ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും പൂർത്തിയായതോടെ എകസ്ിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ടൈംസ നൗ എക്സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. 15 സീറ്റിൽ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം എൽഡിഎഫ് നാല് സീറ്റുകളെന്നാണ് പ്രവചനം. അതേസമയം ബിജെപി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.

തമിഴ്‌നാട്ടിലും ഇന്ത്യാ മുന്നണിക്ക് മുൻതൂക്കമെന്നാണ് തുടക്കതതിൽ വന്ന എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ന്യൂസ് 18 എക്സിറ്റ് പോൾ പ്രകാരം 39 സീറ്റുകൽ വരെ ഇന്ത്യാ മുന്നണി നേടുമെന്നാണ്, ബിജെപിക്ക് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ ലഭിക്കുമെന്നുമാണ് ന്യൂസ് 18 പ്രവചിക്കുന്നത്.

അതേസമയം ഇന്ത്യ ടിവി - സിഎൻഎക്സ് സർവ്വേ എക്സിറ്റ് പോൾ ഫല പ്രകാരവും കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽകൈ. യുഡിഎഫിന് 13 മുതൽ 15 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എൽഡിഎഫ് മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ നേടും. എൻഡിഎ ഒരു സീറ്റു മുതൽ മൂന്ന് സീറ്റ് നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സർവ്വേ എക്സിറ്റ് പോൾ പ്രവചിക്കുന്നതും കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽകൈയെന്നാണ്. യുഡിഎഫിന് 17 മുതൽ 18 വരെ സീറ്റുകൾ കിട്ടുമെന്നാണ് പ്രവചനം. എൽഡിഎഫിന് 0 -1. എൻഡിഎ രണ്ട് സീറ്റു മുതൽ മൂന്ന് സീറ്റ് നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. എബിപി ന്യൂസ് -സീ വോട്ടർ സർവ്വേ: യുഡിഎഫിന് 17 മുതൽ 19 സീറ്റ്, എൽഡിഎഫിന് സീറ്റൊന്നും കിട്ടില്ലെന്നും പ്രവചിക്കുന്നു. ബിജെപി ഒരു സീറ്റു മുതൽ മൂന്ന് സീറ്റ് നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

അതേസമയം ദേശീയ തലത്തിൽ മൂന്നാം തവണയും എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലം. എൻഡിഎ സഖ്യത്തിന് 359 സീറ്റുകൾ കിട്ടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർ30 സീറ്റുകൾ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്‌സിസ് സർവെ പറയുന്നു.

ജൂൺ നാലിന് വോട്ടെണ്ണലിലൂടെ യഥാർത്ഥ ഫലം പുറത്തുവരുമെങ്കിലും അതുവരെയുള്ള ദിനങ്ങളിൽ ഈ എക്‌സിറ്റ് പോളുകളായിരിക്കും പാർട്ടികൾക്ക് പ്രതീക്ഷയോ ആശങ്കയോ ആയി തുടരുക. എന്നാൽ, എക്സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർഥ്യമായതും പ്രവചനങ്ങൾ പൂർണമായും തെറ്റിയതുമായ ചരിത്രങ്ങളുണ്ട്. ഇത്തവണ ചാനലുകളിലെ എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.