- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേഠിയിൽ മൽസരിക്കാൻ താൽപ്പര്യം അറിയിച്ചു റോബർട്ട് വാദ്ര
ന്യൂഡൽഹി: യുപിഎ സർക്കാറിലെ അദൃശ്യനായ അധികാര ശക്തിയായിരുന്നു റോബർട്ട് വാദ്ര എന്ന വ്യവസായി. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ വാദ്ര അക്കാലത്ത് ദുരൂഹമായ ഇടപെടുകളുടെ കേന്ദ്രമായിരുന്നു. കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരം നഷ്ടമായതിന് ശേഷം ഇഡി വാദ്രയെ തേടിയെത്തി. അറസ്റ്റിലായി അഴിക്കുള്ളിൽ കിടക്കുന്ന സാഹചര്യവും ഉണ്ടായി. കുറച്ചുകാലമായി ഉത്തർപ്രദേശിലെയും ഹരിയാനയിലെയും രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്തി വരികയായിരുന്ന വാദ്ര തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപ്പര്യം അറിയിച്ചു രംഗത്തുവന്നു.
അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിക്കെതിരെ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര രംഗത്തുവന്നത്. അമേഠിയിലെ ജനങ്ങൾ താൻ മൽസരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സിറ്റിങ് എംപിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുന്നുവെന്നും വാദ്ര പറഞ്ഞു.
"അവിടുത്തെ ജനങ്ങൾ തങ്ങൾക്കു പറ്റിയ തെറ്റ് മനസിലാക്കിയിരിക്കുന്നു. ഗാന്ധി കുടുംബത്തിലെ ഒരാൾ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ഇപ്പോൾ അവർ ആഗ്രഹിക്കുന്നത്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ മൽസരിക്കാൻ അമേഠി തിരഞ്ഞെടുക്കണമെന്നാണ് അവിടുത്തെ ജനങ്ങൾ ആവശ്യപ്പെടുന്നത്. 1999ൽ പ്രിയങ്കയ്ക്കൊപ്പം എന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും അമേഠിയിലായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു.'- വാദ്ര പറഞ്ഞു.
പതിറ്റാണ്ടുകളായി ഗാന്ധികുടുംബത്തിന്റെ മണ്ഡലമായിരുന്ന അമേഠി. എന്നാൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. 2004, 2009, 2014 തിരഞ്ഞെടുപ്പുകളിൽ രാഹുൽ തുടർച്ചയായി അമേഠിയിൽ വിജയിച്ചിരുന്നു. രാഹുൽ ഇക്കുറി വയനാട്ടിൽനിന്നാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുന്നത്.
അമേഠിയിലും രാഹുൽ മൽസരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. റായ്ബറേലിയിലെ സിറ്റിങ് എംപിയായ സോണിയാ ഗാന്ധി രാജ്യസഭയിലേക്കു മാറിയിരുന്നു. റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധി മൽസരിക്കുമെന്ന അഭ്യൂഹവും നിലവിലുണ്ട്. ഇതിനിടെയാണ് വാദ്ര മത്സര രംഗത്തിറങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു രംഗത്തുവന്നത്. അതേസമയം വാദ്രയുടെ ആഗ്രഹത്തോട് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. സോണിയ ഗാന്ധി അടക്കമുള്ളവർ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
ഉത്തർപ്രദേശിലും ഹരിയാനയിലും വാദ്രയുടെ ഇടപെടലുകൾ ഉണ്ടായിരുന്നു. ഉത്തർപ്രദേശിൽ ദയനീയ തോൽവിക്ക് ഇടയാക്കിയതിലും വാദ്രയുടെ ശിങ്കിടികൾ സ്ഥാനത്ത് എത്തിയതാണെന്ന ആരോപണവും മുമ്പ് ഉയർന്നിരുന്നു. ഇതിന് മുമ്പും റോബർട്ട് വാദ്ര രാഷ്ട്രീയ പ്രവേശനത്തിന് താൽപ്പര്യമുണ്ടെന്ന് അറിയിച്ചു രംഗത്തുവന്നിരുന്നു. അന്ന് അളിയന്റെ മോഹം രാഹുലിന് തീരെ പിടിച്ചിരുന്നില്ല. ഇത്തരം അഭിപ്രായങ്ങൾ വാദ്ര നടത്തരുതെന്ന് കർശന നിർദ്ദേശവും നൽകിയിരുന്നു.
മന്മോഹൻ സിങ് അധികാരത്തിലെത്തിയപ്പോൾ വാദ്ര നടത്തിയ പല വഴിവിട്ട നീക്കവും കോൺഗ്രസിന് തിരിച്ചടിയായിരുന്നു. ഭരണം നഷ്ടമാകാനും വാദ്ര ഫാക്ടർ കാരണമായി. ഇതെല്ലാം മനസ്സിലാക്കിയാണ് 'അളിയനെ' രാഷ്ട്രീയത്തിൽ നിന്ന് രാഹുൽ ബോധപൂർവ്വം അകറ്റിയത്. ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്.
ഡൽഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. കേസിൽ റോബർട്ട് വാദ്രയെയും അമ്മയേയും ജയ്പൂരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വധേരയും കൂട്ടരും അമിത ലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വധേരക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തത്. ഇതിന് സമാനമായി നിരവധി ആരോപണങ്ങൾ വാദ്രയ്‌ക്കെതിരെ ഉണ്ട്.