- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഓളമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവർ നിരാശർ
ന്യൂഡൽഹി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയെ നെഞ്ചുറപ്പോടെ നേരിടാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രവർത്തകർ ഇപ്പോഴുമുണ്ട്. ഇങ്ങനെ ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് പലപ്പോഴും കോൺഗ്രസ് നേതൃത്വം കൈക്കൊള്ളുന്ന നിലപാടുകൾ. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ അണികൾക്കിടയിൽ പല അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്. ഒരിക്കൽ തോറ്റ അമേഠിയിൽ രാഹുൽ മത്സരിക്കാൻ തയ്യാറായിരുന്നെങ്കിൽ അതിൽ ഒരു വെല്ലുവിളി ഏറ്റെടുക്കൽ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇതിന് വ്യത്യസ്തമായി സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായിരുന്ന റായ്ബറേലിയിലാണ് രാഹുൽ മത്സരിക്കുന്നത്. ഇത് പ്രത്യേകിച്ചും ഒരു ആവേശവും ഉത്തരേന്ത്യയിലെ കോൺഗ്രസ് അണികളിൽ ഉണ്ടാക്കുന്നില്ല.
മറിച്ച് റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണം എന്ന് ആഗ്രഹിച്ച നിരവധി നേതാക്കളും കോൺഗ്രസിൽ ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിക്ക് വലിയ ആത്മബന്ധം മണ്ഡലവുമായുണ്ട്. ഇവിടെ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ പ്രിയങ്കയുടേത് കന്നി മത്സരം ആകുമായിരുന്നു. ഇത് പാർട്ടിക്ക് ആവേശം പകരുന്ന കാര്യമായിരുന്നു. ബിജെപിക്കും വെല്ലുവിളി ഉയർത്താൻ കഴിയുമെന്നും പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ പ്രിയങ്ക മത്സരിക്കാനില്ലെന്ന് പറഞ്ഞതോടെ കോൺഗ്രസുകാർ നിരാശരാണ്.
അതേസമയം കിഷോരിലാൽ ശർമയെ അമേഠിയിൽ സ്ഥാനാർത്ഥി ആക്കിയതിലും ഗാന്ധി കുടുംബത്തിൽ ഭിന്നതകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രാഹിൽ ഗാന്ധിക്ക് കിഷോരിലാലിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ, പ്രിയങ്കയാണ് സ്ഥാനാർതിയെ നിർദേശിച്ചത്. ഇത് പിന്നീട് അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്. നേരത്തെ വധേര മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച സീറ്റായിരുന്നു ഇത്. ഇവിടെയാണ് കിഷോരിലാൽ സ്ഥാനാർത്ഥിയാകുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മണ്ഡലത്തിനുള്ളിലും എതിർപ്പുണ്ട്.
ആരാണ് കിഷോരി ലാൽ ശർമ്മ?
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് ഇത്തവണ സ്മൃതി ഇറാനിക്കെതിരെ പോരാടാനിറങ്ങുന്ന കിഷോരി ലാൽ ശർമ്മ. റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ പ്രതിനിധിയും ശർമയായിരുന്നു. ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റായ്ബറേലിയിലെയും അമേഠിയിലെയും പ്രധാന വ്യക്തിയാണ് കിഷോരി ലാൽ ശർമ്മ.
പഞ്ചാബ് സ്വദേശിയായ കെഎൽ ശർമ എന്ന കിഷോരി ലാൽ ശർമ 1983ലാണ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി അമേഠിയിൽ എത്തുന്നത്. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ അന്തരിച്ച രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ശർമ. രാജീവ് ഗാന്ധിക്ക് ശേഷവും അമേഠിയിൽ തുടർന്ന അദ്ദേഹം പിന്നീടിങ്ങോട്ട് മുഴുനീള കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1991ൽ രാജീവ് ഗാന്ധിയുടെ മരണശേഷം അമേഠിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കിഷോരിലാൽ പ്രവർത്തിച്ചു.
1999ലെ സോണിയാ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരി ലാൽ ശർമ്മ നിർണായക പങ്ക് വഹിച്ചു. അമേഠിയിൽ വിജയിച്ചാണ് സോണിയഗാന്ധി ആദ്യമായി പാർലമെന്റിലെത്തിയത്. സോണിയാ ഗാന്ധി അമേഠി സീറ്റ് ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് മാറിയതിന് ശേഷം ശർമയും ഒപ്പം മാറി.
2004ൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അമേഠിയിലും റായ്ബറേലിയിലും പാർട്ടിയുമായി ബന്ധപ്പെട്ട ചുമതലകൾക്ക് കെ എൽ ശർമ ചുക്കാൻ പിടിച്ചു. ബിഹാറിലും പഞ്ചാബിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ശർമ പ്രവർത്തിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റത് വരെ ഗാന്ധി കുടുംബത്തിന്റെ കോട്ടയായിരുന്നു അമേഠി. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക.