- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'
കൊച്ചി: കേരളാ മുഖ്യമന്ത്രിയെ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അറസ്റ്റു ചെയ്യുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഏറ്റുപിടിച്ചു ബിജെപി ഇന്ത്യാമുന്നണിക്കെതിരെ പ്രയോഗിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോദിയുടെ വാക്കുകൾ ആയുധമാക്കി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വിഷയം ആയുധമാക്കി രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കേന്ദ്ര ഏജൻസികളിലൊന്ന് ഉടൻ തന്നെ പിണറായി വിജയനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായിയുടെ അറസ്റ്റിനെ പിന്നീട് രാഹുൽ ഗാന്ധി പിന്തുണക്കരുതെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഒരു മലയാളം ചാനലിനോടായിരുന്നു ഹിമന്ദയുടെ പ്രതികരണം.
കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു അസം മുഖ്യമന്ത്രി. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ ധാരണയിലാണ് എന്ന രാഹുൽ ഗാന്ധിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ മറുപടി. നേരത്തെ അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു. പിന്നീട് കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാണിച്ചു. അതേ കാര്യമാകും ഇവിടെയും സംഭവിക്കുക. പിണറായി വിജയനെ അറസ്റ്റ് ചെയ്താൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുന്ന പിണറായി വിജയന് അനുകൂലമായ നിലപാട് എടുക്കുമോ എന്നും അസം മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും ഹിമന്ത ബിശ്വ ശർമ്മ പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ പരാമർശം മുസ്ലിങ്ങൾക്കെതിരല്ല. രാജ്യത്തിന്റെ സമ്പത്ത് എല്ലാവർക്കുമുള്ളത്, ഒരു വിഭാഗത്തിനുള്ളതല്ല. വർഗ്ഗീയ പരാമർശം നടത്തിയത് കോൺഗ്രസാണെന്നും നരേന്ദ്ര മോദിയല്ലെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങൾ നരേന്ദ്ര മോദിക്കായി വോട്ട് ചെയ്തു. രാജ്യത്തിന്റെ ഭാവി ബിജെപിയിലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് വാങ്ങാനല്ല, രാജ്യത്തിന് നൽകാൻ കേരളം ശ്രമിക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്കെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. മോദിയെ പേരെടുത്ത് വിമർശിക്കുന്നതിൽ മതിയായ ജാഗ്രത മുഖ്യമന്ത്രി പുലർത്തിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. തിരുവനന്തപുരത്തെ യോഗത്തിൽ പിണറായിക്കും മകൾക്കും എതിരായ കേസുകളെ കുറിച്ച് മോദി പരാമർശം നടത്തിയിട്ടും വേണ്ട രീതിയിൽ മുഖ്യമന്ത്രി പ്രതിരോധിച്ചില്ലെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയെ വിമർശിക്കാതെ തന്നെ മാത്രം ലക്ഷ്യമിടുന്നതിനെതിരെ കണ്ണൂരിലെ യോഗത്തിൽ രാഹുൽ ആഞ്ഞടിച്ചത്.
ബിജെപിയുമായി കേരളത്തിലെ ഇടത് മുന്നണിക്ക് ഏതെങ്കിലും തരത്തിലുള്ള രഹസ്യ ധാരണകളുണ്ടോ എന്ന ചോദ്യമാണ് രാഹുൽ തന്റെ പ്രസംഗത്തിലൂടെ ഉയർത്തിയത്. ഇത് തെരഞ്ഞെടുപ്പിൽ ചർച്ചയായതോടെ രാഹുലിനെതിരെ സിപിഎം നേതാക്കൾ രംഗത്ത് വരികയും ചെയ്തു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന ചോദ്യമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉന്നയിച്ചത്. രാഹുലിന്റെയും മോദിയുടെയും പരാമർശങ്ങളും പിണറായി നൽകിയ മറുപടികളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാഹുലിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗം:
"ഞാൻ ബിജെപിക്കും ആർ.എസ്.എസിനും എതിരെ പോരാടി കൊണ്ടിരിക്കുകയാണ്. അവർ എന്നെ എന്ത് ചെയ്താലും പോരാട്ടം തുടരും. എനിക്ക് അവരുമായി ആശയപരമായ എതിർപ്പുണ്ട്. ബിജെപിയെ ആർ.എസ്.എസിനെയും എന്താണ് അസ്വസ്ഥതപ്പെടുത്താൻ പോകുന്നതെന്ന് എല്ലാ ദിവസവും രാവിലെ ഞാൻ ആലോചിക്കാറുണ്ട്. ഞാൻ പാർലമെന്റിലേക്ക് പോകുമ്പോൾ അവിടെയുള്ള ബിജെപി എംപിമാർ എന്നെ നോക്കിയിട്ട് ഈ മനുഷ്യൻ 24 മണിക്കൂറും ഞങ്ങളെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് പറയും. ഇതിന് എനിക്ക് വില കൊടുക്കേണ്ടി വരുന്നുണ്ട്.
