ന്യൂഡൽഹി: ജയിലിൽ നിന്ന് പുറത്തിറങ്ങിയ പാടേ, ബിജെപിയുടെ പാളയത്തിലേക്ക് പട നയിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ' ആരായിക്കും നിങ്ങളുടെ പ്രധാനമന്ത്രി? കെജ്രിവാൾ ബിജെപി അനുയായികളോട് ചോദിച്ചു. ബിജെപി അധികാരത്തിൽ മടങ്ങി വന്നാൽ, 2025 ന് ശേഷം നരേന്ദ്ര മോദിയല്ല, അമിത് ഷാ ആയിരിക്കും രാജ്യത്തെ നയിക്കുക എന്നും കെജ്രിവാൾ പറഞ്ഞു.

' ഇക്കൂട്ടർ ചോദിക്കുന്നു, ആരായിരിക്കും നിങ്ങളുടെ പ്രധാനമന്ത്രി എന്ന്. ഞാൻ ബിജെപിയോട് ചോദിക്കുന്നു, ആരായിരിക്കും നിങ്ങളുടെ പ്രധാനമന്ത്രിയെന്ന്? അടുത്ത വർഷം സെപ്റ്റംബറിൽ മോദിക്ക് 75 വയസ് തികയും. 75 വയസ് കഴിഞ്ഞ പാർട്ടി അംഗങ്ങൾ വിരമിക്കണമെന്ന് മോദി തന്നെയാണ് നിഷ്ഠ വച്ചത്. അതുകൊണ്ട് അടുത്ത വർഷം മോദിക്ക് വിരമിക്കേണ്ടി വരും. മോദിയുടെ ഗ്യാരന്റികൾ ആരു നടപ്പാക്കും? അമിത് ഷാ അത് നിറവേറ്റുമോ? നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ ഓർക്കുക, അത് അമിത് ഷായ്ക്ക് വേണ്ടിയാണ്, മോദിക്ക് വേണ്ടിയല്ല', കെജ്രിവാൾ പറഞ്ഞു.

മോദിക്ക് അപകടകരമായ പദ്ധതിയുണ്ടെന്നും, സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച മുതിർന്ന നേതാക്കളെ ഒതുക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ഒരുരാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ അപകടകരമായ പദ്ധതി.

പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഘട്ടമായി ബിജെപി നേതാക്കളെ മോദി ആക്രമിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

"എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാൽ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല. അതിനുവേണ്ടി ഞങ്ങളുടെ നാലുനേതാക്കളെ അദ്ദേഹം ജയിലിൽ അയച്ചു. ഇത്തരം പാർട്ടികളുടെ നാല് നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി ഇല്ലാതാകും. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എഎപിയെ ഇല്ലാതാക്കാനാണ്. എന്നാൽ ആം ആദ്മി പാർട്ടി എന്നുള്ളത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം അത് വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രി സ്വയം വിശ്വസിക്കുന്നത് എഎപിയാണ് രാജ്യത്തിന്റെ ഭാവിയെന്നാണ്." കേജ്രിവാൾ പറഞ്ഞു.

മോദിയെ ഏകാധിപതിയെന്നും കേജ്രിവാൾ വിശേഷിപ്പിച്ചു. "ജനാധിപത്യം ഇല്ലാതാക്കാനാണ് ഏകാധിപതിയായ മോദി ശ്രമിക്കുന്നത്. ഞാൻ ഏകാധിപത്യം ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ എന്നെക്കൊണ്ടു തനിയെ അതിനു സാധിക്കില്ല. ഏകാധിപതിയിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ 140 കോടി ജനങ്ങളുടെ പിന്തുണ ഞാൻ തേടുകയാണ്. രാജ്യം മുഴുവൻ സഞ്ചരിക്കാൻ സുപ്രീംകോടതി എനിക്ക് 21 ദിവസം നൽകിയിരിക്കുകയാണ്. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന് വേണ്ടിയുള്ളതാണ്.

മോദി അധികാരത്തിൽ വരികയാണെങ്കിൽ പ്രതിപക്ഷ നേതാക്കളായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്. പിണറായി വിജയൻ, ഉദ്ധവ് താക്കറെ എന്നിവർ ജയിലിലാകും. എൽ.കെ. അഡ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും രാഷ്ട്രീയം അവസാനിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യോഗി ആദിത്യനാഥിനെ മോദി ഒതുക്കും. രണ്ടുമാസത്തിനുള്ളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി മാറും" കേജ്രിവാൾ പറഞ്ഞു.

നേരത്തെ ഭാര്യ സുനിതയ്ക്ക് ഒപ്പ െകെജ്രിവാൾ ഹനുമാൻ മന്ദിർ ക്ഷേത്ര ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാർട്ടിയിലെ(എഎപി) മറ്റു നേതാക്കളും കേജ്രിവാളിനൊപ്പം ക്ഷേത്ര ദർശനത്തിൽ പങ്കെടുത്തു. കനത്ത പൊലീസ് നിയന്ത്രണം ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നുവെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിരവധി എഎപി പ്രവർത്തകരാണു ക്ഷേത്രത്തിനു സമീപം തടിച്ചുകൂടിയത്.

മെയ് 13 ന് നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, രാജ്യവ്യാപകമായി എഎപി കെജ്രിവാളിനെ ഉയർത്തിക്കാട്ടും. മെയ് 25 നാണ് ഡൽഹിയിലെ 7 ലോക്‌സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ്. സത്യം വിജയിച്ചു എന്ന് വിശേഷിപ്പിച്ച് കൊണ്ട് എഎപി മാത്രമല്ല, ഇന്ത്യ സഖ്യം പാർട്ടികളും കെജ്രിവാളിന്റെ തിരിച്ചുവരവ് ആഘോഷിച്ചു.

'സത്യത്തെ തോൽപ്പിക്കാനാവില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ഏകാധിപത്യം അവസാനിക്കും. സത്യമേവ ജയതേ', എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് എക്‌സിൽ പോസ്റ്റ് ചെയ്തു.

എന്നാൽ, കെജ്രിവാളിന്റെ ജയിൽ മോചനം വലിയ കാര്യമല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. ' ഇത് സ്ഥിരം ജാമ്യമല്ല. ഇടക്കാല ജാമ്യമാണ്. അദ്ദേഹത്തിന് പ്രചാരണത്തിന് പോകാമെങ്കിലും, ഓരോ തവണ അദ്ദേഹം ഇറങ്ങുമ്പോഴും, ആളുകൾക്ക് എക്‌സൈസ് അഴിമതിയെ കുറിച്ച് ഓർമ വരും,അമിത് ഷാ പറഞ്ഞു.