ന്യൂഡൽഹി: മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകൾ പുരോഗമിക്കുമ്പോൾ നാഗാലാൻഡിൽ ബിജെപി സഖ്യം അധികാരം ഉറപ്പിച്ചപ്പോൾ ത്രിപുരയിലും മേഘാലയയിലും ക്ലൈമാക്‌സ് ഇനിയും വൈകും. ഫലസൂചനകൾ പുറത്തുവരുമ്പോൾ ത്രിപുരയിൽ ബിജെപിയാണ് മുന്നിലുള്ളത്. ഏവരും ഉറ്റുനോക്കുന്ന ത്രിപുരയിൽ ബിജെപി ഐപിഎഫ്ടി സഖ്യമാണ് മുന്നിലെങ്കിലും കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കെ നിലവിൽ 29 സീറ്റിലാണ് അവർ ലീഡ് ചെയ്യുന്നത്. ഇതാദ്യമായി സഖ്യമായി മത്സരിക്കുന്ന ഇടത്-കോൺഗ്രസ് സഖ്യം 15 സീറ്റിൽ മുന്നിലാണ്. ഗോത്ര പാർട്ടിയായ തിപ്ര മോത്ത ഏവരേയും ഞെട്ടിച്ചുകൊണ്ട് 12 സീറ്റിൽ ലീഡ് ചെയ്യുന്നു.

ത്രിപുര

ബിജെപി-27
സിപിഎം-12
തിപ്രമോത്ത-12
കോൺഗ്രസ്-6
മറ്റുള്ളവർ-2

മേഘാലയ

എൻപിപി-20
ബിജെപി-10
തൃണമൂൽ-10
മറ്റുള്ളവർ-5

നാഗാലാണ്ട്

ബിജെപി മുന്നണി-31
എൻപിഎഫ്-8
മറ്റുള്ളവർ-0 

ഇവിടെ കിങ്‌മേക്കറായി ത്രിപ മോത്ത പാർട്ടി മാറുമെന്ന നിലയിലാണ് കാര്യങ്ങൾ. ബിജെപി തരംഗം ആഞ്ഞടിച്ച നാഗാലാൻഡിൽ ആകെയുള്ള 60 സീറ്റിൽ അൻപതോളം സീറ്റുകളിലാണ് അവർ ലീഡ് ചെയ്യുന്നത്. പ്രതിപക്ഷമായ എൻപിഎഫ് ആറിടത്ത് മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ത്രിപുരയിൽ ആദ്യ മണിക്കൂറിൽ സർക്കാർ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് തോന്നിപ്പിച്ച ബിജെപി സഖ്യത്തിന്റെ ലീഡ് പിന്നീട് കുറയുന്നതാണ് കണ്ടത്.

തുടക്കത്തിൽ പതറിയ ഇടതുമുന്നണി- കോൺഗ്രസ് സഖ്യം പിന്നീട് തിരിച്ചുകയറുന്നതാണ് കാണുന്നത്. അതേസമയം വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ മുഖ്യ പ്രതിപക്ഷ പാർട്ടി എന്ന സ്ഥാനത്തേയ്ക്ക് ഇടതുമുന്നണി- കോൺഗ്രസ് സഖ്യത്തോട് ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്നതായി തോന്നിപ്പിച്ച ഗോത്ര പാർട്ടി തിപ്ര മോത്ത 12 ഇടത്താണ് മുന്നിട്ടുനിൽക്കുന്നത്.

മേഘാലയയിൽ എൻപിപി വീണ്ടും തിരിച്ചുകയറി. ഒരു ഘട്ടത്തിൽ ലീഡ് നില 20ൽ താഴേക്ക് പോയ എൻപിപി നിലവിൽ 25 ഇടത്താണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ലീഡ് എട്ടിലേക്ക് ചുരുങ്ങി. നേരത്തെ പത്തിലധികം സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽകുന്നുണ്ടായിരുന്നു. മറ്റു പാർട്ടികളാണ് രണ്ടാം സ്ഥാനത്ത്. ത്രിണമൂൽ ഉൾപ്പെടെയുള്ള പാർട്ടികൾ 17 ഇടത്താണ് മുന്നിട്ടുനിൽക്കുന്നത്.

