ന്യൂഡൽഹി: യുപിയിലെ 80 സീറ്റിൽ 71 ലും എൻഡിഎ ജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകളിലെ പ്രവചനം. അതേസമയം, ഇന്ത്യ സഖ്യം ഏകദേശം 10 സീറ്റിൽ ഒതുങ്ങിയേക്കും.

പിമാർക്കിന്റെ പ്രവചന പ്രകാരം എൻഡിഎ 69 സീറ്റിലും ഇന്ത്യ സഖ്യം 11 സീറ്റിലും ജയിക്കാം. മാട്രിസിന്റെ പ്രവചനത്തിൽ, എൻഡിഎ 69 മുതൽ 74 സീറ്റ് വരെയും ഇന്ത്യ സഖ്യം 6 മുതൽ 11 സീറ്റ് വരെയും നേടാം.

ബിഹാറിനും ബംഗാളിനും ഒപ്പം 7 ഘട്ടങ്ങളിലായാണ് ഉത്തർ പ്രദേശിൽ വോട്ടെടുപ്പ് നടന്നത്. 80 സീറ്റുള്ള യുപിയിൽ ജയിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മേൽക്കൈ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഡൽഹിയിലേക്കുള്ള റോഡ് ലക്‌നൗവിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറയുന്നത് തന്നെ യുപി ദേശീയ രാഷ്ട്രീയത്തിൽ വഹിക്കുന്ന സുപ്രധാന പങ്കു തന്നെയാണ് വ്യക്തമാക്കുന്നത്.

2019 ലെ തിരഞ്ഞെടുപ്പിൽ, ബിജെപി 63 സീറ്റും, ബിഎസ്‌പി 9 ഉം എസ്‌പി
5 ഉം, കോൺഗ്രസ് ഒരുസീറ്റുമാണ് നേടിയത്. ഇത്തവണത്തെ വ്യത്യാസം ഇന്ത്യ സഖ്യത്തിന് കീഴിൽ എസ്‌പിയും കോൺഗ്രസും കൈകോർത്താണ് മത്സരിക്കുന്നത്. 2014 ലെയും, 2019 ലെയും തകർപ്പൻ ജയങ്ങൾക്ക് ശേഷം യുപി എന്ന കോട്ട നിലനിർത്താൻ ബിജെപി ആവനാഴിയിലെ ഏല്ലാം ശരങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു.