- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏക സിവിൽ കോഡിന്റെ കാർഡിറക്കി ഭരണതുടർച്ചയ്ക്ക് ബിജെപി; സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അന്തിമഘട്ട ചർച്ചയിൽ കോൺഗ്രസ്; മുഖ്യമന്ത്രിയാരെന്ന് ജനങ്ങളോട് ചോദിച്ച് ആം ആദ്മി; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ ഗുജറാത്തിൽ പോര് കനക്കുമ്പോൾ
അഹമ്മദാബാദ്:നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിൽ മൂന്ന് പാർട്ടികളും ശക്തമായ പ്രചരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.പഞ്ചാബ് പിടിച്ചതിന് പിന്നാലെ ഗുജറാത്തിലേക്ക് ചുവടുമാറ്റിയ ആം ആദ്മി പാർട്ടിയാണ് പ്രഖ്യാപനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഗുജറാത്തിൽ വേറിട്ട് നിൽക്കുന്നത്.
പഞ്ചാബ് ആവർത്തിക്കാൻ കെജ്രിവാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ ശക്തമായ പ്രചാരണമാണ് ആപ്പ് നടത്തുന്നത്.ഏറ്റവുമൊടുവിലായി ചൂസ് യുവർ മിനിസ്റ്റർ എന്ന പേരിൽ മുഖ്യമന്ത്രിയെ ജനങ്ങൾക്ക് അഭിപ്രായ സർവ്വേയിലൂടെ കണ്ടെത്താമെന്നതാണ് ആപ്പിന്റെ ഗുജറാത്തിലെ പ്രചരണ തന്ത്രം.ഇതിലൂടെ പഞ്ചാബിൽ പയറ്റി തെളിഞ്ഞ അതേ തന്ത്രമാണ് ആം ആദ്മി ഗുജറാത്തിലും പുറത്തെടുക്കുന്നത്.
'വമ്പൻ റാലികളും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുമായി സംസ്ഥാനത്തായാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഗുജറാത്തിൽ എഎപി നടത്തുന്നത്.''ആളുകൾക്ക് മാറ്റം വേണം. പണപ്പെരുപ്പത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും അവർക്ക് ആശ്വാസം വേണം.
ബിജെപി ഒരു വർഷം മുൻപ് അവരുടെ മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണിയായിരുന്നു.എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നത്? വിജയ് രൂപാണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നാണോ ഇതിനർത്ഥം?'' എന്നിങ്ങനെയുള്ള കടന്നാക്രമണങ്ങളിലൂടെ ബി.ജെ പി ക്ക് ബദൽ കോൺഗ്രസ്സല്ല തങ്ങളാണ് എന്ന തരത്തിലാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആപ്പിന്റെ പ്രചരണം പുരോഗമിക്കുന്നത്.
ഭരണതുടർച്ചയ്ക്ക് ബിജെപി
ഏക സിവിൽ കോഡെന്ന കാർഡ് ഇറക്കി ഹിന്ദുവികാരം വോട്ടായി മാറുന്ന ഗുജറാത്തിൽ ഭരണം നിലനിർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.ഏക വ്യക്തിനിയമം നടപ്പാക്കാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു എന്ന വാർത്ത് സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപത്തെ അവസാന മന്ത്രിസഭായോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം.
ഇതിനായി, വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പർഷോത്തം റുപാല, സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി എന്നിവർ അറിയിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിൽ ഇത് ചർച്ചയാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെത്തും. വ്യോമസേനയ്ക്കായി ടാറ്റയും എയർബസും ചേർന്നു നിർമ്മിക്കുന്ന ചരക്കുവിമാന നിർമ്മാണശാല ഉൾപ്പെടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.ആകെ 15,000 കോടിയോളം രൂപയുടെ പദ്ധതികൾക്കാണു മോദി തുടക്കമിടുക.
പ്രചരണങ്ങളുടെ ഭാഗമല്ലെങ്കിലും ഇതും ബിജെപി യുടെ തിരഞ്ഞെടുപ്പ് തന്ത്രമായാണ് കണക്കാക്കപ്പെടുന്നത്.ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പിനൊപ്പം നടക്കേണ്ട ഗുജറാത്ത് തിരഞ്ഞെടുപ്പു വൈകിപ്പിച്ചത് ഈ പദ്ധതികൾ ആരംഭിക്കാനുള്ള സാവകാശത്തിനു വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലാണ് മോദി ഗുജറാത്തിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ആം ആദ്മി എന്ന ആശങ്കയിൽ കോൺഗ്രസ്
അതേസമയം സ്ഥാനാർത്ഥി നിർണ്ണയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കോൺഗ്രസ്സ്.കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.നവംബർ 4നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു പിന്നാലെ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.
സ്ഥാനാർത്ഥി നിർണയം ഏറക്കുറെ പൂർത്തിയായെങ്കിലും ആദ്യം ബിജെപി പ്രഖ്യാപിക്കട്ടെ എന്ന ചിന്തയിലാണ് പാർട്ടി.ബിജെപിയുടെ സ്ഥാനാർത്ഥികളെ നോക്കി അവസാനനിമിഷ മാറ്റങ്ങൾ വരുത്തുകയാണു ലക്ഷ്യം.മല്ലികാർജ്ജുൻ ഖാർഗെയുടെ പുതിയ നേതൃത്വം കൂടി വന്നതോടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസ്സിന് ഏറെ പ്രധാനപ്പെട്ടതാണ്.
സ്ഥാനാർത്ഥി നിർണയത്തിനുള്ള കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷൻ രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾ ഇന്നലെ അഹമ്മദാബാദിൽ ചേർന്നു.പാർട്ടി നിരീക്ഷകൻ അശോക് ഗെലോട്ട് ഇന്ന് അവിടെയെത്തും.പാർട്ടിയുടെ ഒരുക്കങ്ങൾക്കു ഗെലോട്ട് മേൽനോട്ടം വഹിക്കും.
എന്നാൽ സംസ്ഥാനത്തുടനീളം പ്രതിഛായയുള്ള നേതൃനിര ഇല്ലാത്തത് കോൺഗ്രസിനു തലവേദനയാണ്.മുൻവർഷങ്ങളിൽ ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടന്നിരുന്ന സംസ്ഥാനത്ത് ഇക്കുറി ആം ആദ്മി പാർട്ടിയും സജീവമായതു കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്നു.
മൂന്ന് പാർട്ടികളും പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായ ഗുജറാത്തിൽ തിരഞ്ഞെടുപ്പു പ്രഖ്യാപനം നവംബർ രണ്ടിനുണ്ടായേക്കുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