- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎ മൂന്നാം ഊഴത്തിന്
ന്യൂഡൽഹി: ജൂൺ 4. ജനവിധി എക്‌സിറ്റ് പോൾ പോലെ ഏകപക്ഷീയമായില്ല എന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അദ്ഭുതം. എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് 350 ലേറെ സീറ്റുകൾ എൻഡിഎ സ്വന്തമാക്കുമെന്നായിരുന്നു. 300 ന് അടുത്ത് സീറ്റുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വിധി വരും മുമ്പുള്ള നില. പ്രതിപക്ഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഇന്നത്തെ ഹൈലൈറ്റ്. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷ പാർട്ടിയാകാൻ പോലും കഴിയാതിരുന്ന കോൺഗ്രസ് 100 സീറ്റിലേക്ക് എത്തിയിരിക്കുന്നു. അന്തിമഫലം വരുമ്പോൾ സീറ്റ് കൂടാം.
ബിജെപി ഒറ്റയ്ക്ക് 370 സീറ്റും, എൻഡിഎക്ക് 400 ന് മേലേ സീറ്റും ലക്ഷ്യമിട്ടെങ്കിലും, 80 സീറ്റുള്ള യുപിയിലെ തിരിച്ചടിയുടെ തളർച്ചയിൽ, ബിജെപി 241 സീറ്റിലും എൻഡിഎ 293 സീറ്റിലും മുന്നേിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 233 സീറ്റിലും, കോൺഗ്രസ് 100 സീറ്റിലും മുന്നിട്ടുനിൽക്കുന്നു.
ലീഡ് നില
എൻഡിഎ: 293
ഇന്ത്യ സഖ്യം 233
മറ്റുള്ളവർ: 17
യുപിയിലെ 80 സീറ്റിൽ 2019 ൽ ബിജെപി നേടിയത് 62 സീറ്റായിരുന്നു. ഇത്തവണ അത് 50 ആയി കുറയാം എന്നായിരുന്നു സെഫോളജിസ്റ്റ് യോഗേന്ദ്ര .യാദവ് തിരഞ്ഞെടുപ്പിന് മുമ്പ് പ്രവചിച്ചത്. വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ, യുപിയിലെ എൻഡിഎ പ്രഭാവം മങ്ങിയെന്ന സൂചനയാണ് കിട്ടിയത്. ഇന്ത്യ സഖ്യം കടുത്ത വെല്ലുവിളിയാണ് എൻഡിഎക്ക് ഉയർത്തിയത്. എൻഡിഎ 32 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ എസ്‌പി-കോൺഗ്രസ് കൂട്ടുകെട്ട് അടങ്ങിയ ഇന്ത്യ സഖ്യം 44 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 2014 ൽ ബിജെപി 71 സീറ്റിൽ ജയിച്ചിരുന്നത് കൂടി കണക്കിലെടുക്കുമ്പോൾ, എൻഡിഎക്ക് ഇത് കനത്ത തിരിച്ചടിയാണ്.
റായ്ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം മത്സരിച്ച രാഹുൽ ഗാന്ധി വൻഭൂരിപക്ഷത്തോടെ ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ പരാജയപ്പെട്ട അമേഠിയിൽ എതിരാളിയായിരുന്ന ബിജെപിയുടെ സ്മൃതി ഇറാനി തോറ്റു. കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയാണ് ഇവിടെ സ്മൃതിയെ അട്ടിമറിച്ചത്. അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥിക്ക് തിരിച്ചടിയേറ്റു.
ബംഗാളിലും മഹാരാഷ്ട്രയിലും ക്ഷീണം
ബംഗാളിൽ വീണ്ടും കാലുറപ്പിച്ച തൃണമൂൽ 31 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. 11 സീറ്റിൽ മാത്രമാണ് ബിജെപി മുന്നിൽ. മഹാരാഷ്ട്രയിൽ ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പ് എൻഡിഎക്ക് സീറ്റുകൾ ചോർത്തുന്ന തരത്തിലാണ് ഭവിച്ചത്.
ഉദ്ധവ് താക്കറെ വിഭാഗം 11 സീറ്റിൽ മുന്നിട്ടുനിൽക്കുമ്പോൾ, ഷിൻഡെ ശിവസേന അഞ്ചിൽ മാത്രമാണ് മുന്നിൽ. ശരദ് പവാറിന്റെ എൻസിപി ഏഴുസീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, അജിത് പവാർ പക്ഷം ഒരുസീറ്റിൽ മാത്രമാണ് മുന്നിൽ. ബിജെപിയുടെ നഷ്ടങ്ങൾ നികത്തിയത് ഒഡിഷ, കർണാടക, ആന്ധ്ര, സംസഥാനങ്ങളിലും ഒരുപരിധി വരെ തെലങ്കാന.യിലും മാത്രമാണ്.
ആന്ധ്രയിൽ നായിഡു; ഒഡിഷയിൽ ബിജെപി
ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 175 ൽ 158 ലും ലീഡ് ചെയ്ത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം തകർപ്പൻ ജയം നേടി അധികാര കസേരയിലേക്ക് നീങ്ങുകയാണ്. ജൂൺ 9 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഒഡിഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളിന്റെ 25 വർഷത്തെ ഭരണം അവസാനിപ്പിക്കാൻ ബിജെപി കളമൊരുക്കിയിരിക്കുകയാണ്.
