ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്അ ഞ്ചാം ഘട്ടത്തിൽ 58 ശതമാനം പോളിങ്. ഏറ്റവും കൂടിയ പോളിങ് പഞ്ചിമ ബംഗാളിലും ( 73%), കുറവ് മഹാരാഷ്ട്രയിലും( 48.8%) രേഖപ്പെടുത്തി.

ജമ്മു-കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ റെക്കോഡ് പോളിങ്ങായിരുന്നു( 54.67%). ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഒഡിഷയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു.

ബിഹാർ-52.82%, ജാർഖണ്ഡ്-63%, ലഡാക്ക്-67.15%, മഹാരാഷ്ട്ര-49.15%, ഒഡിഷ-60.87%, യുപി-57.79 %. ജമ്മു കശ്മീരിൽ 54.67 ശതമാനമാണ് പോളിങ്.

ബിഹാറിലെ മുസാഫർപൂരിൽ റോഡുകളുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്‌നങ്ങൾ ഉന്നയിച്ച് രണ്ട് പോളിങ് ബൂത്തുകളിൽ ആളുകൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. പാലം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഝാർഖണ്ഡിലെ ഹസാരിബാഗിലും ജനം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.മഹാരാഷ്ട്രയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്നത്. മുംബൈ സൗത്തിൽ 45 ശതമാനത്തിൽ താഴെയാണ് പോളിങ് രേഖപ്പെടുത്തിയത്.

ബംഗാളിൽ തിരഞ്ഞെടുപ്പ് മെഷീന്റെ പ്രവർത്തനത്തിലെ തകരാറുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നായി പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടി. പോളിങ് ബൂത്തുകളിൽ ഏജന്റുമാരെ തടയുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുക, എന്നിങ്ങനെ 1036 പരാതികൾ കിട്ടിയതായി കമ്മീഷൻ അറിയിച്ചു.

നാലുഘട്ടങ്ങളിലെ ആകെ പോളിങ് 66.95 ശതമാനമാണ്. ആദ്യ മൂന്നുഘട്ടങ്ങളിൽ പോളിങ് കുറവായിരുന്നെങ്കിലും നാലാം ഘട്ടത്തിൽ ശതമാനം ഉയർന്നു. മുംബൈ, താനെ, നാഷിക്, ലക്‌നൗ തുടങ്ങിയ നഗരമേഖകളിൽ വോട്ടെടുപ്പിനോടുള്ള വോട്ടർമാരുടെ വിമുഖത 2019 ലെ പോലെ തന്നെ തുടർന്നു.