കോൺഗ്രസ് ഏഴ് സീറ്റിൽ ലീഡ് ചെയ്യുന്നു. പ്രാദേശിക പാർട്ടിയായ യുഡിപിയുടെ പിന്തുണ അവിടെ നിർണായകമാകും. നിലവിൽ അവർ 12 സീറ്റിൽ മുന്നിലാണ്. കഴിഞ്ഞ സഭയിൽ തുടക്കത്തിൽ 21 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായിരുന്നു കോൺഗ്രസ് എന്നാൽ കാലാവധി അവസാനിക്കുമ്പോൾ ബിജെപിയിലേക്ക് പോയവർ ഒഴികെ ശേഷിക്കുന്ന എംഎൽഎമാർ മുകുൾ സാങ്മയ്ക്കൊപ്പം ത്രിണമൂലിലെത്തി.

രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണൽ തുടരുകയാണ്. അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതിന് വലിയ സുരക്ഷാ സംവിധാനങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ത്രിപുരയിലെ വോട്ടെടുപ്പ് ഈ മാസം 16-നും നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27-നുമാണ് നടന്നത്. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മറ്റു രണ്ടിടത്ത് 59 വീതം മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പു നടന്നത്. എക്സിറ്റ് പോളുകളിൽ ത്രിപുരയിലും നാഗാലാൻഡിലും ബിജെപി.ക്കാണ് മേൽക്കൈ പ്രവചിച്ചത്.

മേഘാലയയിൽ കോൺഗ്രസിനും ബിജെപിക്കും പുറമേ കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും തൃണമൂൽ കോൺഗ്രസും മത്സരരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടു സീറ്റുകളായിരുന്നു ബിജെപി. 2018-ൽ നേടിയത്. എന്നാൽ, 20 സീറ്റുള്ള എൻ.പിപിയുമായി ചേർന്ന് സർക്കാരിന്റെ ഭാഗമായിരുന്നു. സാങ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ബിജെപി. ഇത്തവണ 60 സീറ്റിലും സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു.

നാഗാലാൻഡിൽ ഇത്തവണ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ 60-ൽ 12 സീറ്റുകൾ നേടിയ ബിജെപി. ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി ചേർന്നാണ് ജനവിധി തേടിയത്. എൻ.ഡി.പി.പി. 40 സീറ്റിലും ബിജെപി. 20 സീറ്റിലുമാണ് മത്സരിച്ചത്. എതിർ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതിനെത്തുടർന്ന് അകുലുതോ മണ്ഡലത്തിൽ നിന്ന് കസെറ്റോ കിമിനി വിജയച്ചിരുന്നു. പ്രതിപക്ഷത്തുള്ള കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ട് 22 സീറ്റിലുമാണ് ജനവിധി തേടിയത്.

ത്രിപുരയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ബിജെപിക്ക് തുടർഭരണം കിട്ടുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് 25 വർഷത്തോളം തുടർച്ചയായി ഭരണത്തിലുണ്ടായിരുന്ന സിപിഎം. കോൺഗ്രസിനൊപ്പം കൈകോർത്താണ് ബിജെപിയെ നേരിടുന്നത്. ഗോത്രമേഖലകളിൽ സ്വാധീനമുള്ള പ്രദ്യോത് ദേബ് ബർമയുടെ തിപ്രമോത്ത നേടുന്ന വോട്ടുകളായിരിക്കും സംസ്ഥാന ഭരണം ആർക്കാവുമെന്നത് നിർണ്ണയിക്കുക. ഗോത്രവർഗ പാർട്ടിയായ ഐ.പി.എഫ്.ടിയുമായി ചേർന്നാണ് ബിജെപി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി. 55 ഇടത്തും ഐ.പി.എഫ്.ടി. അഞ്ചിടത്തും മത്സരിച്ചു. സിപിഎം. 43 ഇടത്തും കോൺഗ്രസ് 13 ഇടത്തും മറ്റ് ഇടത് പാർട്ടികൾ ഓരോ ഇടത്തുമാണ് മത്സരിച്ചത്. ഒരു സീറ്റിൽ തിപ്ര മോത്തയും ഇടത് കോൺഗ്രസ് സഖ്യവും ഒരു സ്ഥാനാർത്ഥിയെ പിന്തുണച്ചു.