ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇക്കുറി കേരളത്തിൽ വലിയ പ്രചരണമാണ് നടത്തിയത്. തിരുവനന്തപുരം, തൃശ്ശൂർ മണ്ഡലങ്ങളിലായരുന്നു ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ രണ്ടിടത്തും ബിജെപി പ്രതീക്ഷ വെക്കുമ്പോൾ തന്നെ മറ്റ് രണ്ട് മണ്ഡലങ്ങളും ബിജെപിക്ക് പ്രതീക്ഷകൾ നൽകുന്നു. ആറ്റിങ്ങൽ, പത്തനംതിട്ട മണ്ഡലങ്ങളാണ് ഇത്.

അതേസമയം തൃശ്ശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ചെന്ന വിധത്തിലാണ് എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ബിജെപിക്ക് മൂന്ന് സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് ആധിപത്യം ഉറപ്പിക്കുമ്പോൾ തന്നെയാണ് ബിജെപിയുടെ മുന്നേറ്റം സൂചിപ്പിക്കുന്നതും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് പറയുമ്പോഴാണ് ഈ സ്ഥിതിവിശേഷം എന്നതാണ് ശ്രദ്ധേയം.

തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ എൻഡിഎ വിജയം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലത്തിൽ പറയുന്നത്. ഈ സർവേ വിശദീകരിച്ചു കൊണ്ട് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞതും ശ്രദ്ധേയമായി. തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ആണ് ഏറ്റവും അധികം വിജയ സാധ്യതയെന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്. അതേസമയം പത്തനംതിട്ട മണ്ഡലത്തിൽ അനിൽ ആന്റണി മികച്ച പ്രകടനം കാഴ്ച വെച്ചുവെന്ന നിരീക്ഷണവും പ്രദീപ് ഗുപ്ത നടത്തി.

അതേസമയം എൽഡിഎഫിന് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സർവേ ഫലം. യുഡിഎഫിന് 17 മുതൽ 19 സീറ്റ് വരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.

ടൈംസ് നൗവിന്റെ എക്‌സിറ്റ് പോൾ ഫലം അനുസരിച്ച് എൽഡിഎഫ് കേരളത്തിൽ നാല് സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 14മുതൽ 15 വരെയും എൻഡിഎ ഒന്നും നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. എൻഡിഎ തൃശൂരിൽ ജയിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ന്യൂസ് 18 - പോൾഹബ്ബ് എക്സിറ്റ് പോൾ ഫലം. യുഡിഎഫ് 15 മുതൽ 18 വരെ സീറ്റുകൾ നേടുമെന്നും എൽഡിഎഫ് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ നേടാമെന്നാണ് ന്യൂസ് 18 സർവേ ഫലം.

കേരളത്തെ സംബന്ധിച്ച ഏക്റ്റ് പോൾ ഫലങ്ങൾ ഇങ്ങനെ:

എ.ബി.പി-സീ വോട്ടർ: എൻ.ഡി.എ 1-3, എൽ.ഡി.എഫ്-0

ടൈംസ് നൗ-ഇ.ടി.ജി: യു.ഡി.എഫ് 14-15, എൽ.ഡി.എഫ് - നാല്, എൻ.ഡി.എ 1-3

ഇന്ത്യാ ടുഡെ-ആക്സസ് മൈ ഇന്ത്യ: ബിജെപി 2-3, യു.ഡി.എഫ് 17, എൽ.ഡി.എഫ് 0-1

സി.എൻ.എൻ ന്യൂസ് 18: യു.ഡി.എഫ് 15-18, എൽ.ഡി.എഫ് 2-5, എൻ.ഡി.എ 1-3

ഇന്ത്യാ ടി.വി-സി.എൻ.എസ്: യു.ഡി.എഫ് 13-15, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 1-3

ജൻകിബാത്: യു.ഡി.എഫ് 14-17, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 0-1

അതേസമയം ദേശീയതലത്തിൽ എൻ.ഡി.എ സഖ്യം തന്നെ അധികാരത്തിൽ തുടരുമെന്നാണ് എക്സിറ്റ് പോൾ സൂചനകൾ. എൻ.ഡി.എ 371, ഇന്ത്യാ സഖ്യം 125 എന്നാണ് ഇന്ത്യാ ന്യൂസ് എക്സിറ്റ് പോൾ പറയുന്നത്. റിപ്പബ്ലിക് ടി.വി എൻ.ഡി.എക്ക് 353-368 സീറ്റുകൾ പ്രവചിക്കുന്നു. എൻ.ഡി.ടി.വി എൻ.ഡി.എക്ക് 365 സീറ്റും ഇന്ത്യാ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.