- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാ സഖ്യം 295 സീറ്റുകൾ നേടുമെന്ന് ഖാർഗെ
ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതിന് തൊട്ടും മുമ്പായി ന്യൂഡൽഹിയിൽ യോഗംചേർന്ന് ഇന്ത്യ മുന്നണി നേതാക്കൾ. മുന്നണിയുടെ സാധ്യതകളാണ് സഖ്യനേതാക്കൾ ചർച്ച ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതിപക്ഷ സഖ്യകക്ഷികളുടെ നിർണായക യോഗം ചേർന്നത്. കെജ്രിവാൾ, രാഘവ് ഛദ്ദ, അഖിലേഷ് യാദവ്, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെ 23 പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
വിവിധ പാർട്ടികൾ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് 295 സീറ്റ് നേടുമെന്ന വിലയിരുത്തിയത്. സർക്കാർ സർവേയല്ല ഇത്. എൻഡിഎ 235 സീറ്റുകളിൽ കൂടുതൽ നേടില്ലെന്നും ഖാർഗെ പറഞ്ഞു. കൗണ്ടിങ്ങ് ദിനത്തിൽ ജാഗ്രത പാലിക്കണമെന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകും. ഇന്ത്യ സഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണ്. ഐക്യത്തോടെ സഖ്യം മുന്നോട്ടുപോകുമെന്നും ഖർഗെ പറഞ്ഞു.
മമത ബാനർജിയും എംകെ സ്റ്റാലിനും യോഗത്തിൽ പങ്കെടുത്തില്ല. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ലെന്ന് മമത മുൻകൂട്ടി വ്യക്തമാക്കിയിരുന്നു. ഡി.എം.കെയെ പ്രതിനിധീകരിച്ച് ടി.ആർ ബാലു യോഗത്തിൽ പങ്കെടുത്തു. വോട്ടെണ്ണൽ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യ മുന്നണി യോഗം ചേരുന്നതിന്റെ വീഡിയോ മല്ലികാർജുൻ ഖാർഗെ എക്‌സിൽ പങ്കുവെച്ചിരുന്നു.
പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല, എല്ലാ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയിലാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സർവ്വശക്തിയുമുപയോഗിച്ച് പോരാടി, ജനങ്ങൾ തങ്ങളെ പിന്തുണച്ചതിനാൽ നല്ല ഫലമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായുള്ള എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന തീരുമാനം കോൺഗ്രസ് പിൻവലിച്ചു. ഇന്ത്യാ സഖ്യത്തിന്റെ ഡൽഹിയിൽ നടന്ന യോഗത്തിനു ശേഷമാണ് തീരുമാനം. ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. തോൽവി സമ്മതിച്ചാണ് കോൺഗ്രസ് എക്‌സിറ്റ് പോൾ ചർച്ചകളിൽ നിന്നും പിന്മാറിയതെന്നായിരുന്നു ബിജെപി ആരോപണം.
മാധ്യമങ്ങളിലെ എക്സിറ്റ് പോൾ ചർച്ചകളിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്മെന്റ് ചെയർമാൻ പവൻ ഖേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വോട്ടെടുപ്പ് പൂർത്തിയായി, വിധി നിശ്ചിതമാണ്. ജൂൺ നാലിന് ഫലം വരും. അതിനുമുമ്പ് നടക്കുന്ന ടെലിവിഷൻ റേറ്റിങ്ങിനുവേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടിയുദ്ധത്തിലും പങ്കാളിയാവാൻ ഒരുകാരണവും കാണുന്നില്ല എന്നായിരുന്നു പവൻ ഖേര എക്സിൽ കുറിച്ചത്. എന്നാൽ, കോൺഗ്രസ് ഈ തീരുമാനം മാറ്റിയതും ശ്രദ്ധേയമാണ്.