- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന് ഓർക്കാപ്പുറത്ത് ഒരടി
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ഏക രാജ്യസഭാ സീറ്റിൽ ബിജെപിക്ക് അട്ടിമറി ജയം. 68 അംഗ സഭയിൽ 25 എംഎൽഎമാർ മാത്രമുള്ള ബിജെപി ജയം കൈപ്പിടിയിൽ ഒതുക്കിയത് കോൺഗ്രസ് എംഎൽഎമാരുടെ ക്രോസ് വോട്ടിങ്ങിന്റെ ഫലമായാണ്. ഒടുവിൽ തുല്യ വോട്ട് വന്നതോടെ, നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.
ഇതു വെറും അട്ടിമറി ജയമോ, സീറ്റ് നഷ്ടമോ മാത്രമല്ല, കോൺഗ്രസ് സർക്കാരിനെ കാത്തിരിക്കുന്നത് അവിശ്വാസ പ്രമേയമാണ്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്ന് ഇപ്പോൾ അപകടാവസ്ഥയിലായിരിക്കുന്നു. അതും ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ.
ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജനോടാണ് കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് സിങ്വി തോറ്റത്. 34- 34 വോട്ടുകൾ ഇരു പാർട്ടിക്കും ലഭിച്ചു. ഈ സാഹചര്യത്തിലായിരുന്നു നറുക്കെടുപ്പ് ആവശ്യമായി വന്നത്. അതേസമയം, ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു.
പ്രശ്നത്തിന്റെ നിയമവശം പരിശോധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. 34 വോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂറും പ്രതികരിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സ്ഥാനം സുഖ്വിന്ദർ സിങ് സുഖു രാജിവെക്കണം. ഒറ്റ വർഷം കൊണ്ട് എംഎൽഎമാർ മുഖ്യമന്ത്രിയെ കയ്യൊഴിഞ്ഞു. ഹിമാചലിലേത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിജയമാണെന്നും ജയ്റാം ഠാക്കൂർ പറഞ്ഞു.
തന്നിൽ വിശ്വാസം അർപ്പിച്ച കോൺഗ്രസ് നേതൃത്വത്തിന് നന്ദിയെന്നായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിങ്വിയുടെ പ്രതികരണം. ചില കോൺഗ്രസ് എംഎൽഎമാർ ഇവിടെ ഇല്ല. ഒപ്പം ഭക്ഷണം കഴിച്ചവരിൽ ചിലരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. തനി നിറം കാണിച്ച 9 എംഎൽഎമാർക്ക് നന്ദി. നറുക്കെടുത്താണ് വിജയിയെ തീരുമാനിച്ചത്. ഇന്നലെ അർധരാത്രിവരെ കൂറുമാറിയവരടക്കം തന്നോട് ഒപ്പമുണ്ടായിരുന്നു. ക്രോസ് വോട്ട് ചെയ്ത രണ്ട് പേർ തന്നോടൊപ്പം പ്രഭാത ഭക്ഷണത്തിന് പോലും ഉണ്ടായിരുന്നുവെന്നും സിങ്വി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റേത് അസാധാരണ നടപടിയാണ്. നറുക്കെടുക്കുന്നയാളുടെ പേര് തോറ്റതായി പ്രഖ്യാപിച്ചു. തന്റെ പേരാണ് നറുക്കെടുത്തതെന്നും അഭിഷേക് സിങ്വി പറഞ്ഞു.
40 എംഎൽഎമാരുള്ള കോൺഗ്രസിന് തങ്ങളുടെ സ്ഥാനാർത്ഥിയെ പുഷ്പം പോലെ ജയിപ്പിക്കാമായിരുന്നു. എന്നാൽ, ക്രോസ് വോട്ടിങ് വലിയ പണിയാണ് കോൺഗ്രസിന് കൊടുത്തത്. ബിജെപി വ്യാഴാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. ആറ് കോൺഗ്രസ് എംഎൽഎമാർ വോട്ടിങ്ങിനിടെ ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറ്റിയെന്ന് സുഖ്വിന്ദർ സിങ് സുഖു ആരോപിക്കുന്നു. 5-6 എംഎൽഎമാരെ ഹരിയാന പൊലീസിന്റെയും സിആർപിഎഫിന്റെയും വാഹന വ്യൂഹത്തിൽ കടത്തി കൊണ്ടുപോയെന്നാണ് ആരോപണം. ഓർക്കാപ്പുറത്ത് അടി കിട്ടിയതോടെ, ബിജെപിയുടെ ആദർശരാഹിത്യത്തെ പഴിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.