കർണാടകയിലും തെലങ്കാനയിലും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമില്ല
ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതെ ബിജെപി. ദക്ഷിണേന്ത്യയിലെ അവരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ കർണാടകയിൽ എട്ട് സീറ്റുകളുടെ കുറവാണ് 2019 നെ അപേക്ഷിച്ച് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. 28 സീറ്റുകളിൽ 17 ഇടത്ത് ബിജെപി വിജയിച്ചു. സഖ്യകക്ഷിയായ ജെഡിഎസ് രണ്ട് സീറ്റിൽ വിജയിച്ചു. 2019ൽ ബിജെപിക്ക് 27 സീറ്റ് കിട്ടിയ സ്ഥലത്താണ് ഇത്തവണ 17 ആയി ചുരുങ്ങിയത്. ഡികെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിൽ വൻ തിരിച്ചുവരവാണ് കോൺഗ്രസ് കർണാടകയിൽ നടത്തിയിരിക്കുന്നത്. അതേസമയം, അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 17 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിക്കും എട്ട് സീറ്റ് വീതം ലഭിച്ചപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഎംഎ പാർട്ടി ഒരു സീറ്റിൽ വിജയിച്ചു.
എൻഡിഎയിൽ മൂന്നാമതും വിശ്വാസം അർപ്പിച്ചുവെന്ന് മോദി
ജനങ്ങൾ എൻ.ഡി.എയിൽ മൂന്നാമതും വിശ്വാസമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്നും മോദി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന നല്ല പ്രവർത്തനങ്ങൾ തുടരും. ഇന്ത്യ ജനതക്ക് മുന്നിൽ തലകുനിക്കുകയാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നും മോദി എക്‌സിൽ കുറിച്ചു. മുഴുവൻ സംഘപരിവാർ പ്രവർത്തകരേയും സല്യൂട്ട് ചെയ്യുകയാണ്. വാക്കുകൾ കൊണ്ട് അവർ ചെയ്ത പ്രവർത്തനങ്ങൾക്ക് നന്ദി പറയാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
വാരാണസിയിൽ ഭൂരിപക്ഷം കുറഞ്ഞു
കഴിഞ്ഞ തവണ വരാണസി മണ്ഡലത്തിൽനിന്ന് 4,79,505 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ മോദിയുടെ ഭൂരിപക്ഷം 1,52,513 ആയി കുത്തനെ കുറഞ്ഞു. ഒരു ഘട്ടത്തിൽ ആറായിരത്തിലധികം വോട്ടിന് മോദി പിറകിൽ പോവുക പോലുമുണ്ടായി. മോദി 6,12,970 വോട്ട് നേടിയപ്പോൾ മുഖ്യ എതിരാളി കോൺഗ്രസിലെ അജയ് റായ് 4,60,457 വോട്ട് പിടിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ എതിരാളിയായി എത്തിയപ്പോൾ പോലും മോദി 3,71,784 വോട്ടിന്റെ മൂൻതൂക്കം മണ്ഡലത്തിൽ നേടിയിരുന്നു.
ഭരണം ഉറപ്പിക്കാൻ ബിജെപി
ടിഡിപിയെ എൻഡിഎയിൽ തന്നെ നിർത്തുന്നതിനായി ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണിൽ സംസാരിച്ചു. എൻഡിഎയിൽ തന്നെ ഉറച്ച് നിൽക്കുമെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.
അതേസമയം, ടിഡിപിയുമായി ചർച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യാ സഖ്യ നേതാക്കൾ. നിതീഷ് കുമാറുമായും ഇന്ത്യാ സഖ്യം ചർച്ച നടത്തുന്നുണ്ട്. ഒരു ഭാഗത്ത് പ്രാദേശിക കക്ഷികളെ കൂടെ നിർത്തി ഭരണം പിടിച്ചെടുക്കാൻ ഇന്ത്യാ സഖ്യം നീക്കം നടത്തുമ്പോഴാണ് ഭരണതുടർച്ചയ്ക്കായി ബിജെപി ടിഡിപി ഉൾപ്പെടെയുള്ള എൻഡിഎ സഖ്യകക്ഷികൾ വിട്ടുപോകാതിരിക്കാനുള്ള നീക്കങ്ങളും സജീവമാക്കിയത്.
ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്നും മോദി അറിയിച്ചു. കൂടെ നിർത്തുന്നതിനായി എൻഡിഎയുടെ കൺവീനർ സ്ഥാനം ഉൾപ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തതായാണ് വിവരം. ടിഡിപിയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള നീക്കം സജീവമായതോടെയാണ് ചന്ദ്രബാബു നായിഡു മറുകണ്ടം ചാടാതിരിക്കാൻ എൻഡിഎ കൺവീനർ സ്ഥാനം അടക്കമുള്ള വലിയ വാഗ്ദാനങ്ങൾ ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇന്ത്യ സഖ്യം നാളെ യോഗം ചേരും
ലോക്സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഏറ്റുമുട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആർക്കും ജനങ്ങൾ പൂർണ വിജയം നൽകിയില്ല. കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത് പ്രതികൂല സാഹചര്യത്തിലാണ്. ജനങ്ങൾ മോദിയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്. ബിജെപി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി', ഖാർഗെ പറഞ്ഞു. രാഹുലിന്റെ യാത്ര ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും.നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ഭരണഘടന സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സഖ്യ നേതാക്കൾക്കും വോട്ടർമാർക്കും രാഹുൽ നന്ദി അറിയിച്ചു. 'പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശം. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. മോദി പോയപ്പോൾ അദാനിയും പോയി. അദാനിയുടെ സ്റ്റോക്ക് നോക്കൂ', രാഹുൽ പറഞ്ഞു.
നാളെ ഇന്ത്യ സഖ്യത്തിന്റെ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് രാഹുൽ പറഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ ആരായുമോ എന്ന ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്. സഖ്യകക്ഷികളുമായി ആലോചിക്കാതെ പ്രസ്താവനകൾ നടത്തില്ലെന്നും രാഹുൽ വ്യക്തമാക്കി.