- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; 19 ജില്ലകളിലെ 89 മണ്ഡലങ്ങൾ വിധിയെഴുതും; 788 സ്ഥാനാർത്ഥികൾ; ഭരണം തുടരാൻ ബിജെപി; തിരിച്ചുവരവിന് കോൺഗ്രസ്; ചുവടുറപ്പിക്കാൻ ആംആദ്മി
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. തെക്കൻ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് വ്യാഴാഴ്ച വിധിയെഴുതുക. ഭരണത്തുടർച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ബിജെപിക്കു മുന്നിൽ. തിരിച്ചുവരവിന് കോപ്പുകൂട്ടിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പഞ്ചാബിന് പിന്നാലെ ഗുജറാത്തിലും ചുവടുറപ്പിക്കുകയാണ് ആംആദ്മി പാർട്ടിയുടെ ലക്ഷ്യം.
വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നീ പ്രദേശങ്ങളിലെ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 788 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിൽ 70 പേർ വനിതകളാണ്. 2,39,76,760 പേരാണ് ആദ്യഘട്ടത്തിൽ വോട്ടവകാശം വിനിയോഗിക്കുക.
തെരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ വൻവിജയം നേടി ഭരണതുടർച്ച ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവർത്തനം. പുറത്തുവന്ന വിവിധ സർവേകളും ബിജെപി അധികാരത്തിൽ തുടരുമെന്ന് പ്രവചിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ,കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തിരുന്നു.
ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ നിരവധി മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പട്ടികയിലുള്ളത്. ബിജെപിയെ അട്ടിമറിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ ഗുജറാത്തിൽ നിർണ്ണായക സ്വാധീനം ആവാൻ സാധിക്കുമെന്ന് വിശ്വാസം ആംആദ്മിക്കും ഉണ്ട്. ഡിസംബർ 5ന് ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക.
ഗുജറാത്ത് നിയമസഭയിലേക്ക് ഇതുവരെ നടന്ന പോരാട്ടങ്ങൾ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു. എന്നാൽ ഇക്കുറി ഒരു മൂന്നാമൻ കൂടിയുണ്ട്- ആം ആദ്മി പാർട്ടി. എ.എ.പിയുടെ രംഗപ്രവേശത്തോടെ മത്സരം കടുക്കുകയാണ്. പഞ്ചാബിനു പിന്നാലെ ഗുജറാത്തിലും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ എ.എ.പിക്ക് സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ദേശീയരാഷ്ട്രീയം. ആകെയുള്ള 182 മണ്ഡലങ്ങളിൽ 181 ഇടത്തും എ.എ.പിക്ക് സ്ഥാനാർത്ഥികളുണ്ട്. തൂക്കുപാലദുരന്തം നടന്ന മോർബിയും ഒന്നാംഘട്ടത്തിലാണ് വിധിയെഴുതുന്നത്.
എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇശുദാൻ ഗഢ്വി, മുന്മന്ത്രി പുരുഷോത്തം സോളങ്കി, കൻവർജി ബാവലിയ, കാന്തിലാൽ അമൃതിയ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, എ.എ.പി. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇടാലിയ തുടങ്ങിയവരാണ് ആദ്യഘട്ട മത്സരരംഗത്തെ പ്രമുഖർ.
മായാവതിയുടെ ബി.എസ്പി. ആദ്യഘട്ടത്തിൽ 57 സ്ഥാനാർത്ഥികളെയാണ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. ഭാരതീയ ട്രൈബൽ പാർട്ടി (ബി.ടി.പി.)യുടെ 14-ഉം സമാജ്വാദി പാർട്ടിയുടെ 12-ഉം സിപിഎമ്മിന്റെ നാലും സിപിഐയുടെ രണ്ട് സ്ഥാനാർത്ഥികളും ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