ന്യൂഡൽഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു.രണ്ട് ഘട്ടമായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ആദ്യഘട്ടം ഡിസംബർ 1 നും രണ്ടാംഘട്ടം 5 നുമാണ് നടക്കുക.ഹിമാചലിനൊപ്പം ഗുജറാത്തിലും വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.4.9 കോടി വോട്ടർമാരാണ് ഗുജറാത്തിലുള്ളത്. ഇതിൽ 3,24,420 പേർ കന്നിവോട്ടർമാരാണ്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ മോർബി തൂക്കുപാലം അപകടം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഇആശങ്ക ബിജെപിക്കുണ്ട്.അതേ സമയം 27 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ശ്രമമാണ് കോൺഗ്രസ്സ നടത്തുന്നത്.ഇതിനിടയിൽ പഞ്ചാബ് മോഡൽ ആവർത്തിച്ചുകൊണ്ട് ഗുജറാത്തിലെ കറുത്ത് കുതിരകളാകാൻ ആം ആദ്മിയും ഇറങ്ങുമ്പോൾ ഗുജറാത്തിൽ അങ്കം മുറുകുമെന്നുറപ്പ്.

 ഭരണതുടർച്ചയ്ക്ക് ബിജെപി

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ മോർബി തൂക്കുപാലം അപകടം ആശങ്കയിലാക്കുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ഗുജറാത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.ഏക സിവിൽ കോഡെന്ന കാർഡ് ഇറക്കി ഹിന്ദുവികാരം വോട്ടായി മാറുന്ന ഗുജറാത്തിൽ ഭരണം നിലനിർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.ഏക വ്യക്തിനിയമം നടപ്പാക്കാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു എന്ന വാർത്ത് സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപത്തെ അവസാന മന്ത്രിസഭായോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം.

ഇതിനായി, വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പർഷോത്തം റുപാല, സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി എന്നിവർ അറിയിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിൽ ഇത് ചർച്ചയാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസംഗുജറാത്തിലെത്തിയിരുന്നു. വ്യോമസേനയ്ക്കായി ടാറ്റയും എയർബസും ചേർന്നു നിർമ്മിക്കുന്ന ചരക്കുവിമാന നിർമ്മാണശാല ഉൾപ്പെടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.ആകെ 15,000 കോടിയോളം രൂപയുടെ പദ്ധതികൾക്കാണു മോദി തന്റെ സന്ദർശനത്തിനിടയിൽ തുടക്കമിട്ടത്.

പ്രചരണങ്ങളുടെ ഭാഗമല്ലെങ്കിലും ഇതും ബിജെപി യുടെ തിരഞ്ഞെടുപ്പ് തന്ത്രമായാണ് കണക്കാക്കപ്പെടുന്നത്.ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പിനൊപ്പം നടക്കേണ്ട ഗുജറാത്ത് തിരഞ്ഞെടുപ്പു വൈകി പ്രഖ്യാപിച്ചത് തന്നെ ഈ പദ്ധതികൾ ആരംഭിക്കാനുള്ള സാവകാശത്തിനു വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലാണ് മോദി ഗുജറാത്തിലെത്തിയത്.

പഞ്ചാബ് ആവർത്തിക്കാൻ കെജ്രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ ശക്തമായ പ്രചാരണമാണ് ആപ്പ് നടത്തുന്നത്.ഏറ്റവുമൊടുവിലായി ചൂസ് യുവർ മിനിസ്റ്റർ എന്ന പേരിൽ മുഖ്യമന്ത്രിയെ ജനങ്ങൾക്ക് അഭിപ്രായ സർവ്വേയിലൂടെ കണ്ടെത്താമെന്നതാണ് ആപ്പിന്റെ ഗുജറാത്തിലെ പ്രചരണ തന്ത്രം.ഇതിലൂടെ പഞ്ചാബിൽ പയറ്റി തെളിഞ്ഞ അതേ തന്ത്രമാണ് ആം ആദ്മി ഗുജറാത്തിലും പുറത്തെടുക്കുന്നത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നാളെ തന്നെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന കെജ്രിവാൾ വ്യക്തമാക്കി കഴിഞ്ഞു.

'വമ്പൻ റാലികളും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുമായി സംസ്ഥാനത്തായാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഗുജറാത്തിൽ എഎപി നടത്തുന്നത്.''ആളുകൾക്ക് മാറ്റം വേണം. പണപ്പെരുപ്പത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും അവർക്ക് ആശ്വാസം വേണം.

ബിജെപി ഒരു വർഷം മുൻപ് അവരുടെ മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണിയായിരുന്നു.എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നത്? വിജയ് രൂപാണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നാണോ ഇതിനർത്ഥം?'' എന്നിങ്ങനെയുള്ള കടന്നാക്രമണങ്ങളിലൂടെ ബി.ജെ പി ക്ക് ബദൽ കോൺഗ്രസ്സല്ല തങ്ങളാണ് എന്ന തരത്തിലാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആപ്പിന്റെ പ്രചരണം പുരോഗമിക്കുന്നത്.

ആം ആദ്മി ആശങ്കയിൽ കോൺഗ്രസ്

അതേസമയം സ്ഥാനാർത്ഥി നിർണ്ണയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കോൺഗ്രസ്സ്.കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.നാളെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു പിന്നാലെ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

സ്ഥാനാർത്ഥി നിർണയം ഏറക്കുറെ പൂർത്തിയായെങ്കിലും ആദ്യം ബിജെപി പ്രഖ്യാപിക്കട്ടെ എന്ന ചിന്തയിലാണ് പാർട്ടി.ബിജെപിയുടെ സ്ഥാനാർത്ഥികളെ നോക്കി അവസാനനിമിഷ മാറ്റങ്ങൾ വരുത്തുകയാണു ലക്ഷ്യം.മല്ലികാർജ്ജുൻ ഖാർഗെയുടെ പുതിയ നേതൃത്വം കൂടി വന്നതോടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസ്സിന് ഏറെ പ്രധാനപ്പെട്ടതാണ്.

സ്ഥാനാർത്ഥി നിർണയത്തിനുള്ള കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷൻ രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾ അഹമ്മദാബാദിൽ യോഗം ചേർന്നിരുന്നു.

എന്നാൽ നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംസ്ഥാനത്തുടനീളം പ്രതിഛായയുള്ള നേതൃനിര ഇല്ലാത്തതും കോൺഗ്രസിനു തലവേദനയാണ്.മുൻവർഷങ്ങളിൽ ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടന്നിരുന്ന സംസ്ഥാനത്ത് ഇക്കുറി ആം ആദ്മി പാർട്ടിയും സജീവമായതു കോൺഗ്രസിനെ ആശങ്കയിലാഴ്‌ത്തുന്നു.

നേരത്തെ ഹിമാചൽ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ, ഗുജറാത്ത് ഇലക്ഷൻ തീയതി പ്രഖ്യാപിച്ചിരുന്നില്ല.ഹിമാചൽ പ്രദേശിൽ നവംബർ 12 നാണ് വോട്ടെടുപ്പ്.ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചതോടെ ഡിസംബർ എട്ടിന് ഇരു സംസ്ഥാനങ്ങളിലേയും ഫലമറിയാം.

ഗുജറാത്തിൽ 182 നിയമസഭാ സീറ്റുകളാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ബിജെപിയും 77 സീറ്റുകൾ കോൺഗ്രസും ആറ് സീറ്റുകൾ മറ്റു കക്ഷികളുമാണ് നേടിയത്.അടുത്ത വർഷം ഫെബ്രുവരി 18 നാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.