ബിജെപി-ആർ.എസ്.എസ് അനുകൂല മാധ്യമങ്ങളും ചാനലുകളും തന്നെ 24 മണിക്കൂറും അധിക്ഷേപിക്കുകയാണ്. രാജ്യത്ത് എന്റെ പ്രതിച്ഛായ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ ലോക്‌സഭ അംഗത്വം അവർ എടുത്തുകൊണ്ടു പോയി. അദാനിക്കെതിരെ പ്രസംഗിച്ചപ്പോൾ എന്നെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി. ദിവസം 12 മണിക്കൂർ വീതം 55 മണിക്കൂർ എന്നെ ഇ.ഡി ചോദ്യം ചെയ്തു. എന്നെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ സമയത്തും ഞാൻ സന്തോഷവാനായിരുന്നു. അത്തരത്തിലെ കൊള്ളരുതാത്ത വീട് എനിക്ക് വേണ്ടെന്ന് പറഞ്ഞു. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് വീടുകൾ എനിക്കുണ്ട്. കേരളത്തിലെയും ഉത്തർ പ്രദേശിലെയും ജനങ്ങളുടെ മനസിൽ എനിക്ക് വീടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് കേരളത്തിലൂടെ കശ്മീരിലേക്ക് നാലായിരം കിലോമീറ്റർ ഞാൻ നടന്നു. ഇപ്പോഴും എന്റെ ഒരു മുട്ടിന് വേദനയുണ്ട്.
'ബിജെപിയെ ഇത്രയും എതിർക്കുമ്പോൾ എനിക്ക് സംഭവിക്കുന്നതിനെ കുറിച്ച് ഞാൻ പറഞ്ഞു. എന്നാൽ, എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ സംഭവിക്കാത്തത് എന്നതിൽ എനിക്ക് സംശയമുണ്ട്. എന്തുകൊണ്ട് അദ്ദേഹത്തിന്റെ നിയമസഭ അംഗത്വം എടുത്തു കൊണ്ടു പോകാത്തത്?. എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി എടുത്തുകൊണ്ട് പോകുന്നില്ല?. എന്തുകൊണ്ടാണ് ഇ.ഡിയും സിബിഐയും അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്?. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സംഭവിക്കാത്തത്?. രണ്ടാമത്തെ ചോദ്യം ഇതാണ്... ഞാൻ രാവും പകലും ബിജെപിയെ കടന്നാക്രമിക്കുന്നു. എന്നാൽ, കേരള മുഖ്യമന്ത്രി രാവും പകലും എന്നെ കടന്നാക്രമിക്കുകയാണ്. ഇത് എന്താണ് ഒരു പസിൽ പോലെ എനിക്ക് മനസിലാകുന്നില്ല.
താൻ ബിജെപിക്കെതിരെ ആശയപരമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണെന്ന് കേരള മുഖ്യമന്ത്രി പറയുന്നു. ബിജെപിക്കെതിരെ ആശയപരമായ ഒരു പോരാട്ടം നടത്തുമ്പോൾ നിങ്ങൾക്കെതിരെ അവർ സാധ്യമായതെല്ലാം നടത്തുമെന്ന് എനിക്കറിയാം. അത് കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ സംഭവിക്കുന്നില്ല. ഇവിടെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പറയുന്നു. എന്നാൽ, കേരളത്തിൽ അഴിമതിയുടെ പ്രശ്‌നങ്ങളുണ്ട്. കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ട കാര്യമാണിത്. ബിജെപിയെ ആരെങ്കിലും സത്യസന്ധമായി ആക്രമിച്ചാൽ ബിജെപി അവരുടെ പുറകെയായിരിക്കും. ബിജെപി ഇ.ഡിയെയും സിബിഐയെയും അടക്കം സാധ്യമായതെല്ലാം ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്ന കാര്യം നിങ്ങൾ മനസിലാക്കണം'."
രാഹുലിന് പിണറായിയുടെ മറുപടി:
ബിജെപി ആക്ഷേപിക്കുന്ന പേര് ഓർമപ്പെടുത്തിയാണ് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായി പരിഹസിച്ചത്. രാഹുൽ ഗാന്ധി നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നുവെന്നാണ് കരുതിയതെന്നും പിണറായി പറഞ്ഞു.