- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ കോൺഗ്രസിനും ഫണ്ട് പ്രതിസന്ധി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ കേരളത്തിലെ കോൺഗ്രസും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. എഐസിസി നേതൃത്വത്തിൽ നിന്നും പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സ്വന്തം നിലയിൽ ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഫണ്ടില്ലാത്തത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിസന്ധിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
കോൺഗ്രസിന്റെ പണം ബിജെപി സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. കൂപ്പൺ അടിച്ച് പണം പിരിക്കാനാണ് ആലോചന. ജനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ കൂടിയായ ചെന്നിത്തല പറഞ്ഞു. സാമ്പത്തിക പ്രതിന്ധിയുടെ പശ്ചാത്തലത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താൻ മറ്റ് വഴികളില്ലെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നോട്ട് വെച്ചെന്ന് വിവരമുണ്ടായിരുന്നു.
പിസിസികളും സ്ഥാനാർത്ഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ നിലവിൽ പാർട്ടിക്ക് സാധിക്കുന്നുണ്ട്. കേരളത്തിൽ ഫണ്ടില്ലായ്മ സ്ഥാനാർത്ഥികളെ നേരിട്ടു ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ പോലും തുറക്കാൻ സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ പ്രചാരണത്തിൽ ദേശീയ നേതാക്കളുടെ സാന്നിധ്യം അടക്കം കേരളത്തിൽ കുറവായിരിക്കും.
ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനായി കോൺഗ്രസ് ഫണ്ട് പിരിവിന് തയ്യാറാകുന്നത്. നിലവിലെ സാഹചര്യത്തിൽ സ്ഥാനാർത്ഥികൾ സ്വന്തം നിലയ്ക്കും ജില്ലാ കമ്മിറ്റികളുമാണ് പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്. പ്രചാരണത്തിന് വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിനെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്.
പിരിവിനിറങ്ങിയാൽ പ്രചാരണത്തിന് തിരിച്ചടിയാകുമെന്ന് സംസ്ഥാന ഘടകങ്ങൾ ദേശീയനേതൃത്വത്തെ അറിയിച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി, ഝാർഖണ്ഡ് അടക്കമുള്ള സംസ്ഥാന സമിതികൾ ഈ നിലപാട് അറിയിച്ചു. പ്രചാരണത്തിനുള്ള ഫണ്ടിന്റെ ചുമതലയിൽനിന്ന് ദേശീയ നേതൃത്വം ഒഴിഞ്ഞുമാറുന്നതിൽ സംസ്ഥാന സമിതികൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ചേർന്ന തിരഞ്ഞെടുപ്പ് ക്യാംപയിൻ കമ്മിറ്റി യോഗത്തിലും സാമ്പത്തിക പ്രതിസന്ധി ചർച്ചായിരുന്നു. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പന്തളം സുധാകരൻ എന്നിവരുൾപ്പെടെ പങ്കെടുത്ത യോഗത്തിൽ പ്രചാരണത്തിനായി സോഷ്യൽ, ഡിജിറ്റൽ മീഡിയകളെ പരമാവധി ഉപയോഗപ്പെടുത്തി ചെലവ് ചുരുക്കാൻ നിർദേശമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ജില്ലാതലത്തിൽ കണ്ടെത്തുന്ന പ്രാസംഗികരെ ബൂത്ത് തലത്തിൽ നിയോഗിച്ച് പ്രചാരണം ഏകോപിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ ഇലക്ഷൻ കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തിയായിരുന്നു കേന്ദ്ര ഏജൻസിയുടെ നടപടി. അറിയിപ്പ് പോലും നല്കാതെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.
ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കാതെ വന്നതോടെ അന്വേഷിച്ചതോടെയാണ് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോൺഗ്രസ് തിരിച്ചറിഞ്ഞത്. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നാല് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നടപടിയെന്നതാണ് ശ്രദ്ധേയം.
തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്. പ്രതിപക്ഷത്തെ ഉന്നം വെച്ചുള്ള ഇഡി, സിബിഐ, ഐടി അടക്കം അന്വേഷണ ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്ന നിലപാടിലാണ് കോൺഗ്രസ് അടക്കം ഇന്ത്യാ മുന്നണി. പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളെയും ബിജെപി ഉന്നമിടുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഇലക്ഷൻ കാലത്തെ റെയ്ഡ് അടക്കം നടപടികളെന്നും ഇന്ത്യാ മുന്നണി ആരോപിക്കുന്നു.