമേ ഇവിടെ പോളിങ് അവസാനിക്കുകയുള്ളൂവെന്നാണ് വിവരം. വോട്ടിങ് മെല്ലെപ്പോക്കിനെ തുടർന്ന് മണ്ഡലത്തിൽ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി വടകരയിലെ യുഡിഎഫ് എംഎൽഎ കെകെ രമ ആരോപിച്ചു.
വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കിയില്ലെന്നാണ് വോട്ടർമാരുടെ പരാതി. പലരും തലചുറ്റി വീണെന്നും ഇവർ പറയുന്നു. കുറവ് ബൂത്തുകളും ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് പ്രതിസന്ധി വർധിപ്പിച്ചത് എന്നാണ് ആരോപണം. പരാതിയുമായി കെ.കെ.രമ എംഎൽഎ രംഗത്തെത്തിയിരുന്നു. ഒരാൾ വോട്ടുരേഖപ്പെടുത്താൻ എടുക്കുന്ന സമയം കൂടുന്നുവെന്നും നിരവധിപേർ ക്യൂവിൽ നിൽക്കുകയാണെന്നും അവർ പറഞ്ഞു. ഈ കാരണത്താലാണ് വടകരയിലെ വോട്ടിങ് ശതമാനം കുറയുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. സ്ത്രീകടളടക്കം പല ബൂത്തുകളിലും മടങ്ങിപോകുകയാണ്. വരണാധികാരിയെ ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു മറുപടി.
രാത്രി പത്തുമണി ആയാലും വോട്ടിങ് അവസാനിക്കില്ലെന്നാണ് തോന്നുന്നതെന്നും തിരികെപോയ പലരേയും തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെകെ രമ പറഞ്ഞു.കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത അവസ്ഥയാണ് വടകരയിലെന്ന് അവർ ആരോപിച്ചു. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ വളരെ മന്ദഗതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. വോട്ടിങ് കഴിഞ്ഞാലുള്ള ശബ്ദം ഏഴു സെക്കൻഡിൽ കൂടുതൽ കഴിഞ്ഞാണ് വരുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നെന്ന സംശയമുണ്ടെന്നും രമ ആരോപിച്ചു.