ന്യൂഡൽഹി:ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും.തീയതി പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്.കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളിലായാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.ഡിസംബർ രണ്ടിന് ആദ്യഘട്ടവും ഡിസംബർ അഞ്ചിനോ ആറിനോ രണ്ടാം ഘട്ടവും നടക്കുമെന്നാണ് കമ്മീഷനുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

നേരത്തെ ഹിമാചൽ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ, ഗുജറാത്ത് ഇലക്ഷൻ തീയതി പ്രഖ്യാപിച്ചിരുന്നില്ല.ഹിമാചൽ പ്രദേശിൽ നവംബർ 12 നാണ് വോട്ടെടുപ്പ്.ഡിസംബർ എട്ടിനാണ് ഹിമാചലിലെ വോട്ടെണ്ണൽ.ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ ഒരുമിച്ച് നടത്തുക എന്ന ലക്ഷ്യത്തോടെ ഡിസംബർ എട്ടിന് മുമ്പായി ഗുജറാത്ത് തെരഞ്ഞെടുപ്പും പൂർത്തിയാക്കും എന്നാണഅ ലഭിക്കുന്ന വിവരം.

27 വർഷമായി തുടരുന്ന അധികാരം നിലനിർത്താനുള്ള ശ്രമമാണ് ഗുജറാത്തിൽ ബിജെപി നടത്തുന്നത്.ഇതിനകം തന്നെ പ്രധാനമന്ത്രിയുൾപ്പടെയുള്ള നേതാക്കൾ സംസ്ഥാനത്തെത്തി പ്രചാരണ പ്രവർത്തനങ്ങൾ ആരഭിച്ചിട്ടുണ്ട്.മുൻതൂക്കം ബിജെപിക്ക് തന്നെയാണെങ്കിലും ഇത്തവണ ആം ആദ്മി പാർട്ടി കൂടി സജീവമായി രംഗത്തുവന്നതോടെ ചില മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും.

അതേസമയം കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം നടത്തിക്കൊണ്ട് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ഇതിനിടയിൽ ഇരുവർക്കും പകരം പുതിയ ബദൽ കൊണ്ടുവരാനുള്ള വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടിയും സജീവമായതോടെ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുമെന്നുറപ്പ്.

ഗുജറാത്തിൽ 182 നിയമസഭാ സീറ്റുകളാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ബിജെപിയും 77 സീറ്റുകൾ കോൺഗ്രസും ആറ് സീറ്റുകൾ മറ്റു കക്ഷികളുമാണ് നേടിയത്.അടുത്ത വർഷം ഫെബ്രുവരി 18 നാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.