ന്യൂഡൽഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഗുജറാത്തിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാണ്. ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഒത്തിനൊപ്പമാണ് മുന്നേറുന്നത്. എങ്കിലും നേരിയ മുൻതൂക്കം ബിജെപിക്കാണ്.

ഫലങ്ങൾ ഇങ്ങനെ:

ഗുജറാത്ത്

ബിജെപി- 127
കോൺഗ്രസ് -39
ആം ആ്ദ്മി -4

ഹിമാചൽ പ്രദേശ്

ബിജെപി- 39
കോൺഗ്രസ് -27
മറ്റുള്ളവർ- 2

ഗുജറാത്തിൽ എക്‌സിറ്റ് പോൾഫലങ്ങൾ വൻഭൂരിപക്ഷം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ബിജെപി. അത് ശരിവെക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതും. കോൺഗ്രസിന്റെ സീറ്റുകൾ 16-51 എന്ന നിലയിലേക്ക് താഴുമെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്. ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനം ഭരണകക്ഷിയായ ബിജെപി.യെയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും ഇവിടെ വിജയിച്ചു കയറാൻ സാധിക്കുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന മെയിൻപുരി ലോക് സഭാമണ്ഡലത്തിലും അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭാമണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും വ്യാഴാഴ്ച അറിയാം. മെയിൻപുരിയിൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവാണ് മത്സരിക്കുന്നത്.

ഗുജറാത്തിൽ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിന് സജ്ജമാക്കിയിട്ടുള്ളത്. 182 നിരീക്ഷകർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിങ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി വീണ്ടും അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്. അതേസമയം ഡൽഹിക്കും പഞ്ചാബിനും പുറമേ, ഗുജറാത്തും പിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്ന ആം ആദ്മിക്ക് തുടക്കം പിഴച്ചിട്ടുണ്ട്. ശക്തമായ പ്രചാരണമാണ് എഎപി ഗുജറാത്തിൽ കാഴ്ചവെച്ചത്. ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും മത്സരരംഗത്ത് ശക്തമായുണ്ട്.