- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്
കണ്ണൂർ: കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതോടെ വിവാദം കത്തുകയാണ്.
മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ സസ്പെൻസ് ചെയ്തു. സ്പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164ാം ബൂത്തിൽ ഏപ്രിൽ 18 നാണ് നടപടിക്ക് ഇടയാക്കിയ സംഭവം. എടക്കാടൻ ഹൗസിൽ ദേവി(92)യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
അഞ്ചാം പീടിക കപ്പോട്കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷ നിയമം 171(സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറഞ്ഞു.