കോട്ടയം: പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർത്ഥിയായ ജി.ലിജിൻലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ തുടങ്ങിയവർക്കൊപ്പമെത്തിയാണ് ലിജൻലാൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിലെത്തിയാണ് ലിജിൻലാൽ പത്രിക സമർപ്പിച്ചത്. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻലാൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു.

യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് ലിജിൻലാൽ. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.

സെപ്റ്റംബർ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി.തോമസ് ബുധനാഴ്ചയും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇന്ന് രാവിലെയും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.