ഷിംല: ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. അഞ്ച് മണി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 65.92 ശതമാനമാണ് പോളിങ്. 2017 ൽ 76.6 ശതമാനമായിരുന്നു പോളിങ്.വോട്ടെടുപ്പിനായി സംസ്ഥാനത്ത് 7,884 പോളിങ് സ്റ്റേഷനുകൾ സജീകരിച്ചിരുന്നു.55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

രാവിലെ എട്ടിനു തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 5.30ന് അവസാനിച്ചു. 55 ലക്ഷത്തിലേറെ പേർക്ക് സമ്മതിദാനാവകാശമുള്ള സംസ്ഥാനത്ത് 68 നിയമസഭാസീറ്റുകളിലേക്കായി 412 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഫലമറിയാൻ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ഡിസംബർ എട്ടുവരെ കാത്തിരിക്കണം.

ജയ്‌റാം ഠാക്കൂർ നയിക്കുന്ന ബിജെപി. സർക്കാരിന് തുടർഭരണം ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 68.5 ശതമാനമാണ് അവസാനമായി രേഖപ്പെടുത്തിയ പോളിങ്. ഔദ്യോഗികമായി അന്തിമ പോളിങ് തിരഞ്ഞെടുപ്പ് കമ്മിഷൻ രാത്രിയോടെ പ്രഖ്യാപിക്കും.

നാല് പതിറ്റാണ്ടോളമായി ഹിമാചലിൽ തുടർഭരണമില്ല. ആ ചരിത്രം മാറ്റി കുറിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ചരിത്രം ആവർത്തിക്കുമെന്ന് കോൺഗ്രസും അവകാശപ്പെടുന്നു. ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ഹോം ഗ്രൗണ്ടായ ഹിമാചലിൽ പാർട്ടിയുടെ വിജയം അദ്ദേഹത്തിന്റെ അഭിമാനപ്രശ്നം കൂടിയാണ്. എന്നാൽ വിമതരാണ് ബിജെപിക്ക് പ്രധാന വെല്ലുവിളി. സംസ്ഥാനത്ത് 21 സീറ്റകളിൽ ഇത്തവണ വിമത ഭീഷണിയുണ്ട്.

ലോകത്തിലെ ഏറ്റവും ഉയർന്ന പോളിങ് സ്റ്റേഷനിൽ 98.08% പോളിങ് രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതിയിലെ പോളിങ് സ്റ്റേഷനായ തഷിഗാങ്ങിലാണ് 52 വോട്ടർമാരിൽ 51 പേരും വോട്ട് രേഖപ്പെടുത്തിയത്. ശൈത്യകാലം തുടങ്ങിയതിനാൽ വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ പോളിങ് സ്റ്റേഷനുകളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.

ഹിമാചർപ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ, പിസിസി അദ്ധ്യക്ഷ പ്രതിഭ സിങ്,മുൻ മുഖ്യമന്ത്രി പികെ ധുമ്മൽ ,മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ ,ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയ പ്രമുഖരും സമ്മതിദാനാവകാശം വിനിയോഗിച്ചു.

തുടർഭരണത്തിനായി ബിജെപിയും ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലുള്ള കോൺഗ്രസുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ആംആദ്മിയും മത്സര രംഗത്തുണ്ട്. നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.